
ഇത് ബയോപിക് സിനിമകളുടെ കാലമാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും മേരി കോമിന്‍റെയും സിനിമകള്‍ ബോളിവുഡില്‍ വന്‍ വിജയമായത് അടുത്ത കാലത്താണ്. വി പി സത്യന്‍റെ ജീവിതം പറയുന്ന ക്യാപ്റ്റന്‍ മലയാളത്തില്‍ നിറഞ്ഞ സദസില്‍ ഓടുകയാണ്. ഐ എം വിജയനെ കുറിച്ചുള്ള സിനിമ അണിയറയില്‍ ഒരുങ്ങുന്നു.
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ബയോപിക് സിനിമകള്‍ ചെയ്ത നടനാണ് മമ്മൂട്ടി. മതിലുകളില്‍ വൈക്കം മുഹമ്മദ് ബഷീറിനെ അവതരിപ്പിച്ച അദ്ദേഹം പിന്നീട് അംബേദ്‌ക്കറായും വേഷമിട്ടു. രണ്ടു ചിത്രങ്ങള്‍ക്കും അദ്ദേഹത്തിന് ദേശിയ അവാര്‍ഡ് കിട്ടി. ഇപ്പോള്‍ ഒരു തെലുഗു ബയോപിക് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമാകാനുള്ള അവസരമാണ് നടന് കൈവന്നിരിക്കുന്നത്.
വൈ എസ് ആര്‍ എന്ന് പറഞ്ഞാല്‍ അറിയാത്തവരായി ആരുമുണ്ടാകില്ല. ആന്ധ്ര മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖര റെഡ്ഡിയെ എല്ലാവരും ആദരവോടെ വിളിച്ചിരുന്നത് ആ ചുരുക്ക പേരിലാണ്. സംസ്ഥാനത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയെ വളര്‍ത്തിയ നേതാവ്. രണ്ടു വട്ടം തുടര്‍ച്ചയായി മുഖ്യമന്ത്രിയായ അദ്ദേഹം അധികാരത്തിലിരിക്കെ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണമടയുകയായിരുന്നു.
മഹി രാഘവ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയില്‍ മമ്മൂട്ടി വൈ എസ് ആര്‍ ആകും. യാത്ര എന്ന് പേരിട്ടിരിക്കുന്ന ബിഗ് ബഡ്ജറ്റ് സിനിമ നിര്‍മിക്കുന്നത് വിജയ് ചില്ലയും ശശി ദേവി റെഡ്ഡിയും ചേര്‍ന്നാണ്. നയന്‍താരയാണ് നായിക. പതിനേഴാം നൂറ്റാണ്ടിലെ ചാവേര്‍ പോരാളികളുടെ കഥ പറയുന്ന മാമാങ്കത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്.
Post Your Comments