മനോജ്
ആദി എന്ന ഒരു സിനിമയില്‍ മാത്രമാണ് അഭിനയിച്ചതെങ്കിലും ഇന്ന് മോളിവുഡിലെ യുവനടന്മാരില് ശ്രദ്ധേയനാണ് പ്രണവ് മോഹന്‍ലാല്‍. അദ്ദേഹം ചെയ്യുന്ന പുതിയ സിനിമയുടെ വാര്‍ത്തകള്‍ പോലും സൂപ്പര്‍താര സമാനമായി ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഷെയര്‍ ചെയ്തത്. ആദ്യ സിനിമ കൊണ്ട് തന്നെ പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കിയ മറ്റൊരു നടന് ഒരു പക്ഷെ മലയാള സിനിമാ ചരിത്രത്തില്‍ വേറെയുണ്ടാകില്ല.
പ്രണവ് ബാലതാരമായി നേരത്തെ പ്രതിഭ തെളിയിച്ചതാണെങ്കിലും നായകവേഷം തുലോം വ്യത്യസ്തമാണ്. നടീ നടന്മാരും സംവിധായകനും ഇന്ന് പൊതുവേ സിനിമ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാറുണ്ട്. അപൂര്‍വ്വം താരങ്ങളേ ചാനലുകളിലെ സിനിമാ ചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്‍ക്കാറുള്ളൂ. ആമിര്‍ ഖാന്, അജിത്ത് കുമാര്‍ എന്നിവര്‍ അതില്‍ പെടും. എന്നാല്‍ തുടക്കത്തില്‍ തന്നെ അവരുടെ പാത പിന്തുടരാനുള്ള പ്രണവിന്റെ തിരുമാനം സാക്ഷാല്‍ മോഹന്‍ലാലിനെ പോലും ഞെട്ടിച്ചു. സിനിമ പ്രൊമോഷന് പോകണമെന്ന അച്ഛന്റെ സ്നേഹപൂര്‍വമായ നിര്‍ബന്ധത്തിന് വഴങ്ങാതെ റിലീസിംഗ് സമയത്ത് ഹിമാലയത്തില്‍ പോകാനാണ് പ്രണവ് തിരുമാനിച്ചത്.
സിനിമ പുറത്തിറങ്ങി ആഴ്ചകള്‍ കഴിഞ്ഞെങ്കിലും പ്രണവിനെ ആരും ടിവി ഇന്റര്‍വ്യൂകളില്‍ കണ്ടിട്ടില്ല. ഇക്കാര്യത്തില്‍ അദ്ദേഹം ‘തല’ അജിത്തിന്റെ മാതൃകയാണ് പിന്തുടരുന്നതെന്ന് പറയേണ്ടി വരും.
രജനികാന്ത് കഴിഞ്ഞാല്‍ കോളിവുഡില്‍ ഏറ്റവുമധികം ആരാധകരുള്ള നടനാണെങ്കിലും അജിത്ത് സിനിമ പ്രചാരണത്തിനോ പൊതുപരിപാടികള്‍ക്കോ പോകാറില്ല. അവാര്‍ഡ് നിശകളിലും സ്റ്റാര്‍ ഷോകളിലും പങ്കെടുക്കാത്ത ഏക തമിഴ് നടന് കൂടിയാണ് അദ്ദേഹം. ഒരു കാലത്ത് സിനിമകളേക്കാള്‍ കൂടുതല്‍ പ്രാധാന്യം അദ്ദേഹം കൊടുത്തിരുന്നത് ബൈക്ക് റേസിനാണ്. പക്ഷെ ആകസ്മികമായുണ്ടായ ഒരു ബൈക്ക് അപകടം നടന്റെ ആരോഗ്യത്തെ ബാധിച്ചു. ദീര്‍ഘ നാളത്തെ ചികിത്സ വേണ്ടി വന്നു അജിത്ത് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍. അദ്ദേഹത്തിന്റെ നരച്ച മുടി അന്നത്തെ ചികിത്സയുടെ പരിണിത ഫലമാണെന്ന് പറഞ്ഞാല്‍ തെറ്റില്ല. എങ്കിലും അതേ മുടിയോടെ സിനിമകളില്‍ പ്രത്യക്ഷപ്പെടാനാണ് ‘തല’ താല്പര്യപ്പെടുന്നത്.
പ്രണവ് സിനിമയേക്കാള്‍ യാത്രകളെയാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്ന് എല്ലാവര്ക്കും അറിയാം. സൌന്ദര്യം നോക്കാതെ കീറിപ്പറിഞ്ഞ ജീന്‍സും ഇട്ട് നാടോടിയെ പോലെ നടക്കുന്ന താര പുത്രനെ കുറിച്ച് എത്രയോ വട്ടം കേട്ടിരിക്കുന്നു. സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്ന് മാറി തനതായ വഴികളില്‍ കൂടി സഞ്ചരിക്കുന്ന വളരെ കുറച്ച് അഭിനേതാക്കളുടെ പ്രതിനിധികളാണ് അജിത്തും അടുത്തിടെ സിനിമയിലേക്ക് വന്ന പ്രണവുമെന്ന് പറഞ്ഞാല്‍ തെറ്റില്ല.
Post Your Comments