Latest NewsMollywood

സിനിമയിലേക്ക് വന്നതിന് ശേഷം പേര് മാറ്റിയ മലയാളത്തിലെ അഭിനേതാക്കള്‍

അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും യഥാര്‍ത്ഥ പേര് മാറ്റുന്നത് സിനിമാ ലോകത്ത് പതിവാണ്. മലയാള സിനിമയുടെ ചരിത്രമെടുത്താല്‍ പ്രേംനസീര്‍ മുതല്‍ ഭാവന വരെയുള്ള നിരവധി അഭിനേതാക്കളാണ് പുതിയ പേരില്‍ പ്രശസ്തരായത്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

1. പ്രേംനസീര്‍
premnazeer

മലയാളത്തിന്‍റെ നിത്യ ഹരിത നായകന്‍റെ യഥാര്‍ത്ഥ പേര് അബ്ദുല്‍ ഖാദര്‍ എന്നാണ്. 1952ല്‍ പുറത്തിറങ്ങിയ വിശപ്പിന്‍റെ വിളി എന്ന രണ്ടാമത്തെ സിനിമ മുതലാണ്‌ അദ്ദേഹം പ്രേംനസീര്‍ എന്നറിയപ്പെട്ടു തുടങ്ങിയത്. തിക്കുറിശി സുകുമാരന്‍ നായരാണ് ആ പേര് നിര്‍ദേശിച്ചതെന്ന് പറയപ്പെടുന്നു.നടന്‍റെ പാത പിന്തുടര്‍ന്ന് അദ്ദേഹത്തിന്‍റെ സഹോദരന്‍ അബ്ദുല്‍ വഹാബ് പ്രേം നവാസ് എന്ന പേരും സ്വീകരിച്ചു.

2. മമ്മൂട്ടി

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ യഥാര്‍ത്ഥ പേര് മുഹമ്മദ്‌ കുട്ടി ഇസ്മയില്‍ പനിപറമ്പില്‍ എന്നാണ്. പക്ഷെ അദ്ദേഹം സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഇടയില്‍ അറിയപ്പെട്ടിരുന്നത് മമ്മൂട്ടി എന്നാണ്. സിനിമയില്‍ വന്നപ്പോള്‍ അദ്ദേഹം ആ പേര് സ്വീകരിച്ചു.

3. ദിലീപ്

ജനപ്രിയ നായകന്‍ ദിലീപിന്‍റെ യഥാര്‍ത്ഥ പേര് ഗോപാലകൃഷ്ണന്‍ എന്നാണ്. കലാരംഗത്ത് വന്നപ്പോഴാണ് അദ്ദേഹവും പേര് മാറ്റിയത്.

4. ശാരദ

സത്യന്‍, പ്രേംനസീര്‍ എന്നിവരുടെ നായികയായി തിളങ്ങിയ ശാരദയുടെ യഥാര്‍ത്ഥ പേര് സരസ്വതി ദേവി എന്നാണ്. ആന്ധ്ര സ്വദേശിയാണെങ്കിലും അവര്‍ കൂടുതല്‍ തിളങ്ങിയത് മലയാള സിനിമകളിലാണ്. നിര്‍മാതാക്കളുടെ ആവശ്യപ്രകാരമാണ് നടി പേര് മാറ്റിയത്.

5. ഷീല

പ്രേംനസീറിന്‍റെ ഭാഗ്യ നായികയായിരുന്ന ഷീല അഞ്ഞൂറിലേറെ സിനിമകളിലാണ് അഭിനയിച്ചത്. തൃശൂര്‍ സ്വദേശിയായ അവരുടെ യഥാര്‍ത്ഥ പേര് ക്ലാര എന്നാണ്. അത് ഒരു സിനിമ നടിക്ക് ചേര്‍ന്ന പേരല്ല എന്ന് തോന്നിയത് കൊണ്ട് അവര്‍ സ്വമേധയാ പേര് മാറ്റുകയായിരുന്നു.

6. ഭാവന

യുവനടി ഭാവനയുടെ യഥാര്‍ത്ഥ പേര് കാര്‍ത്തിക മേനോന്‍ എന്നാണ്. കാര്‍ത്തിക എന്ന പേരില്‍ മറ്റൊരു നടി ഉള്ളത് കൊണ്ട് അവര്‍ പേര് മാറ്റി.

7. ഉര്‍വശി

ഒരു കാലത്ത് മോഹന്‍ലാലിന്‍റെയും ജയറാമിന്‍റെയും ഭാഗ്യ നായികയായിരുന്നു ഉര്‍വശി. ചവറ വി പി നായരുടെയും വിജയലക്ഷ്മിയുടെയും മകളായ ഉര്‍വശിയുടെ യഥാര്‍ത്ഥ പേര് കവിത രഞ്ജിനി എന്നാണ്.

8. നയന്‍താര

തെന്നിന്ത്യയിലെ ഒന്നാം നിര നായികയായ നയന്‍താര ഒട്ടുമിക്ക സൂപ്പര്‍താരങ്ങളോടൊപ്പവും അഭിനയിച്ചിട്ടുണ്ട്. ഡയാന മറിയം കുര്യന്‍ എന്നാണ് അവരുടെ ശരിക്കുള്ള പേര്.

9. നരേന്‍

മലയാളം, തമിഴ് ഭാഷകളിലെ ശ്രദ്ധേയനായ യുവനടനാണ് നരേന്‍. ജയരാജ് സംവിധാനം ചെയ്ത ഫോര്‍ ദി പീപ്പിളിലൂടെ പ്രശസ്തനായ അദ്ദേഹത്തിന്‍റെ യഥാര്‍ത്ഥ പേര് സുനില്‍ എന്നാണ്.

10. നവ്യ നായര്‍

സിബി മലയില്‍ സംവിധാനം ചെയ്ത ഇഷ്ടം എന്നാ സിനിമയിലൂടെയാണ് നവ്യ അഭിനയരംഗത്തെത്തിയത്. അറിയപ്പെടുന്ന നര്‍ത്തകി കൂടിയായ നവ്യയുടെ യഥാര്‍ത്ഥ പേര് ധന്യ വീണ എന്നാണ്. ആ പേര് സിനിമയ്ക്ക് യോജിക്കില്ല എന്ന് കണ്ടപ്പോഴാണ് മാറ്റിയത്.

shortlink

Related Articles

Post Your Comments


Back to top button