CinemaGeneralLatest NewsMollywoodNEWSWOODs

ജീവിതം സിനിമയാകുന്ന കൃഷ്ണം

പല ചിത്രങ്ങളും എഴുതി കാണിക്കുമ്പോൾ അതിന്റെ ഇടയിൽ ഒരിടത്തു ഈ കഥയും കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചു പോയവരോ ആയി യാതൊരു ബന്ധവും ഇല്ല, എന്ന വാചകങ്ങളുണ്ട്. എന്തെങ്കിലും കാരണവശാൽ ആരെങ്കിലും ഇത് ഞങ്ങളുടെ കഥയാണ് എന്ന് പറഞ്ഞു അവകാശം ഉന്നയിക്കാതെ ഇരിക്കാനുള്ള മുൻ‌കൂർ വാദമാണത്. എന്നാൽ ഈ മാസം പകുതിയോടെ റിലീസ് ആകാൻ പോകുന്ന കൃഷ്ണം എന്ന സിനിമ അതിന്റെ യാഥാർഥ്യത്തോടുള്ള ചേർന്നിരിക്കുന്നുണ്ട്.

അക്ഷയ് കൃഷ്ണൻ എന്ന പത്തൊന്പതുകാരൻ നായക വേഷത്തിൽ അഭിനയിച്ചിരിക്കുന്നു കൃഷ്ണം വലിയ താരനിരകളുള്ളതല്ല, പക്ഷെ ഇതിലെ പ്രധാന നായകൻ താൻ അല്ലെന്നും അക്ഷയ് പറയുന്നുണ്ട്, “ഈ സിനിമയിൽ നായകൻ എന്ന ഒരു പ്രയോഗമില്ല, നായകൻ ഈ സിനിമയിലെ വൈകാരികമായ മുഹൂർത്തങ്ങളാണ്. ” അക്ഷയ് പറയുന്നു. പക്ഷെ നായകൻ ആകാൻ എന്തുകൊണ്ടും ഈ സിനിമയ്ക്ക് യോഗ്യൻ അക്ഷയ് തന്നെ, കാരണം കൃഷ്ണം അക്ഷയ് ന്റെ സ്വന്തം ജീവിതമാണ്.

“ഇത് ഞങ്ങളുടെ തന്നെ ജീവിതമാണ്, എന്റെ മകന്റെ അനുഭവമാണത്. ജീവിതത്തിൽ അനുഭവിച്ച ആള് തന്നെ ചിത്രത്തിൽ അത് അഭിനയിക്കുക എന്നതാണ് ഇതിന്റെ ഹൈലൈറ്റ്.മാത്രമല്ല മലയാളത്തിൽ ചെയ്യുമ്പോൾ തന്നെ അതെ സമയം തെലുങ്കിലും ചിത്രം ചെയ്യുന്നുണ്ടായിരുന്നു.തീയേറ്റർ റിലീസിനൊപ്പം തന്നെ ഈ ചിത്രം ഓൺലൈനിലും റിലീസ് ചെയ്യാനാണ് ഞങ്ങളുടെ തീരുമാനം “, സിനിമയുടെ നിർമ്മാതാവും അക്ഷയുടെ പിതാവുമായ പി എൻ ബൽറാം പറയുന്നു.

