CinemaEast Coast SpecialFilm ArticlesGeneralLatest NewsSpecial

മലയാള സിനിമയിലെ പ്രണയ വിവാഹങ്ങള്‍; ഭരതന്‍-കെപിഎസി ലളിത മുതല്‍ ദിലീപ്-കാവ്യ മാധവന്‍ വരെ

പ്രണയം എന്നും നമ്മുടെ ഇഷ്ട വിഷയമാണ്. കവികള്‍ പാടിപ്പുകഴ്ത്തിയ ആ കാല്‍പ്പനിക വികാരം ഇതിവൃത്തമാക്കിയ എത്രയോ സിനിമകളാണ് പ്രേക്ഷകര്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങിയത്. നായികാ നായകന്മാരുടെ പ്രണയവും ഒളിച്ചോട്ടവും
വിവാഹവും എത്രയോ പ്രാവശ്യം വെള്ളിത്തിരയില്‍ കണ്ടെങ്കിലും ഒട്ടും മടുക്കാതെ നമ്മള്‍ അതേ ജനുസ്സില്‍പ്പെട്ട അടുത്ത സിനിമയ്ക്ക് വേണ്ടി അക്ഷമയോടെ കാത്തിരിക്കുന്നു. സിനിമയിലെ പ്രണയ ജോഡികളെ കുറിച്ച് പറയുമ്പോള്‍ നമ്മുടെ മനസ്സില്‍ ആദ്യമെത്തുന്ന ചില മുഖങ്ങളുണ്ട്. പ്രേംനസീര്‍ – ഷീല, മമ്മൂട്ടി – സുമലത, മോഹന്‍ലാല്‍ – ശോഭന, ജയറാം – പാര്‍വതി എന്നിവരാണ് അതില്‍ പ്രമുഖര്‍. ഇവരില്‍ മിക്കവരുടെയും പ്രണയം സംവിധായകന്‍റെ സ്റ്റാര്‍ട്ട് കട്ട് വിളികള്‍ക്കിടയില്‍ ഒതുങ്ങിയപ്പോള്‍ മറ്റ് ചിലരുടേത് അതിനുമപ്പുറത്തേക്ക് നീണ്ടു. യഥാര്‍ത്ഥ ജീവിതത്തിലെ അവരുടെ പ്രണയവും ഒളിച്ചോട്ടവുമൊക്കെ സിനിമാ കാഴ്ചകളെ പോലും വെല്ലുവിളിക്കുന്നതായിരുന്നു.

ഭരതന്‍-ശ്രീവിദ്യ, ഐവി ശശി-സീമ, സുരേഷ് കുമാര്‍-മേനക, മുകേഷ്-സരിത, പ്രിയദര്‍ശന്‍-ലിസി, ദിലീപ്-മഞ്ജു വാര്യര്‍, ശ്രീനാഥ്- ശാന്തി കൃഷ്ണ, ചിപ്പി- രഞ്ജിത്ത്, ബാബുരാജ്- വാണി വിശ്വനാഥ്, സായ് കുമാര്‍- ബിന്ദു പണിക്കര്‍, മനോജ്‌ കെ ജയന്‍ – ഉര്‍വശി, വിധു പ്രതാപ്- ദീപ്തി, കൃഷ്ണ ചന്ദ്രന്‍- വനിത, അമല പോള്‍- എ എല്‍ വിജയ്‌ എന്നിവര്‍ സിനിമാ ലോകത്ത് നിന്ന് തന്നെയാണ് ജീവിത പങ്കാളിയെ കണ്ടെത്തിയത്. മേല്‍ പറഞ്ഞവരില്‍ മുകേഷ്-സരിത, പ്രിയദര്‍ശന്‍-ലിസി, ദിലീപ്-മഞ്ജുവാര്യര്‍, ശ്രീനാഥ്-ശാന്തി കൃഷ്ണ, മനോജ്‌ കെ ജയന്‍-ഉര്‍വശി, അമല പോള്‍-എ എല്‍ വിജയ്‌ എന്നിവര്‍ പിന്നീട് വേര്‍പ്പിരിഞ്ഞു.

ഇന്നത്തെ തലമുറക്ക് സുപരിചിതരായ മറ്റ് പ്രമുഖ താര ജോഡികള്‍ ഇവരാണ്.

