മനോജ്
മലയാള സിനിമയില്‍ ഇപ്പോള്‍ മക്കള്‍ തരംഗമാണ്. ജനപ്രിയരായ നിരവധി താരങ്ങളുടെയും സംവിധായകരുടെയും മക്കളാണ് ഇന്ന് മലയാളത്തില്‍
സജീവമായിട്ടുള്ളത്. അന്തരിച്ച നടന് സുകുമാരന്റെ മക്കളായ ഇന്ദ്രജിത്ത്, പ്രിഥ്വിരാജ് എന്നിവരില്‍ തുടങ്ങുന്ന ആ നിര ഒടുവില്‍ എത്തി നില്‍ക്കുന്നത് മുകേഷിന്റെ മകന് ശ്രാവണിലാണ്. ശ്രാവണ്‍ അരങ്ങേറ്റം കുറിച്ച കല്യാണം കഴിഞ്ഞ ആഴ്ചയാണ് റിലീസ് ചെയ്തത്. കേരളത്തില്‍ മാത്രമല്ല തമിഴകത്തും, ബോളിവുഡിലുമൊക്കെ മക്കള്‍ വാഴ്ച്ചയാണെന്ന് പറഞ്ഞാല്‍ തെറ്റില്ല.
ബോളിവുഡിലെ മുന്‍നിര താരങ്ങളായ രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, കരീന കപൂര്‍, സെയ്ഫ് അലിഖാന്, ഋതിക് റോഷന്, അഭിഷേക് ബച്ചന് എന്നിവര്‍ പ്രശസ്തരായ മുന്‍കാല അഭിനേതാക്കളുടെ പിന്മുറക്കാരാണ്. തമിഴിന്റെ കാര്യം നോക്കുക. വിജയ്, സൂര്യ, കാര്‍ത്തി, ധനുഷ്, വിക്രം പ്രഭു, ശ്രുതി ഹാസന് എന്നിവര്‍ക്കും സമ്പന്നമായ ഒരു സിനിമാ പൈതൃകം അവകാശപ്പെടാന്‍ സാധിക്കും. വിജയുടെ പിതാവ് എസ് എ ചന്ദ്രശേഖരനും ധനുഷിന്റെ പിതാവ് കസ്തൂരി രാജയും സംവിധായകനിരയിലെ ശ്രദ്ധേയ വ്യക്തിത്വങ്ങളായിരുന്നുവെങ്കില് സൂര്യയുടെയും കാര്‍ത്തിയുടെയും പിതാവ് ശിവകുമാര്‍, വിക്രം പ്രഭുവിന്റെ പിതാവ് പ്രഭു, ശ്രുതിയുടെ പിതാവ് കമല്‍ ഹാസന് എന്നിവര്‍ അഭിനയ രംഗത്തെ കുലപതികളായിരുന്നു.
മലയാളത്തിലെ നിത്യ ഹരിത നായകന് പ്രേംനസീറിന്റെ മകന് ഷാനവാസിന് പക്ഷെ സിനിമാ രംഗത്ത് വിജയിക്കാനായില്ല. നസീറിന്റെ സഹോദരന് പ്രേംനവാസിനും സമാനമായ അനുഭവമാണ് ഉണ്ടായത്. കൊട്ടാരക്കര ശ്രീധരന് നായരുടെ മകന് സായ്കുമാര് മെച്ചപ്പെട്ട നേട്ടം കൈവരിച്ചപ്പോള്‍ ഷീലയുടെ മകന് വിഷ്ണുവും എം ജി സോമന്റെ മകന് സജിയും മോഹന്‍ലാലിന്റെ ജ്യേഷ്ടന് പ്യാരിലാലിനും ഒന്നോ രണ്ടോ സിനിമകള്‍ കഴിഞ്ഞപ്പോള്‍ രംഗം വിടേണ്ടി വന്നു. ധര്‍മേന്ദ്രയുടെ പിന്‍ബലത്തില്‍ സിനിമാ രംഗത്ത് വന്ന സണ്ണി ഡിയോള്‍, ബോബി ഡിയോള്‍, ഹേമമാലിനിയുടെ മകള്‍ ഇഷ എന്നിവര്‍ക്ക് ആദ്യമൊക്കെ സിനിമ പ്രേമികളുടെ ഹൃദയത്തില്‍ ഇടം ലഭിച്ചെങ്കിലും ക്രമേണ അവരും വിസ്മൃതിയിലായി. എന്നാല്‍ പുതു തലമുറയുടെ കാര്യം തുലോം വ്യത്യസ്ഥമാണ്. പാരമ്പര്യത്തിനൊപ്പം അഭിനയ മികവും കൈമുതലായുള്ള അവര്‍ക്ക് സിനിമയിലെ വിവിധ രംഗങ്ങളില്‍ സ്വന്തം കയ്യൊപ്പ് പതിപ്പിക്കാന്‍ ആകുന്നുണ്ട്. അങ്ങനെയുള്ള പ്രമുഖരായ താര സന്തതികളെ പരിചയപ്പെടാം.