“ഞാനന്നു പ്ലസ് ടുവിനായിരുന്നു. ക്യാംപസിലെ ഏറ്റവും ആക്ടീവായ കുട്ടികളിൽ ഒരാൾ. പഠനം എന്നതിനപ്പുറം കലയും പ്രായവും ഒക്കെ ആസ്വദിച്ചു നടക്കുന്ന ഒരാൾ. ഒപ്പം പഠിക്കുന്ന പെൺകുട്ടികളെ ഇമ്പ്രസ്സ് ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു കൗമാരക്കാരൻ. എല്ലാ വർഷവും ആനുവൽ ടെയ്ക്ക് ഡാൻസ് പരിപാടി പതിവുണ്ട്. ആ വർഷവും സുഹൃത്തുക്കൾക്കൊപ്പം പ്രാക്ടീസ് ഉണ്ടായിരുന്നു. അതിനിടയ്ക്കാണ് വയറിൽ വേദനയും ചെറിയൊരു മുഴയും വന്നത്. അത് അത്ര കാര്യമായി എടുത്തില്ല. വീട്ടിലും പറഞ്ഞില്ല. വീട്ടിൽ പറഞ്ഞാൽ അതോടെ പ്രാക്ടീസും ഡാൻസും ഒക്കെ മുടങ്ങും, വിശ്വസിച്ചു കൂടെ നിൽക്കുന്ന കൂട്ടുകാർ വിഷമത്തിലാകയും, അതോണ്ട് ഒന്നും ആരെയും അറിയിച്ചില്ല. പ്രാക്ടീസ് ചെയ്തു, ഒടുവിൽ പരിപാടിയെത്തി, കളിച്ചു. അതിനൊടുവിൽ തലകറങ്ങി വീണു. അങ്ങനെ വീട്ടിലെത്തിയപ്പോഴാണ് ‘അമ്മ എന്റെ ശരീരത്തിലെ മുഴ കാണുന്നത്. അപ്പോഴേയ്ക്കും അത് നല്ല വലിപ്പം വച്ചിരുന്നു. കണ്ടാൽ പേടി തോന്നുന്നത് പോലെ വലുതായിരുന്നു. അങ്ങനെ നേരെ ആശുപത്രിയിലെത്തി.പരിശോധനയിൽ മുഴ ഹെരിനിയ ആണെന്നറിഞ്ഞു, അവർ സർജ്ജറി നടത്തി. പക്ഷെ ഓപ്പറേഷൻ ചെയ്തപ്പോഴാണ് അറിഞ്ഞത്, എന്റെ ശരീരം സാധാരണ പോലെ ആയിരുന്നില്ല. തുടർച്ചയായ രണ്ടു വർഷങ്ങൾ…. ജീവിതമാകെ മാറിപ്പോയി” സിനിമ കഥയേക്കാൾ ഭീകരമായ അനുഭവമാണ് അക്ഷയനു പറയാനുള്ളത്.

കൃഷ്ണം അക്ഷയ് യഥാർത്ഥത്തിൽ സമർപ്പിക്കുന്നത് അച്ഛനും അമ്മയ്ക്കും തന്നെയാണ്. കാരണം ജീവന് തുല്യം സ്നേഹിക്കുന്ന മകൻ ഇറുകി തീരുന്ന അവസ്ഥകളിൽ അവനൊപ്പം നിൽക്കേണ്ടത് അവരാണ്. അവരുടെ അതിജീവനമാണ് പലപ്പോഴും മഹത്തരമാകുന്നതും. അതേകുറിച്ചും അക്ഷയ് പറയുന്നുണ്ട്.

Krishnam_and_Mohanlal

“ഈ കഥ സിനിമയാകണമെന്നു ആഗ്രഹിച്ചത് അച്ഛനാണ്. ഞാൻ മരിക്കുമോ ജീവിക്കുമോ എന്നറിയാതെ ആശുപത്രി കിടക്കയിൽ കിടന്ന സമയത്ത് അവർ അനുഭവിച്ച കാര്യങ്ങൾ… സത്യം പറഞ്ഞാൽ ആ നിമിഷങ്ങൾ തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. ഏതൊരു അച്ഛനും അമ്മയും അത് ഉൾക്കൊണ്ടു തന്നെ അനുഭവിക്കും, അതെനിക്കുറപ്പുണ്ട്. സത്യം പറഞ്ഞാൽ അന്ന് ആശുപത്രിയിൽ അവർ അത് എങ്ങനെ അഭിമുഖീകരിച്ചെന്നു എനിക്കറിയില്ല. ഡോക്ടർ പോയിന്റ് സീറോ വൺ മാത്രം സാധ്യത ജീവിച്ചിരിക്കാൻ പറഞ്ഞ ഒരു രോഗിയാണ് ഞാൻ. ഞാൻ അതിന്റെ ഷൂട്ടിങ് സമയത്തും പോയില്ല, എനിക്കത് സിനിമയായി തന്നെ കണ്ടാൽ മതി. “സിനിമയെ കുറിച്ചും ബിസിനസിനെ കുറിച്ചും സംസാരിക്കുന്നത് പി എൻ ബൽറാമാണ്‌,

