മനോജ്
ഇന്ന് സിനിമകൾ മുമ്പൊന്നും ഇല്ലാത്ത വിധം വിവാദങ്ങളിൽ നിറയുകയാണ്. പത്മാവതും ആമിയും മുതൽ ഇനി പുറത്തിറങ്ങാനിരിക്കുന്ന മണികർണ്ണിക വരെ വാർത്തകളിൽ ഇടം പിടിക്കുന്നത് അവ കൈകാര്യം ചെയ്ത പ്രമേയത്തിൻറെ വ്യത്യസ്ഥതയുടെ പേരിലല്ല മറിച്ച് ചില വിയോജിപ്പുകളുടെ പേരിലാണ്. വ്യക്തിപരവും അല്ലാതെയുമുള്ള അഭിപ്രായവ്യത്യാസങ്ങൾ കോടതി നടപടികളിലേക്കും പ്രക്ഷോഭങ്ങളിലേക്കും നീളുന്നത് ഇക്കാലത്ത് നിത്യസംഭവമാണെന്നു തന്നെ പറയാം.
താരതമ്യേന ചെറിയ വ്യവസായമാണെങ്കിലും മലയാളസിനിമയും വിവാദങ്ങളിൽനിന്ന് മുക്തമല്ല. വിവിധ കാരണങ്ങൾ കൊണ്ട് ശ്രദ്ധാകേന്ദ്രമായി മാറിയ അത്തരം ചില സിനിമകളെ പരിചയപ്പെടാം.
1. തന്മാത്ര
മോഹൻലാലിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രം. ഒരു അൽഷിമേഴ്സ് ബാധിതനായി ലാൽ തകർത്തഭിനയിച്ച സിനിമ സദാചാര പോലീസുകാരുടെ നിശിത വിമർശനത്തിനും ഇരയായി. നായകനും ബാല്യകാലസുഹൃത്തുമൊത്തുള്ള രംഗങ്ങളും അവസാന ഭാഗങ്ങളിൽ സൂപ്പർതാരം നഗ്നനായി അഭിനയിച്ചതുമൊക്കെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചു. പ്രതിഷേധങ്ങളെ തുടർന്ന് പ്രസ്തുത രംഗങ്ങൾ സിനിമയിൽ നിന്ന് നീക്കം ചെയ്യേണ്ടി വന്നു.
2 .ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്
മുരളിഗോപിയുടെ രചനയിൽ അരുൺകുമാർ അരവിന്ദ് സംവിധാനം ചെയ്ത ചിത്രം. ഇടതുപക്ഷരാഷ്ട്രീയത്തെ വിമർശനാത്മകമായി സമീപിച്ച സിനിമക്ക് മലബാർ മേഖലയിലാണ് കൂടുതൽ പ്രശ്നങ്ങൾ നേരിടേണ്ടി വന്നത്. ഹരീഷ് പേരാടി അവതരിപ്പിച്ച പ്രതിനായക കഥാപാത്രത്തിന് ഒരു പ്രമുഖ രാഷ്ട്രീയ നേതാവിനോട് സാമ്യമുണ്ടെന്ന പ്രചാരണം ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിൻറെ പ്രദർശനത്തെയും കളക്ഷനെയും സാരമായി ബാധിച്ചു.
3. പത്രം
സുരേഷ്ഗോപിയെ നായകനാക്കി രൺജിപണിക്കരുടെ രചനയിൽ ജോഷി സംവിധാനം ചെയ്ത സിനിമ. മാധ്യമരംഗത്തെ അന്തച്ഛിദ്രവും കുടിപ്പകയും തുറന്നു കാട്ടിയ ചിത്രം രാഷ്ട്രീയ അന്തർനാടകങ്ങൾക്ക് നേരെയും ശക്തമായ പ്രതികരണങ്ങളാണ് അഴിച്ചു വിട്ടത്. കേരള പ്രസ് അക്കാദമി സിനിമയുടെ റിലീസിനെതിരേ നിയമനടപടികൾ സ്വീകരിച്ചതോടെ നിർമാതാക്കൾക്ക് സെൻസർബോർഡ് സർട്ടിഫിക്കറ്റിനു വേണ്ടി ഏറെ പണിപ്പെടേണ്ടി വന്നു.
4. അവളുടെ രാവുകൾ
സീമയെ നായികയാക്കി ഐ വി ശശി സംവിധാനം ചെയ്ത ചിത്രം 1978ലാണ് പുറത്തിറങ്ങിയത്. നായിക ഒരു ഷർട്ട് മാത്രം ധരിച്ച പോസ്റ്റർ പുറത്തുവന്നതോടെ വിവാദങ്ങളും തുടങ്ങി. മലയാളസിനിമ അന്നുവരെ കണ്ടിട്ടില്ലാത്ത വ്യത്യസ്ഥമായ പാതയിൽ കൂടി സഞ്ചരിച്ച അവളുടെ രാവുകൾ എ സർട്ടിക്കറ്റോടെയാണ് പുറത്തുവന്നത്.
5. ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക്
എസ്എൽ പുരം സദാനന്ദൻറെ രചനയിൽ കെ ജി ജോർജ്സം സംവിധാനം ചെയ്ത ചിത്രം. അകാലത്തിൽ മരിച്ച നടി ശോഭയുടെ ജീവിതവും സംവിധായകൻ ബാലു മഹേന്ദ്രയുമായി അവർക്കുണ്ടായിരുന്ന അടുപ്പവും അവലംബമാക്കിയെടുത്ത സിനിമ ഏറെ കോലാഹലങ്ങൾക്ക് ശേഷമാണ് റിലീസ് ചെയ്തത്.