1. പ്രിഥ്വിരാജ് സുകുമാരന്‍, ഇന്ദ്രജിത്ത് സുകുമാരന്‍
മലയാളത്തിലെ താര പുത്രന്മാരുടെ കണക്കെടുത്താല്‍ മുന്‍നിരയില്‍ തന്നെയാണ് ഇരുവരുടെയും സ്ഥാനം. നന്ദനം എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച പ്രിഥ്വിരാജ് അടുത്ത സൂപ്പര്‍സ്റ്റാര്‍ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. വ്യത്യസ്ഥങ്ങളായ പ്രമേയങ്ങളുടെയും പരീക്ഷണ സിനിമകളുടെയും വക്താവായ അദ്ദേഹം മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി ഭാഷകളിലും സജീവമാണ്. ലൂസിഫര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ സംവിധായ മേലങ്കി അണിയാനൊരുങ്ങുന്ന പ്രിഥ്വി താന്‍ സിനിമയില്‍ വന്നത് കേവലം ഭാഗ്യം കൊണ്ടല്ലെന്ന് ഇതിനകം തെളിയിച്ചു കഴിഞ്ഞു.
അനുജന്റെ അത്ര വിജയിക്കാനായില്ലെങ്കിലും പുതിയ തലമുറയിലെ ശ്രദ്ധേയനായ നടനാണ് ഇന്ദ്രജിത്ത്. വിനയന്റെ ഊമപ്പെണ്ണിനു ഉരിയാടാപയ്യന്‍ എന്ന സിനിമയിലൂടെ വില്ലനായി വന്ന അദ്ദേഹത്തിന് ഹാസ്യവും സ്വഭാവ വേഷങ്ങളും നന്നായി വഴങ്ങുന്നുണ്ട്. ഇന്ദ്രജിത്ത് അഭിനയിച്ച് അടുത്തതായി പുറത്തിറങ്ങുന്ന മോഹന്‍ലാല്‍ എന്ന സിനിമയിലൂടെ മകള്‍ പ്രാര്‍ഥനയും വെള്ളിത്തിരയില്‍ ഹരീശ്രീ കുറിച്ചു.
2. ദുല്‍ഖര്‍ സല്മാന്
മമ്മൂട്ടിയുടെ മകന് എന്ന നിലയിലാണ് സിനിമയില്‍ വന്നതെങ്കിലും ഇന്ന് ദുല്‍ഖര്‍ ദക്ഷിണേന്ത്യ മുഴുവന്‍ അറിയപ്പെടുന്ന നടനാണ്. അദ്ദേഹം അഭിനയിച്ച ഉസ്താദ് ഹോട്ടല്‍, ബാംഗ്ലൂര്‍ ഡെയ്സ്, വിക്രമാദിത്യന്, കമ്മട്ടിപ്പാടം എന്നി ചിത്രങ്ങള്‍ മികച്ച വിജയം കൊയ്തപ്പോള്‍ ചാര്‍ളി, ഓകെ കണ്മണി, സിഐഎ എന്നിവയിലെ പ്രകടനം നിരൂപക പ്രശംസ നേടിക്കൊടുത്തു. തമിഴിനു പുറമേ ഹിന്ദിയിലും അഭിനയിക്കുന്ന ഡിക്യുവാണ് ഇന്നത്തെ ചെറുപ്പക്കാരുടെ റോള്‍ മോഡല്‍ എന്ന് പറഞ്ഞാലും തെറ്റില്ല.