“പല ബിസിനസുകളും എനിക്കുണ്ട്.കഴിഞ്ഞ മുപ്പത്തിയഞ്ചു വർഷമായി ബിസിനസ് തുടങ്ങിയിട്ട്.നമ്മൾ വിശ്വസിക്കുന്നത് മാത്രമേ ചെയ്യാറുള്ളൂ, ഈ ചിത്രത്തിൽ നിരവധി കഴിവുള്ള ചെറുപ്പക്കാരുണ്ട്. അവരെ പ്രോത്സാഹിപ്പിക്കേണ്ടത് നമ്മുടെ കടമയുമാണ്. അതുകൊണ്ടു തന്നെ എന്റെ അടുത്ത സിനിമാ പ്രോജക്ടും നല്ലൊരു ശതമാനവും പുതിയ ആൾക്കാരെ വച്ചുകൊണ്ടാണ്. അതിന്റെ ചർച്ചകൾ നടന്നു കൊണ്ടിരിക്കുന്നു.മാത്രമല്ല ബോളിവുഡിൽ നിന്നും കൃഷ്ണത്തിന് റീമേക്ക് ആവശ്യപ്പെട്ടു വന്നിട്ടുണ്ട്, അതുകൊണ്ട് കൃഷ്ണം ഹിന്ദി റീമേക്കും ഉണ്ടാകും.”

കലയും പ്രണയവും സ്നേഹവും വാത്സല്യവും കരച്ചിലുകളും എല്ലാമുള്ള ചിത്രമാണ് കൃഷ്ണം. മഴവില്ലു എന്ന കുഞ്ചാക്കോ ബോബൻ ചിത്രം ഒരുക്കിയ ദിനേശ് ബാബുവാണ് കൃഷ്ണം സംവിധാനം ചെയ്യുന്നത്. മലയാളത്തിൽ പിന്തുടർച്ചയില്ലെങ്കിലും മറ്റു ഭാഷകളിൽ പ്രതിഭ തെളിയിച്ച സംവിധായകൻ തന്നെയാണ് ദിനേശ് ബാബു. മകന്റെ കഥ സംവിധാനം ചെയ്യാൻ അത്തരത്തിൽ ഒരാളെ തന്നെയായിരുന്നു അക്ഷയുടെ അച്ഛനായ പി എൻ ബൽറാം എന്ന ബിസിനസുകാരനും വേണ്ടിയിരുന്നതും. അല്ലെങ്കിലും മകന്റെ ജീവിതം സിനിമയാകുമ്പോൾ അതിൽ ഏറ്റവും മികച്ചത് മാത്രമല്ലെ മാതാപിതാക്കൾ അന്വേഷിക്കൂ!

“അക്ഷയുടെ അനുഭവം സിനിമയാക്കുമ്പോൾ അതിൽ ഏറ്റവും ബേസ്ഡ് തന്നെ ഞാൻ ആഗ്രഹിച്ചു. കഴിഞ്ഞ മുപ്പതു വർഷമായി എനിക്ക് ദിനേശിനെ അറിയാം. പെർഫെക്ഷൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹം, മാത്രമല്ല ചെറിയ ഡീറ്റെയിൽസ് വരെ ദിനേശ് ശ്രദ്ധിക്കാറുണ്ട്, എല്ലാ പ്രായമുള്ള ആൾക്കാർക്കും ഈ സിനിമാ ഇഷ്ടമാവും”, പി എൻ ബൽറാം പറയുന്നു.

