Uncategorized

‘ഷാഡോ’ തിയേറ്ററിലേക്ക്

ലോക സിനിമയില്‍ ആദ്യമായി ഒരു ക്യാമറാമാനും, ക്യാമറായും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ്’ഷാഡോ’. പ്രമുഖ കന്നട സംവിധായകന്‍ രവി ശ്രീവാസ്തവ,തമിഴ്‌ സംവിധായകന്‍ രാജ് കപൂര്‍ എന്നിവരുടെ അസോസിയേറ്റ് ഡയറക്ടറായ രാജ്‌ ഗോകുല്‍ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഷാഡോ’. കെനട്ടോസ്‌കോപ്പ് പ്രൊഡക്ഷന്‍സിനും, ആരോമല്‍ സിനി ക്രിയേഷന്‍സിനും വേണ്ടി , എന്‍. മഞ്ജുനാഥ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ജനുവരി 18ന് ചിത്രം തീയറ്ററില്‍ എത്തും.സമുദ്രക്കനി നായകനായ’തര്‍ക്കാപ്പ്’ എന്ന ചിത്രത്തിനുശേഷം മഞ്ജുനാഥ് നിര്‍മ്മിക്കുന്ന ചിത്രമാണിത്.


‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിനുശേഷം സ്‌നേഹ റോസ്‌ ജോണ്‍ നായിക ആകുന്ന ചിത്രത്തില്‍, അനില്‍മുരളി, ടോഷ്‌ക്രിസ്റ്റി, മുരളീധര്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.
പൂനയില്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ പഠിക്കുന്ന അഞ്ച് യുവതി യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. പൂനയില്‍ നിന്ന് ഒരുദിവസം, എബി (മുരളീധര്‍),രേവതി (സ്‌നേഹ റോസ്‌ജോണ്‍), നന്ദു (അന്‍സില്‍), ആദി (രതീഷ്‌ടോം), മെറീന (സ്‌നേഹ) എന്നീ കുട്ടികള്‍ ഒരു ഡോക്യുമെന്ററിയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് കേരളത്തില്‍ എത്തിയത്. കേരള-തമിഴ്‌നാട്‌ ബോര്‍ഡറായ കമ്പംമേട്ടിലാണ് മെറീനയുടെ വീട്.രാഷ്ട്രീയ പ്രമുഖനും, ബിസിനസ്സുകാരനുമായ മൈക്കിളിന്റെ മകളാണ്‌ മെറീന. മൈക്കിളിന്റെ ബംഗ്ലാവില്‍ താമസിച്ചുകൊണ്ട് അവര്‍ ഡോക്യുമെന്ററി ഫിലിമിന്റെ നിര്‍മ്മാണം ആരംഭിച്ചു.
കമ്പംമേടിന്റെ സുന്ദരമായ പ്രകൃതി, അവര്‍ ക്യാമറായില്‍ പകര്‍ത്തി. അതിനിടയില്‍ എബിയുടേയും മെറീനയുടേയും പ്രണയവും പുരോഗമിച്ചു. പ്രണയത്തിന് പറ്റിയ കാലാവസ്ഥ ആയിരുന്നതുകൊണ്ട്, പ്രേം നസീര്‍ പ്രണയം വരെ നടന്നു. ഒന്നിച്ചു ജീവിക്കാന്‍ തീരുമാനമെടുത്തശേഷമാണ്, അവര്‍ പരസ്യമായി പ്രണയം തുടങ്ങിയത്. വിവാഹം നടത്തിത്തരണമെന്ന് മെറീനയുടെ ഫാദറിനോട് പറയാനും എബി തീരുമാനിച്ചിരുന്നു.അതിനിടയിലാണ്, പ്രണയിച്ചു നടക്കുന്നതിനിടയില്‍ മെറീനയെ പെട്ടെന്ന് കാണാതായത്. കൂടെ ഉണ്ടായിരുന്ന കുട്ടികള്‍ ഞെട്ടിത്തരിച്ചുപോയി. മൈക്കിള്‍ പോലീസില്‍ പരാതികൊടുക്കുകയും ചെയ്തു. പോലീസ് അന്വേഷണം തുടങ്ങി. ഞെട്ടിക്കുന്ന ചില വിവരങ്ങളാണ് അടുത്തദിവസം അവര്‍ക്ക് ലഭിച്ചത്!


ക്യാമറ-തിരുപ്പതി ആര്‍. സ്വാമി, കഥ, തിരക്കഥ, സംഭാഷണം – അനസ് ബി., രാജേഷ് സി. ആര്‍., സംഗീതം – ജിനോഷ്ആന്റണി, എഡിറ്റര്‍ – അഭിലാഷ്‌ വിശ്വനാഥ്, മേക്കപ്പ് – മണികണ്ഠന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഷറഫു കരൂപ്പടന്ന, കല – കൈലാസ്, പി. ആര്‍. ഒ. – അയ്മനം സാജന്‍. രതീഷ്‌ടോം, മുരളീധര്‍, അന്‍സില്‍, അനില്‍മുരളി, ടോഷ് ക്രിസ്റ്റി, ബിജു കൊടുങ്ങല്ലൂര്‍, സ്‌നേഹ റോസ്‌ജോണ്‍, ഉഷാറാണി, സ്‌നേഹ, മനോജ് പണിക്കര്‍, എന്നിവര്‍ അഭിനയിക്കുന്നു.ഷാഡോ ജനുവരി 18ന് തിയറ്ററിലെത്തും

അയ്മനം സാജന്‍

shortlink

Related Articles

Post Your Comments


Back to top button