മോഹന്‍ലാലും സിദ്ദിക്ക് ലാലും ആദ്യമായി ഒന്നിച്ച സിനിമയാണ് വിയറ്റ്‌നാം കോളനി. ഇന്നസെന്‍റ്, കെപിഎസി ലളിത, കനക, രാജ് കുമാര്‍, ശങ്കരാടി, ദേവന്‍ എന്നിവര്‍ അഭിനയിച്ച സിനിമ അക്കാലത്തെ ഏറ്റവും വലിയ ഹിറ്റായിരുന്നു.
ഒരിക്കല്‍ സംവിധായകന്‍ സിദ്ദിക്ക് നായകന്‍ മോഹന്‍ലാലും ഇന്നസെന്‍റും ഉള്‍പ്പെട്ട ഒരു കോമ്പിനേഷന്‍ സീന്‍ ചിത്രീകരിക്കുകയാണ്. ലാല്‍ ഫസ്റ്റ് ടേക്കില്‍ തന്നെ ഓക്കേയായെങ്കിലും ഇന്നസെന്‍റിന്‍റെ കാര്യം അങ്ങനെയല്ല. എത്ര ചെയ്തിട്ടും അദ്ദേഹത്തിന്‍റെ ഭാഗം മാത്രം ശരിയായി വരുന്നില്ല. അഞ്ചും ആറും ടേക്ക് കഴിഞ്ഞപ്പോള്‍ മോഹന്‍ലാലിന്‍റെ ക്ഷമ കെട്ടു. അത് മനസിലാക്കിയ സിദ്ദിക്ക് അദ്ദേഹത്തോട് പറഞ്ഞു,
ഇനി ലാലേട്ടന്‍ കുറച്ചു റസ്റ്റ് എടുത്തോളൂ. ഷോട്ട് റെഡിയാകുമ്പോള്‍ ഞാന്‍ വിളിക്കാം.
അതോടെ ലാല്‍ മാറിയിരുന്നു. പക്ഷെ ഇന്നസെന്‍റിന്‍റെ കാര്യം അപ്പോഴും തഥൈവ. എത്ര പ്രാവശ്യം നോക്കിയിട്ടും സിദ്ദിക്കിന് തൃപ്തിയാകുന്നില്ല. അവസാനം കുറച്ചു വിശ്രമിക്കാനായി ഇന്നസെന്‍റ് ലാലിന്‍റെ അടുത്ത് വന്നിരുന്നു.
മോഹന്‍ലാല്‍ തെല്ല് ഈര്‍ഷ്യയോടെ അദ്ദേഹത്തോട് പറഞ്ഞു,
“നിങ്ങളെന്താ ഈ ചെയ്യുന്നത്? ഇതൊരു ചെറിയ സീനല്ലേ ? അത് പോലും ശരിയായി ചെയ്യാത്തത് കൊണ്ട് എത്ര പേരുടെ സമയമാ ഇങ്ങനെ വെറുതെ പോകുന്നത്? എന്‍റെ കാര്യം കണ്ടില്ലേ? ഫസ്റ്റ് ടേക്കില്‍ തന്നെ ഞാന്‍ ഓക്കെയായി.”
ലാല്‍ പറഞ്ഞത് കേട്ട് ഇന്നസെന്‍റ് ചിരിച്ചു. എന്നിട്ട് പറഞ്ഞു,
” ലാലേ, നിങ്ങളെ പോലെയാണോ ഞാന്‍ ? ഒന്നല്ല പതിനായിരം പ്രാവശ്യം എടുത്താലും നിങ്ങളുടെ മുഖത്ത് നിന്ന് ഒരേയൊരു ഭാവമേ വരൂ. ഞാനങ്ങനെയാണോ ? ഓരോ പ്രാവശ്യം എടുക്കുമ്പോഴും വ്യത്യസ്ത ഭാവങ്ങളല്ലേ എന്‍റെ മുഖത്ത് നിന്ന് വരുന്നത് ? അതുകൊണ്ട് ഏത് ഭാവം സിനിമയില്‍ എടുക്കണമെന്നറിയാതെ കണ്‍ഫ്യൂഷനിലാ പാവം സിദ്ദിക്ക്………. അതുകൊണ്ടാ അയാള്‍ വീണ്ടും വീണ്ടും എന്നെ കൊണ്ട് ചെയ്യിപ്പിക്കുന്നത്. അല്ലാതെ നിങ്ങള്‍ എന്ത് വിചാരിച്ചു ? എനിക്ക് അഭിനയിക്കാനറിയില്ലെന്നോ? “
ഇന്നസെന്‍റ് പറഞ്ഞത് കേട്ട് മോഹന്‍ലാലും സിദ്ദിക്കും അറിയാതെ ചിരിച്ചുപോയി.
Post Your Comments