3. പ്രണവ് മോഹന്‍ലാല്‍
പ്രണവ് നായകനായി അഭിനയിച്ച ആദി ഇപ്പോഴും നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. അദ്ദേഹത്തിന്റെ ചടുലമായ പ്രകടനം തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. ഒരു പുതുമുഖ നടന്റെ സിനിമക്ക് ഇത്ര ഗംഭീരമായ ഇനിഷ്യല്‍ കളക്ഷന്‍ കിട്ടുന്നതും ആദ്യമായിട്ടാണ്. സോഷ്യല്‍ മീഡിയ ഉപയോഗിക്കാത്ത, പൊതുവേദികളില്‍ അധികം പ്രത്യക്ഷപ്പെടാത്ത, ലളിത ജീവിതം നയിക്കുന്ന പ്രണവ് മറ്റ് നടന്മാരില് നിന്ന് വ്യത്യസ്ഥമായ പാതയില്‍ കൂടിയാണ് സഞ്ചരിക്കുന്നതെന്ന് പറയാം.
4. ഫഹദ് ഫാസില്‍
ഫാസില്‍ സംവിധാനം ചെയ്ത കയ്യെത്തും ദൂരത്തിലൂടെയാണ് ഫഹദ് സിനിമയില്‍ എത്തിയത്. സിനിമ പരാജയപ്പെട്ടതോടെ ഉന്നത വിദ്യാഭ്യാസത്തിനായി അമേരിക്കയിലേക്ക് പോയ അദ്ദേഹം പിന്നീട് ഒരു നീണ്ട ഇടവേളക്ക് ശേഷമാണ് ക്യാമറക്ക് മുന്നിലെത്തിയത്. ആ മടങ്ങി വരവ് വെറുതെയായില്ല.ഇന്ന് ഇന്ത്യയിലെ മികച്ച അഭിനേതാക്കളുടെ നിരയിലാണ് ഫഹദ് ഫാസിലിന്റെ സ്ഥാനം. മഹേഷിന്റെ പ്രതികാരം, ഡയമണ്ട് നെക്ക്ലസ്, തൊണ്ടിമുതലും ദൃക്സാക്ഷിയും, വേലൈക്കാരന് എന്നിവയാണ് അദ്ദേഹത്തിന്റെ അഭിനയ പാടവം പുറത്തെടുത്തത്.
5. വിനീത് ശ്രീനിവാസന്, ധ്യാന്‍ ശ്രീനിവാസന്
മലയാള സിനിമ കണ്ട ഏറ്റവും മികച്ച തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ്ശ്രീ നിവാസന്. അദ്ദേഹത്തിന്റെ മകന് വിനീത് തിരക്കഥയിലും സംവിധാനത്തിലും,
ആലാപനത്തിലും അഭിനയത്തിലുമൊക്കെ ഒരുപോലെ കയ്യൊപ്പ് പതിപ്പിച്ചപ്പോള്‍ ധ്യാന്‍ ആലാപനം ഒഴികെയുള്ള മേഖലകളിലാണ് ശ്രദ്ധ കേന്ദ്രികരിച്ചത്.
മലയാളത്തിലെ താര സന്തതികളുടെ പട്ടിക ഇവിടെ തീരുന്നില്ല. സുരേഷ്ഗോപിയുടെ മകന് ഗോകുല്‍ സുരേഷ്, ജയറാമിന്റെ മകന് കാളിദാസന്, മുകേഷിന്റെ മകന് ശ്രാവണ്‍, സുരേഷ് കുമാര്‍-മേനക ദമ്പതികളുടെ മകളായ കീര്‍ത്തി സുരേഷ്, ഉദയ സ്റ്റുഡിയോയുടെ പിന്തലമുറക്കാരനായ കുഞ്ചാക്കോ ബോബന്, സംവിധായകന് ലാലിന്റെ മകന് ജീന്‍ പോള്‍ ലാല്‍ ജൂനിയര്‍, രണ്‍ജി പണിക്കരുടെ മകന് നിതിന്‍, ടിജി രവിയുടെ മകന് ശ്രീജിത്ത് രവി, ബാലന് കെ നായരുടെ മകന് മേഘനാഥന്, ഭരതന്-കെപിഎസി ലളിത ദമ്പതികളുടെ മകന് സിദ്ധാര്‍ഥ്, മമ്മൂട്ടിയുടെ സഹോദരന് ഇബ്രാഹിം കുട്ടിയുടെ മകന് മക്ബൂല്‍ സല്മാന്, നടന് രതിഷിന്റെ മകന് പദ്മരാജ്, മകള്‍ പാര്‍വതി, മണിയന്‍പിള്ള രാജുവിന്റെ മകന് നിരഞ്ജന് എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം.
Post Your Comments