കേരളത്തില്‍ വീണ്ടും ദുരഭിമാനകൊല. പ്രണയത്തിന്റെ പേരില്‍ ദുരഭിമാനത്തിന്റെ രക്തസാക്ഷിയായ കെവിൻ എന്ന യുവാവിന്റെ മരണത്തില്‍ കേരളത്തിലെ സാംസ്കാരിക നായകന്മാര്‍ പ്രതികരിക്കാന്‍ മടിക്കുന്നതിന്റെ കാരണം വ്യക്തമാക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു. തന്റെ പ്രതിഷേധം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ച ജോയ് മാത്യു കേരളത്തിന്റെ പോലീസ് മന്ത്രിയെയും സാംസ്കാരിക നായകന്മാരെയും വിമര്‍ശിക്കുന്നുണ്ട്.
ജോയ് മാത്യു പോസ്റ്റ് പൂര്‍ണ്ണ രൂപം
പ്രണയിച്ച പെണ്ണിനെ വിവാഹം കഴിച്ചതിനു ദുരഭിമാനത്തിന്റെ രക്തസാക്ഷിയായ കെവിൻ എന്ന യുവാവു മർദ്ദനമേറ്റ് മരിക്കുമ്പോൾ തൃശ്ശൂരിൽ മൂന്നോറോളം സാഹിത്യ കലാ സാംസ്കാരിക പ്രവർത്തകരോട് പോലീസ് മന്ത്രി കേരളത്തിനു മാത്രമായി ഒരു പ്രാർഥനാ ഗാനം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു-
പ്രണയത്തെക്കുറിച്ചും വിപ്ലവത്തെക്കുറിച്ചും ജാതിരഹിത വിവാഹങ്ങളെയുംപറ്റി കാവ്യങ്ങൾ രചിക്കുന്ന സാഹിത്യകാരന്മാർ അപ്പോൾ തന്നെ പേനയെടുത്തു പ്രാർഥനാഗാനരചന തുടങ്ങി. അതുകൊണ്ടാണു കെവിന്റെ കൊലപാതക ത്തെപ്പറ്റിയും പോലീസിന്റെ അനാസ്‌ഥയെക്കുറിച്ചും ഈ സാംസ്കാരിക നായകന്മാർക്ക് പ്രതികരിക്കാൻ ഇപ്പോഴും പറ്റാത്തത്-( പ്രതികരിച്ചാൽ വിവരമറിയും എന്നത് മറ്റൊരു കാര്യം) ഭാഗ്യം ഞാൻ ആ മുന്നൂറിൽപ്പെടില്ല അതിനാൽ ഞാൻ എന്റെ പ്രതിഷേധം നിങ്ങളുമായി പങ്കിടുകയാണു. നമുക്ക് പ്രാർഥനാഗാനം വേണം പക്ഷെ ആരോടാണു നാം പ്രാർഥിക്കേണ്ടത്?
Post Your Comments