ദാസനെയും വിജയനെയും മലയാളികള്‍ ഒരിക്കലും മറക്കില്ല. പച്ച മണ്ണിന്റെ മണമുള്ള കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അനശ്വരമാക്കിയ നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസനും കുടുംബ ചിത്രങ്ങളുടെ പ്രിയ സംവിധായകന് സത്യന് അന്തിക്കാടും വീണ്ടും ഒരുമിക്കുന്നു. ശ്രീനിവാസന്റെ തിരക്കഥയില്‍ ഒരുക്കുന്ന പുതിയ ചിത്രത്തെക്കുറിച്ച് അദ്ദേഹം തന്നെയാണ് ഫേസ് ബുക്കില്‍ കൂടി പങ്കുവച്ചത്. ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്ക് ശേഷം സത്യന് അന്തിക്കാട് ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകനായെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. പ്രകാശന് എന്ന കഥാപാത്രത്തെ ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ പേര് മലയാളി എന്നാണ്.
സത്യന് അന്തിക്കാടിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
എല്ലാവര്ക്കും സന്തോഷം നിറഞ്ഞ വിഷു ആശംസകള്‍.
പുതിയ സിനിമയുടെ കഥയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ഞാനും ശ്രീനിവാസനും. പല കഥകളും ആലോചിച്ചു. പലതും ആരംഭത്തില്‍ തന്നെ വിട്ടു. ‘എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്ന്’ ദാസനും വിജയനും പറഞ്ഞത് വെറുതെയല്ലല്ലോ. ഒരു ദിവസം അതിരാവിലെ ഉറക്കമുണര്‍ന്ന് വരുമ്പോള്‍, പുറത്തെ മുറിയില്‍ ശ്രീനിവാസന് ശാന്തനായി ഇരിക്കുന്നു.
‘കഥ കിട്ടി’ ശ്രീനി പറഞ്ഞു.
‘കഥക്ക് വേണ്ടി നമ്മള് കാട് കേറി അലയേണ്ട കാര്യമൊന്നുമില്ല. നമുക്ക് ചുറ്റും തന്നെയുണ്ട് കഥാപാത്രങ്ങള്‍.’ ദാസനും വിജയനും, ഗോപാലകൃഷ്ണപ്പണിക്കരും, മുരളിയും, കാഞ്ചനയും, ശ്യാമളയും, തളത്തില്‍ ദിനേശനുമൊക്കെ നമ്മുടെ ചുറ്റുവട്ടത്ത് നിന്ന് ശ്രീനി കണ്ടെടുത്തവരാണ്.
‘നമുക്ക് പ്രകാശന്റെ കഥ പറയാം. ഗസറ്റില്‍ പരസ്യപ്പെടുത്തി, ‘പി ആര് ആകാശ്’ എന്ന് സ്വയം പേര് മാറ്റിയ പ്രകാശന്റെ കഥ.’
പറഞ്ഞു പറഞ്ഞ് ആ കഥ വികസിച്ചു. അതാണ് ഞങ്ങളുടെ പുതിയ സിനിമ. ഫഹദ് ഫാസിലാണ് പ്രകാശന്.
‘ജോമോന്റെ സുവിശേഷങ്ങള്‍’ക്ക് ശേഷം ഫുള്‍മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് തന്നെ ഈ സിനിമയും നിര്‍മ്മിക്കുന്നു.
ജൂലൈ ആദ്യവാരം ചിത്രീകരണം തുടങ്ങാം. എസ്.കുമാര്‍ ആണ് ഛായാഗ്രഹണം. ഷാന്‍ റഹ്മാന് സംഗീതമൊരുക്കുന്നു.
വൈകി പേരിടുന്ന സ്ഥിരം രീതിയും ഒന്ന് മാറ്റുകയാണ്. ‘മലയാളി’ എന്നാണ് സിനിമയുടെ പേര്.
Post Your Comments