കൊട്ടകകളില്‍ നിന്നും മള്ട്ടിപ്ലക്സുകളിലേയ്ക്ക് മലയാളികള്‍ മാറിക്കഴിഞ്ഞു. എന്നിരുന്നാലും ഇന്നും സിനിമാപ്രേമികളില്‍ ഗൃഹാതുരമായ ഓര്‍മകളുണര്‍ത്തുന്ന ഒന്നാണ് തിയറ്ററുകള്‍. ഇപ്പോഴിതാ ഒരു തിയറ്റര്‍ കൂടി വിസ്മൃതിയേയ്ക്ക്. ഗുരുവായൂര്‍ ബാലകൃഷ്ണ തിയേറ്റര്‍ ഇനി ഓര്‍മ്മ മാത്രം. ഈ മാസം 30-ന് പ്രദര്‍ശനം അവസാനിപ്പിക്കാനിരിക്കുകയാണ് 52 വര്‍ഷം പഴക്കമുള്ള ബാലകൃഷ്ണ. ഇതു സംബന്ധിച്ച് ജീവനക്കാര്‍ക്കെല്ലാം നോട്ടീസ് നല്കി കഴിഞ്ഞു.
1966 മാര്‍ച്ച് 31-നാണ് ബാലകൃഷ്ണ പ്രവര്‍ത്തനം ആരംഭിച്ചത്. ഉടമസ്ഥനായിരുന്ന പി.ആര്. നമ്ബ്യാര്‍ അയ്യപ്പന്‍വിളക്ക് നടത്തിയായിരുന്നു ഉദ്ഘാടനം. ആദ്യകാലത്തുതന്നെ നല്ല കെട്ടിടം പണിതിരുന്നു. അതുകൊണ്ടു തന്നെ അക്കാലത്തെ തിയേറ്ററുകളെല്ലാം ഓലമേഞ്ഞ കൊട്ടകയായി നിന്നപ്പോള്‍ ബാലകൃഷ്ണ ഗാംഭീര്യത്തോയെ തലയെടുപ്പോടെ ഉയര്‍ന്നുനിന്നു.
നമ്ബ്യാരുടെ വിശ്വസ്തനായിരുന്ന തിരുവെങ്കിടത്തെ വാറണാട്ട് ബാലകൃഷ്ണന്നായരെയാണ് തിയേറ്റര്‍ പണിയാന്‍ ചുമതലപ്പെടുത്തിയത്. അച്ഛനും അമ്മയും ഒരു കുഞ്ഞും നടന്നുവരുന്ന ശില്പം ബാലകൃഷ്ണയുടെ അടയാളമാണ്. അത് കെട്ടിടത്തിന്റെ മുന്നിലെ ചുമരില്‍ മാത്രമല്ല, പ്രേക്ഷകന്റെ മനസ്സിലും ആഴത്തില്‍ പതിഞ്ഞുകിടക്കുന്നതാണ്. ‘സ്റ്റേഷന് മാസ്റ്റര്‍’ ആയിരുന്നു ആദ്യം പ്രദര്‍ശിപ്പിച്ച സിനിമ. ചെമ്മീന്‍, ശ്രീ അയ്യപ്പന്, ഉണ്ണിയാര്‍ച്ച, ആരോമലുണ്ണി, ശങ്കരാഭരണം തുടങ്ങിയ ചിത്രങ്ങളാണ് ആദ്യകാലത്തെ ‘ഹൗസ് ഫുള്‍’ സിനിമകള്‍. ഗൃഹാതുരതയുടെ കഥകള്‍ ഏറെ പറയാനുള്ള ബാലകൃഷ്ണ കുറേ നാളായി നഷ്ടങ്ങളുടെ റീലുകളിലാണ് ഓടുന്നത്. ശീതീകരണ സംവിധാനമില്ലാത്ത തിയേറ്ററുകളില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ നല്‍കേണ്ടതില്ലെന്ന ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്റെ തീരുമാനവും തിരിച്ചടിയായതായി ഉടമ മുദ്ര ശശി പറഞ്ഞു
Post Your Comments