CinemaComing SoonGeneralLatest NewsMollywood

വിസ്മയിപ്പിക്കാനായി കാളിയന്‍ വരുന്നു

മലയാള സിനിമയില്‍ ഇപ്പോള്‍ ചരിത്ര സിനിമകളുടെ കാലമാണ്. സൂപ്പര്‍താരങ്ങളും കോടികളുടെ മുതല്‍ മുടക്കുമായി ഒരു പിടി ചരിത്ര സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. മാമാങ്കത്തിന്‍റെ ചരിത്രവും ചാവേറുകളുടെ സംഭവ ബഹുലമായ കഥയും പറയുന്ന മമ്മൂട്ടി ചിത്രമായ മാമാങ്കത്തിന്‍റെ ഷൂട്ടിംഗ് അടുത്തിടെ മംഗലാപുരത്ത് തുടങ്ങി. മമ്മൂട്ടി- സന്തോഷ്‌ ശിവന്‍ ടീം ആദ്യമായി ഒന്നിക്കുന്ന കുഞ്ഞാലി മരയ്ക്കാര്‍ ജൂലായില്‍ തുടങ്ങും.

മോഹന്‍ലാല്‍ നായകനാകുന്ന രണ്ടാമൂഴത്തിന്‍റെ ഷൂട്ടിംഗ് ഈ വര്‍ഷം തന്നെ തുടങ്ങും. ബി ആര്‍ ഷെട്ടി നിര്‍മിക്കുന്ന ബ്രഹ്മാണ്ട സിനിമ രണ്ടു ഭാഗങ്ങളായിട്ടായിരിക്കും പുറത്തിറങ്ങുക. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന രണ്ടാമൂഴം എം ടി വാസുദേവന്‍ നായരുടെ അതേ പേരിലുള്ള പ്രശസ്തമായ നോവലിന്‍റെ ചലച്ചിത്രാവിഷ്ക്കാരമാണ്. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ നേരത്തെ കുഞ്ഞാലി മരയ്ക്കാര്‍ അനൌണ്‍സ് ചെയ്തിരുന്നുവെങ്കിലും സമാനമായ പ്രമേയവുമായി മമ്മൂട്ടി ചിത്രം വരുന്നത് കൊണ്ട് പദ്ധതി തല്‍ക്കാലത്തേക്ക് നീട്ടിവച്ചു.

ബാഹുബലി സിനിമയിലൂടെ പ്രശസ്തനായ റാണ ദഗ്ഗുബാട്ടിയെ കേന്ദ്ര കഥാപാത്രമാക്കി കെ മധു മാര്‍ത്താണ്ടവര്‍മ്മ ഒരുക്കുന്ന തിരക്കിലാണ് ഇപ്പോള്‍. സിനിമക്ക് വേണ്ടി സംവിധായകന്‍ ആദ്യം മമ്മൂട്ടിയേ സമിപിച്ചിരുന്നുവെങ്കിലും വിവിധ ചരിത്ര സിനിമകളുടെ തിരക്കിലായത് കൊണ്ട് താരം നിരസിക്കുകയായിരുന്നുവെന്ന് പറയുന്നു. വസ്തുതകള്‍ എന്തു തന്നെയായാലും തന്‍റെ സിനിമക്ക് മമ്മൂട്ടി എല്ലാ ആശംസകളും നേര്‍ന്നിട്ടുണ്ടെന്നാണ് കെ മധു കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

മമ്മൂട്ടിയെ നായകനാക്കി മധുപാല്‍ സംവിധാനം ചെയ്യാനിരുന്ന കര്‍ണ്ണന്‍ നിര്‍മാതാവിനെ ലഭിക്കാത്തത് കൊണ്ട് മാറ്റി വച്ചിരിക്കുകയാണ്. ആര്‍ എസ് വിമലിന്‍റെ സംവിധാനത്തില്‍ പ്രിഥ്വിരാജിനെ നായകനാക്കി ചെയ്യാനിരുന്ന കര്‍ണ്ണനില്‍ തമിഴ് സൂപ്പര്‍താരം വിക്രമായിരിക്കും ഇനി അഭിനയിക്കുക. തമിഴിലും തെലുഗുവിലും ഹിന്ദിയിലുമായി പുറത്തിറങ്ങുന്ന സിനിമയുടെ ഷൂട്ടിംഗ് ആഗസ്റ്റ്‌ മാസത്തില്‍ തുടങ്ങും. റോഷന്‍ ആണ്ട്രൂസ് സംവിധാനം ചെയ്ത് നിവിന്‍ പോളി
മുഖ്യ വേഷത്തിലെത്തുന്ന കായംകുളം കൊച്ചുണ്ണിയാണ് മലയാളത്തില്‍ അടുത്തിടെ വരുന്ന മറ്റൊരു ചരിത്ര സിനിമ. മോഹന്‍ലാല്‍ ഇത്തിക്കര പക്കിയാകുന്ന
സിനിമ ഇതിനകം ശ്രദ്ധാകേന്ദ്രമായി കഴിഞ്ഞു.

വേണാട് ചരിത്രത്തിലെ ധീര നായകനായ കാളിയന്‍റെ പേരിലുള്ള സിനിമയാണ് ഇപ്പോള്‍ പുതുതായി അനൌണ്‍സ് ചെയ്തിരിക്കുന്നത്. തിരുവിതാംകൂര്‍ രാജാവിന്‍റെ പടത്തലവനായിരുന്ന ഇരവിക്കുട്ടിപിള്ളയുടെ വിശ്വസ്തനായിരുന്നു കുഞ്ഞിരക്കോട്ടു കാളി എന്ന കാളിയന്‍. മധുരക്കെതിരെ നടന്ന യുദ്ധം ഏതാണ്ട് ഒറ്റയ്ക്ക് നയിച്ച കാളിയനായി അഭിനയിക്കുന്നത് പ്രിഥ്വിരാജാണ്. മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ രാജിവ് നായര്‍ നിര്‍മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് എസ് മഹേഷാണ്. ഫേസ്ബുക്കിലൂടെ നടന്‍ പ്രിഥ്വിരാജ് തന്നെയാണ് സിനിമയുടെ വിവരങ്ങള്‍ പുറത്തു വിട്ടത്.

shortlink

Related Articles

Post Your Comments


Back to top button