സിനിമയില്‍ വിഭിന്ന ധ്രുവങ്ങളിലാണെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ രജനിയും കമലും അടുത്ത സുഹൃത്തുക്കളാണെന്ന് എല്ലാവര്ക്കും അറിയാം. പരസ്പരം ബഹുമാനം കാത്തു സൂക്ഷിക്കുന്നവരാണ് ഇരു താരങ്ങളും. എന്നാല്‍ ഇതാദ്യമായി കമല്‍ രജനികാന്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.
രാഷ്ട്രീയ പാര്‍ട്ടി രൂപികരണവുമായി ബന്ധപ്പെട്ട് അണികളെ കാണാനായി കോയമ്പത്തൂരില്‍ എത്തിയതാണ് ഉലകനായകന്. കാവേരി മാനേജ്മെന്റ് ബോര്‍ഡ് വിഷയത്തില്‍ രജനി പുലര്‍ത്തുന്ന മൌനത്തെ കുറിച്ച് കമല്‍ ഇങ്ങനെയാണ് പ്രതികരിച്ചത്, ” കാവേരി പ്രശ്നത്തില്‍ മാത്രമല്ല, മറ്റ് വിവിധ പ്രശ്നങ്ങളിലും അദ്ദേഹം മൌനം പാലിക്കുകയോ അല്ലെങ്കില്‍ വിഷയത്തില്‍ നിന്ന് ഒളിച്ചോടുകയോ ചെയ്യുകയാണ്”
സ്റ്റൈല്‍ മന്നനെതിരെ കമല്‍ നടത്തിയ വിമര്‍ശനം ഏവരെയും അത്ഭുതപ്പെടുത്തി. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി രജനി ഇപ്പോള്‍ ഹിമാലയത്തിലേക്കുള്ള തീര്‍ഥയാത്രയിലാണ്. തമിഴകത്തെ രണ്ടു പ്രധാന താരങ്ങള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുമ്പോള്‍ എന്തൊക്കെ സംഭവിക്കും എന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാ ലോകം. ബിജെപിയോട് ചേര്‍ന്ന് നില്ക്കുന്ന നിലപാടാണ് രജനി ഇതുവരെ സ്വീകരിച്ചു പോന്നത്. കമലിന്റേത് പക്ഷെ ഇടതുപക്ഷ അനുകൂല നിലപാടും. ഇരുവരും പരസ്പരം ഏറ്റുമുട്ടുമ്പോള്‍ കോളിവുഡ് ആരുടെ കൂടെ നില്ക്കും എന്നാണ് കാത്തിരുന്നു കാണേണ്ടത്.
Post Your Comments