6. തിരക്കഥ
രഞ്ജിത്ത് രചനയും സംവിധാനവും നിർവഹിച്ച സിനിമ വെള്ളിത്തിരക്ക് പിന്നിലെ ജീവിതവും പ്രണയവുമാണ് വരച്ചുകാട്ടിയത്. മുഖ്യനായികാ കഥാപാത്രത്തിന് നടി ശ്രീവിദ്യയുമായി സാമ്യമുണ്ടെന്ന് വാർത്തകൾ വന്നതോടെ വിമർശകർ രംഗത്തു വന്നു. ശ്രീവിദ്യയോടുള്ള ആദരസൂചകമായാണ് സിനിമ എടുക്കുന്നതെന്ന് നേരത്തെ പറഞ്ഞ രഞ്ജിത്ത് അതോടെ ചുവടു മാറ്റി. പ്രമേയത്തിലെ സാദൃശ്യം കേവലം യാദൃശ്ചികം മാത്രമാണെന്നാണ് അദ്ദേഹം പിന്നീട് പത്ര മാധ്യമങ്ങൾ വഴി പറഞ്ഞത്.
7. കളിമണ്ണ്
ശ്വേതമേനോനെ കേന്ദ്രകഥാപാത്രമാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രം. നടിയുടെ പ്രസവം തത്സമയം ചിത്രീകരിക്കുന്നു എന്നതിൻറെ പേരിലാണ് കളിമണ്ണ് വാർത്തകൾ സൃഷ്ടിച്ചത്. വനിതാ സംഘടനകളിൽനിന്നും മറ്റ് സ്ത്രീപക്ഷ വേദികളിൽ നിന്നും എതിർപ്പുകൾ നേരിട്ടെങ്കിലും വിവാദങ്ങൾ സിനിമയെ സാമ്പത്തികമായി തുണച്ചില്ല.
8. എൻ്റെ സൂര്യപുത്രിക്ക്
അമലയെയും ശ്രീവിദ്യയെയും മുഖ്യകഥാപാത്രങ്ങളാക്കി ഫാസിൽ സംവിധാനം ചെയ്ത സിനിമ. കോളേജ് പെൺകുട്ടികളെ വഴിതെറ്റിക്കുന്നു, ഹോസ്റ്റൽ വിട്ട് അവരെ ഒളിച്ചോടാൻ പ്രേരിപ്പിക്കുന്നു എന്നൊക്കെയാണ് വിമർശകർ സൂര്യപുത്രിക്കെതിരെ നിരത്തിയ ആരോപണങ്ങൾ.
9 .ക്രൈം ഫയൽ
സുരേഷ്ഗോപിയെ നായകനാക്കി കെ മധു ഒരുക്കിയ ഇൻവെസ്റ്റിഗേറ്റിവ് ത്രില്ലർ. അഭയ കേസ് ആസ്പദമാക്കിയെടുത്ത സിനിമക്ക് ക്രൈസ്തവ സഭകളിൽ നിന്നാണ് ആദ്യം എതിർപ്പ് നേരിടേണ്ടി വന്നത്. സത്യം വളച്ചൊടിക്കുന്നു എന്ന ആരോപണവുമായി റിലീസിന് ശേഷം എതിര്പക്ഷവും രംഗത്തുവന്നതോടെ ക്രൈം ഫയൽ തുടർന്നും വാർത്താ കോളങ്ങളിൽ നിറഞ്ഞു.
1 0.രതിനിർവേദം
ജയഭാരതി, കൃഷ്ണചന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ഭരതൻ ചിത്രം. പപ്പു എന്ന പ്ലസ് ടു വിദ്യാർത്ഥിക്ക് അയൽക്കാരിയും ഭർതൃമതിയുമായ രതിയോടു തോന്നിയ ലൈംഗിക താൽപര്യങ്ങളിൽ കൂടി സഞ്ചരിച്ച ചിത്രം സദാചാരവാദികളുടെ ഉറക്കം കെടുത്തി. മലയാളികൾക്ക് നവീനമായ ദൃശ്യാനുഭവം സമ്മാനിച്ച രതി നിർവേദം ദക്ഷിണേന്ത്യൻ സിനിമയിലെ നിർമാണ രീതിയെ തന്നെ മാറ്റിമറിച്ചു.
1 1 . പൊന്മുട്ടയിടുന്ന താറാവ്
ശ്രീനിവാസൻറെ രചനയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം പൊന്മുട്ടയിടുന്ന തട്ടാൻ എന്ന പേരിലാണ് ആദ്യം അനൗൺസ് ചെയ്തത്. ജാതീയമായി ആക്ഷേപിക്കുന്നു എന്ന് പറഞ്ഞ് സ്വർണ്ണ പണിക്കാരിൽ നിന്ന് പ്രതിഷേധ സ്വരം ഉയർന്നതോടെ സിനിമയുടെ പേര് മാറ്റേണ്ടി വന്നു.
1 2 . സൂപ്പർസ്റ്റാർ
മദൻലാലിനെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത ചിത്രം .ഒരു സൂപ്പർതാരത്തിൻറെ അപരന് ജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ സരസമായി അവതരിപ്പിച്ച സിനിമ പക്ഷെ നായകനെയും സംവിധായകനെയും ദോഷകരമായി ബാധിച്ചു. മോഹൻലാലിൻറെ എതിരാളികളാണ് സൂപ്പർസ്റ്റാറിൻറെ പിന്നിൽ പ്രവർത്തിച്ചതെന്ന പ്രചാരണം മൂലം പല കേന്ദ്രങ്ങളിലും സിനിമയുടെ പ്രദർശനം നിർത്തേണ്ടി വന്നു.
Post Your Comments