മനോജ്
നമ്മുടെ സിനിമയുടെ ബജറ്റ് ക്രമാതീതമായി കൂടുകയാണ്. വമ്പന്‍ മുടക്കുമുതലുള്ള ചിത്രങ്ങള്‍ മലയാളം പോലുള്ള ചെറിയ വിപണികളില്‍ പോലും സര്‍വ്വ സാധാരണമായി കഴിഞ്ഞു. നമ്മുടെ സിനിമകള്‍ക്ക് ഇന്ന് വിദേശത്തും നല്ല മാര്‍ക്കറ്റുണ്ട്. ഷങ്കര്‍ സംവിധാനം ചെയ്ത ഏന്തിരനാണ് വിദേശത്തെ നമ്മുടെ സിനിമ കച്ചവടത്തിന് തുടക്കമിട്ടതെങ്കിലും അത് ഉച്ചസ്ഥായിയില്‍ എത്തിയത് ബാഹുബലിയിലൂടെയാണ്. അമര്ചിത്ര കഥാ ശൈലിയില്‍ രാജമൌലി എടുത്ത ചിത്രം രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും കോടികളാണ് വാരിക്കൂട്ടിയത്. ആമിര്‍ ഖാന് നായകനായ ദംഗല്‍ ചൈനയില്‍ നിന്ന് മാത്രം ആയിരം കോടി രൂപ നേടിയത് വാര്‍ത്തയായി. കഴിഞ്ഞ വാരം അവിടെ റിലീസ് ചെയ്ത ബജ്രംഗി ഭായ് ജാനും മികച്ച കളക്ഷന്‍ നേടി മുന്നേറുകയാണ്.
വിദേശ വിപണിക്കൊപ്പം സാറ്റലൈറ്റ് റൈറ്റ് ഉള്‍പ്പടെ വിവിധ വരുമാന മാര്‍ഗ്ഗങ്ങള്‍ മുന്നില്‍ കണ്ടാണ് നിര്‍മാതാക്കള്‍ കൂടിയ മുതല്‍മുടക്കിന് തയാറാകുന്നത്. വമ്പന്‍ താരങ്ങളും ഭീമമായ ബജറ്റുമായി അര ഡസനോളം സിനിമകളാണ് ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുന്നത്.
1. തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍
ഫിലിപ് ടെയ്ലറുടെ കണ്‍ഫഷന്‍സ് ഓഫ് അ തഗ് എന്ന പ്രശസ്തമായ നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരം സംവിധാനം ചെയ്യുന്നത് വിജയ് കൃഷ്ണ ആചാര്യയാണ്. ആമിര്‍ ഖാന്, അമിതാഭ് ബച്ചന്, കത്രിന കൈഫ് തുടങ്ങിയവര്‍ അഭിനയിക്കുന്ന സിനിമ ഈ വര്‍ഷം അവസാനം റിലീസ് ചെയ്യും. യഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്ര നിര്‍മിക്കുന്ന സിനിമയുടെ മുടക്ക് മുതല്‍ 230 കോടി രൂപയാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ആമിറിന്റെ വളര്‍ത്തച്ഛനായാണ് ബച്ചന് അഭിനയിക്കുന്നത്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണ് തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍.
2. സാഹോ
ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനാകുന്ന സിനിമയാണ് സാഹോ. ശ്രദ്ധ കപൂര്‍ നായികയാകുന്ന ഈ സയന്‍സ് ഫിക്ഷന്‍ ചിത്രം സംവിധാനം ചെയ്യുന്നത് സുജീതാണ്. തമിഴ്, തെലുഗു, ഹിന്ദി ഭാഷകളില്‍ പുറത്തിറങ്ങുന്ന സാഹോയില്‍ ജാക്കി ഷറോഫ്, ലാല്‍, അരുണ്‍ വിജയ് തുടങ്ങിയവരും അഭിനയിക്കുന്നു. 180 കോടി രൂപ ചിലവില്‍ യുവി ക്രിയേഷന്‍സ് നിര്‍മിക്കുന്ന ചിത്രം ഏപ്രില്‍ മാസത്തില്‍ റിലീസ് ചെയ്യും.
3. സീറോ
ഷാരൂഖ് ഖാന് കുള്ളനായി അഭിനയിക്കുന്ന സീറോയില്‍ കത്രീന കൈഫ്, അനുഷ്ക ശര്‍മ എന്നിവരാണ് നായികമാരാകുന്നത്. ശ്രീദേവിയുടെ അവസാന ചിത്രം എന്ന നിലയില്‍ കൂടി ശ്രദ്ധേയമായ സിനിമ ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്നു. സല്മാന് ഖാന്, ദീപിക പദുകോണ്‍, കാജല്‍, ആലിയ ഭട്ട്, റാണി മുഖര്‍ജി എന്നിവരും അതിഥി വേഷത്തില്‍ എത്തുന്ന സീറോയുടെ മുടക്കുമുതല്‍ 160 കോടി രൂപയാണ്.
4. 2.0
രജനികാന്ത് – ഷങ്കര്‍ ടീം ഒന്നിക്കുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് 2.0. ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാര്‍ വില്ലന്‍ വേഷത്തിലെത്തുന്ന സിനിമയില്‍ ആമി ജാക്സണാണ് നായിക. 450 കോടി രൂപ ചിലവില്‍ വരുന്ന 2.0 ഇന്ത്യയില്‍ ഇതുവരെ നിര്മിക്കപ്പെട്ടതില് വച്ച് ഏറ്റവും ചെലവേറിയ ചിത്രമാണ്.
5. മഹാഭാരത്
എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന പ്രശസ്തമായ നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ് മഹാഭാരത്. മോഹന്‍ലാല്‍ നായകനാകുന്ന സിനിമ ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യും. രണ്ടു ഭാഗങ്ങളായി പുറത്തിറങ്ങുന്ന സിനിമ ആയിരം കോടി രൂപ ചെലവില്‍ ബിആര്‍ ഷെട്ടിയാണ് നിര്‍മിക്കുന്നത്.
Post Your Comments