1. ഭരതന്‍ – കെപിഎസി ലളിത

ശ്രീവിദ്യയുമായുള്ള ബന്ധം തകര്‍ന്നതിന് ശേഷമാണ് ഭരതന്‍ ലളിതയുമായി അടുക്കുന്നത്. അതിനകം ഭരതന്‍റെ ചില സിനിമകളില്‍ ലളിത അഭിനയിച്ചു കഴിഞ്ഞിരുന്നു. രതിനിര്‍വേദം എന്ന സിനിമയുടെ സെറ്റില്‍ വച്ച് ഭരതന്‍ നടത്തിയ പ്രണയാഭ്യര്‍ത്ഥനക്ക് കെപിഎസി ലളിത അനുകൂലമായി പ്രതികരിച്ചതോടെ ആ ബന്ധം വിവാഹത്തിന് വഴി മാറി.

2. ജയറാം – പാര്‍വതി

ജയറാം സിനിമയില്‍ എത്തുന്നതിന് മുമ്പേ പാര്‍വതി അറിയപ്പെടുന്ന അഭിനേത്രിയാണ്. പത്മരാജന്‍റെ അപരനില്‍ കൂടി ജയറാം സിനിമാ പ്രവേശനം നടത്തിയപ്പോള്‍ പാര്‍വതിയും കൂടെയുണ്ടായിരുന്നു. ശോഭന നായികയായെത്തിയ സിനിമയില്‍ ജയറാമിന്‍റെ സഹോദരിയുടെ വേഷത്തിലാണ് അവര്‍ അഭിനയിച്ചത്. ജയറാമിന്‍റെ ആദ്യ നായികയാകാന്‍ കഴിഞ്ഞില്ലെങ്കിലും അവര്‍ പിന്നീട് നടന്‍റെ ജീവിതത്തിലെ നായികയായി.

3. ബിജു മേനോന്‍ – സംയുക്ത വര്‍മ്മ

ഇന്ന് മലയാള സിനിമയില്‍ ഏത് വേഷവും ചെയ്യാന്‍ കഴിവുള്ള അപൂര്‍വ്വം നടന്മാരില്‍ ഒരാളാണ് ബിജു മേനോന്‍. സത്യന്‍ അന്തിക്കാട് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച സംയുക്ത മഴ, മേഘ മല്‍ഹാര്‍, മധുരനൊമ്പരക്കാറ്റ് എന്നി സിനിമകളിലാണ് ബിജു മേനോനൊടൊപ്പം അഭിനയിച്ചത്. 2002ല്‍ വിവാഹിതരായ താര ദമ്പതികള്‍ക്ക് ഒരു മകനുണ്ട്.

4. ദിലീപ് – കാവ്യ മാധവന്‍

മഞ്ജു വാര്യരുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് ദിലീപ് കാവ്യ മാധവനെ വിവാഹം കഴിച്ചത്. അതിനു മുമ്പേ ഏറെ നാളായി ഇരുവരുടെയും ബന്ധം ഗോസിപ്പ് കേന്ദ്രങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു. നിശാല്‍ ചന്ദ്രയുമായുള്ള ബന്ധം പിരിഞ്ഞ കാവ്യയുടേതും രണ്ടാം വിവാഹമാണ്.

5. ഫഹദ് ഫാസില്‍ – നസ്രിയ നസിം

വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച ബന്ധമാണെങ്കിലും പ്രണയത്തിന്‍റെ മാസ്മരികത അറിഞ്ഞതിനു ശേഷമാണ് ഫഹദും നസ്രിയയും വിവാഹിതരായത്. ബാംഗ്ലൂര്‍ ഡെയ്സ് സിനിമ ചെയ്ത് അധികം വൈകാതെ ഇരുവരും ജീവിതത്തില്‍ ഒന്നിച്ചു.

6. ആഷിക് അബു – റീമ കല്ലിങ്കല്‍

മലയാള സിനിമയിലെ ന്യൂ ജനറേഷന്‍ ദമ്പതികളാണ് ആഷിക് അബുവും റീമ കല്ലിങ്കലും. പുരോഗമനപരമായ ആശയങ്ങളുമായി സമൂഹ മാധ്യമങ്ങളില്‍ ശക്തമായ ഇടപെടല്‍ നടത്തുന്ന ഇരുവരും ഏറെ നാളത്തെ ലിവിംഗ് റിലേഷന്‍ഷിപ്പിന് ശേഷം 2013ലാണ് വിവാഹിതരായത്.

