സിനിമാ ലോകത്ത് നിന്നും തനിക്ക് നേരിട്ട അപമാനങ്ങൾ വെളിപ്പെടുത്തി സംവിധായകൻ കൃഷ് കൈമൾ. ഓലപ്പീപ്പി എന്ന ആദ്യചിത്രത്തിലൂടെ ശ്രദ്ധേയനായ കൃഷ് കൈമൾ ഒരുക്കുന്ന പുതിയ ചിത്രമാണ് ‘ആഷിഖ് വന്ന ദിവസം’. സ്വന്തം ചിത്രം തിയറ്ററുകളിലെത്തുന്നത് സമൂഹ മാധ്യമങ്ങളിലൂടെ മാത്രം അറിഞ്ഞ സംവിധായകന്റെ കുറിപ്പ് ചർച്ചയാകുന്നു.
സിനിമയുടെ നിർമാതാവ് കാണിച്ച എല്ലാ അപമര്യാദകൾക്കും സഹപ്രവർത്തകരോട് താൻ ക്ഷമ ചോദിക്കുന്നുവെന്നും കൃഷ് പറയുന്നു. സിനിമയുടെ നിർമാതാവും നടനുമായ നാസ്സർ ലത്തീഫിനെതിെര ഗുരുതരമായ ആരോപണങ്ങളും കൃഷ് പോസ്റ്റിൽ ഉന്നയിക്കുന്നു.
കൃഷ് കൈമളിന്റെ കുറിപ്പ്
ഓലപ്പീപ്പിയ്ക്കു ശേഷം ഞാൻ എഴുതി, ഛായാഗ്രഹണവും സംവിധാനവും ചെയ്ത ആഷിഖ് വന്ന ദിവസം നാളെ തിയറ്ററുകളിൽ എത്തുന്നുവെന്ന് സോഷ്യൽ മീഡിയകൾ വഴി അറിയുവാൻ കഴിഞ്ഞു. വളരെ സന്തോഷമുണ്ട്.
എന്ത് തരും എന്നു ചോദിക്കാതെ, കഥ പോലും കേൾക്കാതെ, എന്നോടുള്ള വിശ്വാസത്തിന്റെ പേരിൽ അഭിനയിക്കാൻ ഓടി വന്ന എന്റെ പ്രിയ സുഹൃത്ത് പ്രിയാമണിയോട് എങ്ങനെ നന്ദി പറയണം എന്നറിയില്ല. അതുപോലെ യാത്രാക്കൂലി പോലും ചോദിക്കാതെ വന്ന് അഭിനയിച്ചിട്ടു പോയ എന്റെ സുഹൃത്തുക്കളായ സംവിധായകൻ മനു സുധാകർ ,സ്റ്റാജൻ അരുൺ പുനലൂർ, നസീർ, ശ്രീഹരി, ജബ്ബാർ ചെമ്മാട്, രാമചന്ദ്രൻ,ജയൻ നാണപ്പൻ കൂടാതെ പ്രൊഫഷണൽ ആർട്ടിസ്റ്റുകൾ ആയ കലാഭവൻ ഹനീഫ്, അൻസാർ തുടങ്ങി ഓരോ അഭിനേതാക്കൾക്കും എന്റെ പ്രത്യേക നന്ദി.
തുഛമായ പ്രതിഫലവും, റേഷൻ ഭക്ഷണവും കഴിച്ച് എന്റെ കൂടെ രാത്രിയും പകലുമില്ലാതെ ജോലി ചെയ്ത സഹപ്രവർത്തകരോട് നന്ദി പറയാൻ എനിക്ക് വാക്കുകളില്ല. എഡിറ്റർ ബാബുരത്നം, കലാസംവിധായകൻ മനോജ് നാഡി, സംഗീത സംവിധായകൻ മാത്യു പുളിക്കൻ പ്രൊഡക്ഷൻ കൺട്രോളർ കിച്ച ഹൃദയ്, എന്റെ സഹസംവിധായകർ വിമൽ പ്രകാശ്, ജംനാസ് മുഹമ്മദ്, നിങ്ങളോട് നിർമാതാവ് കാണിച്ച എല്ലാ അപമര്യാദകൾക്കും ഞാൻ ക്ഷമ ചോദിയ്ക്കട്ടെ.
നിർമാതാവും, ഈ ചിത്രത്തിലെ പ്രധാന കഥാപാത്രവുമായ ശ്രീ നാസ്സർ ലത്തീഫിനോടും രണ്ടു വാക്ക്… താങ്കൾ തന്ന ഒരു ചെറിയ ബജറ്റിൽ നിന്നു കൊണ്ട് എന്റെ പരിമിതമായ എല്ലാ കഴിവുകളും ഉപയോഗിച്ച് ഞാൻ ഈ ചിത്രം തീർത്ത് തന്നിട്ടുണ്ട്. ജോലികൾ എല്ലാം ചെയ്യാൻ വേണ്ടി താങ്കൾ എനിക്കു തന്ന ഒരു ലക്ഷം രൂപയും കുറെ തെറി വിളികളും, ഫ്രോഡ് എന്ന ഓമനപ്പേരും എനിക്കൊരിക്കലും മറക്കാൻ കഴിയില്ല.
താങ്കൾ എനിക്ക് ഒരു വലിയ പാഠമാണ്. താങ്കളുടെ സുഹൃത്ത് ഇസ്മയിലിനെ സാക്ഷിനിർത്തി റിലീസിന് മുമ്പ് തരാമെന്ന് പറഞ്ഞ ബാക്കി തുക ,താങ്കൾ വിശ്വസിക്കുന്ന സർവ്വശക്തനായ അള്ളാഹുവിന്റെ അടുത്തേക്കുള്ള താങ്കളുടെ അന്ത്യയാത്രയിൽ വഴി ചിലവിനായി ഉപകാരപ്പെടട്ടെ..
പ്രിയ സുഹൃത്തുക്കളേ, ഈ ചെറിയ ചിത്രം നിങ്ങൾ തിയറ്ററിൽ വന്നു കണ്ടാൽ, ഞാനടക്കം ഈ ചിത്രത്തിന വേണ്ടി സഹകരിച്ച, പ്രവർത്തിച്ച എല്ലാവർക്കും കിട്ടുന്ന ഏറ്റവും വലിയ പ്രതിഫലം അതായിരിക്കും.
Post Your Comments