ബോളിവുഡ് സിനിമാ മേഖലയില്‍ വീണ്ടും വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് കങ്കണ നായിക ആകുന്ന ചിത്രം ‘മണികര്‍ണിക ദി ക്യൂന്‍ ഓഫ് ഝാന്‍സി’. ആദ്യം വിവാദമായത് സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവത് ആണ്. ചിത്രം ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്നു പറഞ്ഞു വന്‍ പ്രതിഷേധമാണ് കര്‍ണി സേന നടത്തിയത്. തിയറ്ററില്‍ എത്തിയെങ്കിലും ചിത്രതിനെതിരെയുള്ള പ്രതിഷേധം അവസാനിച്ചിട്ടില്ല. എന്നാല്‍ പത്മാവത് പോലെയായില്ല; മണികര്‍ണ്ണിക രക്ഷപ്പെട്ടിരിക്കുകയാണ്. കങ്കണാ റണാവത്ത് പ്രധാന കഥാപാത്രമായെത്തുന്ന ‘മണികര്‍ണിക ദി ക്യൂന്‍ ഓഫ് ഝാന്‍സി’ക്കെതിരെ സര്‍വ്വ ബ്രാഹ്മിണ്‍ മഹാസഭ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു.
ഝാന്‍സി റാണിയുടെ ജീവിതം വളച്ചൊടിക്കുകയാണ് സിനിമയില്‍ എന്നാരോപിച്ചാണ് പ്രതിഷേധ പ്രകടനവുമായി സര്‍വ്വ ബ്രാഹ്മിണ്‍ മഹാസഭ മുന്നോട്ടുവന്നത്. ഝാന്‍സി റാണിയും ഒരു ബ്രീട്ടീഷ് ഭരണാധികാരിയും തമ്മില്‍ പ്രണയിക്കുന്നതായി സിനിമയില്‍ പരാമര്‍ശിക്കുന്നുണ്ടെന്ന കണ്ടെത്തലാണ് സംഘടനയെ ചിത്രത്തിനെതിരെ പ്രതിഷേധിക്കുന്നതിലേക്ക് നയിച്ചത്. ഇതിനെതിരെ സിനിമയുടെ ചിത്രീകരണം തടയണമെന്ന് ആവശ്യപ്പെട്ട് സഭ പ്രസിഡന്റ് സുരേഷ് മിശ്ര രാജസ്ഥാന് സര്‍ക്കാരിനെ സമീപിച്ചിരുന്നു. റാണി ലക്ഷ്മിഭായിയുടെ ജീവിതകഥയുമായി എത്തുന്ന സിനിമയില്‍ വിവാദ പ്രണയ രംഗങ്ങളോ ഗാനങ്ങളോ ഇല്ലെന്ന നിര്‍മാതാവിന്റെ വാക്കാണ് പ്രതിഷേധം അവസാനിപ്പിക്കാന്‍ സര്‍വ്വ ബ്രാഹ്മിണ്‍ മഹാസഭ തീരുമാനിച്ചതിന് പിന്നിലെ കാരണം. ചിത്രത്തിന്റെ നിര്‍മാതാവ് കമല്‍ ജെയിന് നല്കിയ ഉറപ്പാണ് വിവാദ പ്രതിഷേധങ്ങളില്‍ നിന്ന് പിന്നോട്ടുപോകാന്‍ സംഘടനയെ പ്രേരിപ്പിച്ചത്.
Post Your Comments