രജനികാന്ത് ഹിമാലയത്തിലേക്കുള്ള യാത്രയിലാണ്. യാത്രാമധ്യേ അദ്ദേഹം ഹിമാചല്‍ പ്രദേശിലെ ധരംശാലയില്‍ എത്തി. മുന്‍മുഖ്യമന്ത്രി പ്രേംകുമാര്‍ ധുമലിനെ കണ്ട സൂപ്പര്‍സ്റ്റാര്‍ അദ്ദേഹവുമായി ഹ്രസ്വമായ കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
രജനിയുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് ധൂമല്‍ ട്വിറ്ററില്‍ ഇങ്ങനെ എഴുതി,
“മഹാനായ നടന് രജനികാന്ത്ജിയോടൊപ്പം കുറച്ചു സമയം ചിലവഴിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. താങ്കള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ കഴിഞ്ഞതില്‍ ഹിമാചലിലെ ജനങ്ങള്‍ സന്തോഷിക്കുന്നു. ഹിമാചലില്‍ താങ്കള്‍ക്ക് മനോഹരമായ സമയം ആശംസിക്കുന്നു. “
യാത്രയെ കുറിച്ച് ചോദിച്ചപ്പോള്‍ രജനി ഇങ്ങനെയാണ് പ്രതികരിച്ചത്, “ഞാന്‍ ആത്മീയതയില്‍ വിശ്വസിക്കുന്ന ഒരു വ്യക്തിയാണ്. ഇവിടെ നിന്ന് നേരെ പോകുന്നത് ഋഷികേശിലേക്കാണ്. എപ്പോഴാണ് ഞാന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുക? നിങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കും താമസിയാതെ ഉത്തരം കിട്ടും.”
ഹിമാചലില്‍ നിന്ന് തിരിച്ചു വന്നാലുടനെ രജനി രാഷ്ട്രീയ പ്രവേശന തിരുമാനം പ്രഖ്യാപിക്കും എന്നാണ് കരുതപ്പെടുന്നത്. 2018 സൂപ്പര്‍താരത്തെ സംബന്ധിച്ച് സുപ്രധാനമായ വര്‍ഷമാണ്. മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി രണ്ടു വമ്പന്‍ സിനിമകളാണ് അദ്ദേഹത്തിന്റേതായി റിലീസിന് ഒരുങ്ങുന്നത്. നടന് അധോലോക നായകന്റെ വേഷത്തിലെത്തുന്ന കാല ഏപ്രില്‍ അവസാനം റിലീസ് ചെയ്യും. എന്തിരന്റെ തുടര്‍ച്ചയായെത്തുന്ന 2.0 ആണ് ചിത്രീകരണം പൂര്‍ത്തിയായ മറ്റൊരു ചിത്രം. ഇന്ത്യയിലെ ഏറ്റവും മുടക്കുമുതല്‍ കൂടിയ സിനിമയായ 2.0യില്‍ ബോളിവുഡ് താരം അക്ഷയ് കുമാര്‍, ആമി ജാക്സണ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.
Post Your Comments