ആകാശദൂത് കണ്ടു കരഞ്ഞു നിലവിളിച്ചു തീയേറ്റർ വിട്ടിറങ്ങി പോയത് ഓർമ്മയുണ്ട്. അതുപോലെ ഓരോ പടങ്ങൾ കാണുമ്പോഴും നിറയുന്ന കണ്ണുകളെ ആരും കണ്ടില്ലല്ലോ എന്നൊരു കാക്ക നോട്ടം നോക്കി ആരും കാണാതെ കണ്ണുനീര് തട്ടി കളഞ്ഞു ചിരി വരുത്തിയിരിക്കും. ആകാശദൂതിനു ശേഷം തീരെ നിയന്ത്രണമില്ലാതെ കരഞ്ഞ മറ്റൊരു സിനിമ അപൂർവ്വമാണ് താനും , ആ ശ്രീനിയിലേക്കാണ് കൃഷ്ണം കടന്നു വരുന്നത്. വൈകാരികമായ നിമിഷങ്ങൾ കൊണ്ട് കാഴ്ചക്കാരന്റെ ഹൃദയവും കണ്ണും ഒന്നിച്ചു കലക്കി മറിക്കുന്ന അനുഭവങ്ങൾ കൃഷ്ണം പകരും എന്ന് പറയുന്നത് നായകനായ അക്ഷയ് തന്നെയാണ്. “സിനിമ എന്നാൽ ഏതെങ്കിലും ഒരു വസ്തു പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ ഉണ്ടാവണം, നമ്മൾ ഇതിലെ ഹൃദയത്തിൽ തട്ടിയുള്ള നിമിഷങ്ങൾ വച്ചാണ് അത് ചെയ്യാൻ ഉദ്ദേശിച്ചിരിക്കുന്നത്. “.

കൃഷ്‌ണത്തിനെ അടിസ്ഥാനപ്പെടുത്തി ഒരു മത്സരവും നിലവിലുണ്ട്. “ഇത്തരം ഒരു പ്രമേയമായതുകൊണ്ടു തന്നെ നമ്മളൊരു മത്സരം ഇപ്പോൾ അനനൗൺസ്‌ ചെയ്തിട്ടുണ്ട്. ഒപ്പം മറ്റൊന്ന് ഇരുപതു വയസ്സിൽ താഴെയുള്ളവർക്ക് ഫ്രീ ഹാർട്ട് സർജ്ജറി നമ്മൾ ഓഫ്ഫർ ചെയ്തിട്ടുണ്ട്. “നിർമ്മാതാവ് പറയുന്നു.

വെറും ഒരു സിനിമ എന്ന തലത്തിൽ നിന്നുകൊണ്ട് കൃഷ്ണം കാണാനാകില്ല. ഒരു യുവാവ് അനുഭവിച്ചു തീർത്ത അവന്റെ ജീവിതത്തെ അവൻ തന്നെ കാണിച്ചു തരുന്ന കാഴ്ചകൾക്കായി ആണ് പ്രേക്ഷകൻ കാത്തിരിക്കേണ്ടത്. ഒരുപക്ഷെ ഇന്ത്യൻ സിനിമയിൽ ഇത്തരമൊരു അനുഭവം പ്രേക്ഷകനും ആദ്യമായി തന്നെയാകുമെന്നു തോന്നുന്നു. ജീവിതവും സിനിമയും ഒരേ നേർ രേഖയിലൂടെ സഞ്ചരിക്കുന്ന അനുഭവവും ഇത്തരത്തിൽ ആദ്യമാകും. അതുകൊണ്ടു തന്നെ കൃഷ്ണം ജീവിതമാണ്. ഇന്ഗനെയും ജീവിതങ്ങളുണ്ട് എന്ന് കാണിച്ചു തരലാണ്!

shortlink

Post Your Comments


Back to top button