7. ഇന്ദ്രജിത്ത് – പൂര്‍ണ്ണിമ

വില്ലന്‍ വേഷങ്ങളിലൂടെ സിനിമയിലെത്തിയ ഇന്ദ്രജിത്ത് ഹാസ്യവും സെന്‍റിമെന്‍റ്സും കൂടി തനിക്ക് ഇണങ്ങുമെന്ന് ഇതിനകം തെളിയിച്ചിട്ടുണ്ട്. അമ്മ മല്ലിക അഭിനയിച്ച ഒരു ടിവി സീരിയലിന്‍റെ ലൊക്കേഷനില്‍ വച്ചാണ് ഇന്ദ്രജിത്ത് പൂര്‍ണിമയെ പരിചയപ്പെട്ടത്. തുടര്‍ന്ന് പ്രണയത്തിലായ ഇരുവരും 2002ല്‍ വിവാഹിതരായി.

8. ജോമോന്‍ ടി ജോണ്‍ – ആന്‍ അഗസ്റ്റിന്‍

ജോമോന്‍ ടി ജോണ്‍ പുതുതലമുറയിലെ അറിയപ്പെടുന്ന ഛായാഗ്രാഹകനാണ്. പ്രശസ്ത നടന്‍ അഗസ്റ്റിന്‍റെ മകളായ ആന്‍ അഗസ്റ്റിന്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് വന്നത്. ഏതാനും സിനിമകളില്‍ മാത്രമാണ് ഇരുവരും ഒന്നിച്ചു പ്രവര്‍ത്തിച്ചതെങ്കിലും ആ ബന്ധം വിവാഹത്തിലെത്താന്‍ അധികം താമസിച്ചില്ല.

9. ഷാജി കൈലാസ് – ആനി

ഷാജി കൈലാസ് സംവിധാനം ചെയ്ത ഒരേ ഒരു സിനിമയിലേ ആനി അഭിനയിച്ചിട്ടുള്ളൂ- രുദ്രാക്ഷം. ദി കിംഗ് സിനിമയുടെ ലൊക്കേഷനില്‍ വച്ച് മമ്മൂട്ടിയാണ് ഇരുവരും തമ്മില്‍ അടുപ്പത്തിലാണെന്ന കാര്യം കണ്ടെത്തിയത്. ആ സിനിമയില്‍ വേഷമില്ലെങ്കിലും ആനി ഇടയ്ക്കിടെ ലൊക്കേഷനില്‍ വരുന്നതിനെ കുറിച്ച് മെഗാസ്റ്റാര്‍ തിരക്കിയതോടെയാണ് പ്രണയകഥ പുറത്തായത്.

10. അജിത്ത് – ശാലിനി

സൂപ്പര്‍താര പദവിയില്‍ എത്തിയതിന് ശേഷമാണ് അജിത്ത് വിവാഹിതനാകുന്നത്. അമര്‍ക്കളം എന്ന സിനിമയിലാണ് അജിത്തും ശാലിനിയും ഒന്നിച്ചഭിനയിച്ചത്. റൌഡിയായ നായകന്‍റെ കൈ കൊണ്ട് നായികയുടെ കൈ മുറിയുന്ന ഒരു രംഗമുണ്ട് സിനിമയില്‍. ഷൂട്ടിങ്ങിനിടയില്‍ ശാലിനിക്ക് ശരിക്കും പരുക്കേറ്റു. കുറ്റബോധം കാരണം അജിത്ത് ശാലിനിയോട് ക്ഷമ ചോദിച്ചു. ആ ബന്ധവും പ്രണയ വിവാഹത്തിലാണ് കലാശിച്ചത്. ഏപ്രില്‍ 24, 2000ല്‍ വിവാഹിതരായ ദമ്പതികള്‍ക്ക് രണ്ടു കുട്ടികളുണ്ട്.

shortlink

Related Articles

Post Your Comments


Back to top button