സംഗീത ലോകത്തെ ഗന്ധര്‍വനാദം. സ്വരമാധുര്യം കൊണ്ട് മലയാളി മനസ്സുകളില്‍ ഗാന ഗന്ധര്വ്വനായിമാറിയ സംഗീതജ്ഞന് കെജെ യേശുദാസിനു ഇന്ന് 78-ാം പിറന്നാള്‍. സംഗീതജ്ഞനായ അഗസ്റ്റിന് ജോസഫിന്റെയും എലിസബത്തിന്റെയും മകനായി ഫോര്‍ട്ട് കൊച്ചിയില്‍ 1940 ജനുവരി പത്തിനാണ് കട്ടാശേരി ജോസഫ് യേശുദാസ് എന്ന കെജെ യേശുദാസിന്റെ ജനനം.
അരനൂറ്റാണ്ടിലേറെയായി മലയാളിയുടെ ചുണ്ടിലെയും മനസിലെയും ഈണമാണ് യേശുദാസ്. പ്രണയിക്കുമ്പോള്‍ കാമുകനെപ്പോലെ, നോവില്‍ സാന്ത്വനമായി.. വാത്സല്യത്തിന്റെ പ്രിതൃ ശബ്ദമായി… ആ ഗന്ധര്‍വ്വ നാദം ഇന്നും മലയാളികള്‍ നെഞ്ചേറ്റുന്നു. സംഗീത ലോകത്ത് നിരവധി താരങ്ങള്‍ വന്നു പോകുമ്പോഴും മായാത്ത പുഞ്ചിരിയായി ഇന്നും തെളിഞ്ഞു നില്‍ക്കുകയാണ് യേശുദാസ്. മലയാളം മാത്രമല്ല അന്യസംസ്ഥാനക്കാരും അദ്ദേഹത്തിന്റെ സംഗീത മാധുര്യം കേട്ടനുഭവിച്ചിട്ടുണ്ട്. അസമീസ്, കാശ്മീരി കൊങ്കണി ഭാഷകളിലൊഴികെ എല്ലാ ഭാഷകളിലും യേശുദാസ് പാടിയിട്ടുണ്ട്.
ഇരുപത്തി രണ്ടാം വയസില്‍ 1961 ല്‍ കാല്പാടുകള് എന്ന ചിത്രത്തിലൂടെ ശ്രീനാരായണഗുരുദേവന്റെ ‘ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന കീര്‍ത്തനം ആലപിച്ചു കൊണ്ടാണ് യേശുദാസ് സിനിമയെന്ന മായിക ലോകത്തേക്ക് കടന്നത്. അവിടുന്ന് അങ്ങോട്ട് പിന്നെ യേശുദാസിന്റെ കാലമായിരുന്നു. യേശുദാസിന്റെ ഹിറ്റ് ഗാനങ്ങള്‍ തെരഞ്ഞെടുക്കുക എന്നത് പ്രയാസമുള്ള കാര്യമാണ്. കാരണം അദ്ദേഹം പാടിയ പാട്ടുകളെയെല്ലാം മലയാളി നെഞ്ചിലേറ്റി. ആയിരം പാദസരങ്ങള്‍ കിലുങ്ങി, താമസമെന്തേ വരുവാന്‍, ഏഴു സ്വരങ്ങളും, രാമകഥാ ഗാനലയം, ഒരു പുഷ്പം മാത്രമെന്‍ അങ്ങിനെ എത്രയെത്ര ഗാനങ്ങള്‍…
ഇരുപത്തിനാല് തവണ മികച്ച ഗായകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം യേശുദാസിനെ തേടിയെത്തിയിട്ടുണ്ട്. അതുപോലെ മറ്റ് സംസ്ഥാനങ്ങളുടെ പുരസ്കാരവും നിരവധി തവണ യേശുദാസിന് ലഭിച്ചു. പത്മഭൂഷണ്‍, പത്മശ്രീ എന്നീ ബഹുമതികള്‍ നല്കിയ രാഷ്ട്രം ആ സംഗീതപ്രതിഭയെ ആദരിച്ചിട്ടുണ്ട്. ആക്ഷന്‍ ഹീറോ ബിജുവിലെ പൂക്കള്‍ പനിനീര് പൂക്കള്‍.. എന്ന ഗാനത്തിലൂടെ വീണ്ടും ഗാന രംഗത്ത് സജീവമായി. പുലിമുരുകനിലെ കാടണിയും, വില്ലനിലെ കണ്ടിട്ടും കണ്ടിട്ടും തുടങ്ങിയവയാണ് ദാസേട്ടന്റെ മാന്ത്രിക ശബ്ദത്തില്‍ മലയാളികള്‍ ആസ്വദിച്ച പുതിയ ഗാനങ്ങള്‍..
ഈ വര്‍ഷം ദാസേട്ടന് പാടിയ നാലുഗാനങ്ങളില്‍ ഒന്നാണ് ശ്രീഹള്ളി എന്ന ചിത്രത്തില്‍ ഉള്ളത്. അപ്പ ക്രിയേഷന്‍സിന്റെ ബാനറില്‍ നവാഗതനായ സച്ചിന് രാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ ഗാനം സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു.
Post Your Comments