മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റുകളില്‍ ഒന്നാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘കിലുക്കം’, മോഹന്‍ലാലും, ജഗതിയും മത്സരിച്ച് അഭിനയിച്ച ചിത്രത്തില്‍ ഇന്നസെന്റിന്‍റെ ‘കിട്ടുണ്ണി’യും ഏറെ ശ്രദ്ധിക്കപ്പെട്ടു . മുതലാളിക്ക് വേണ്ടി അടിമയെപ്പോലെ പണിയെടുക്കുന്ന കിട്ടുണ്ണിയെ ഇന്നസന്‍റ് അതിഭാവുകത്വമില്ലാതെയാണ് അഭിനയിച്ചു ഫലിപ്പിച്ചത്, ഈ കഥാപാത്രം യഥാര്‍ത്ഥ ജീവിതത്തില്‍ നിന്ന് രൂപം കൊണ്ടാതാണെന്ന് വ്യക്തമാക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ പ്രിയദര്‍ശന്‍.
“കിലുക്കത്തിലെ ഇന്നസന്റിന്റെ കിട്ടുണ്ണി ഗതികേടുകൊണ്ട് ഇഷ്ടമില്ലാത്ത ജോലി ചെയ്യുന്ന വ്യക്തിയാണ്. സത്യത്തിൽ കിട്ടുണ്ണി എനിക്കറിയാവുന്ന ഒരാളാണ്. കോഴിക്കോട്ടെ ഒരു മുതലാളിയുടെ ഡ്രൈവർ. മുതലാളിക്കൊരു പ്രത്യേകതയുണ്ട്. പിൻസീറ്റിൽക്കയറിയിരുന്നാൽ പോകേണ്ട സ്ഥലം പറയില്ല. ഇടത്തോട്ട്, വലത്തോട്ട് എന്നൊക്കെ മുതലാളി പറയുന്നതുപോലെ ഓടിക്കണം. നഗരം ചിരപരിചിതമായ ഡ്രൈവർക്ക് ഇതൊരു അസ്വസ്ഥതയാണ്. ആദ്യം സ്ഥലം പറഞ്ഞാൽ ഞാൻ കൃത്യമായി എത്തിക്കില്ലേ, ഇയാളിതെന്താണ് കാണിക്കുന്നതെന്നാണ് ഡ്രൈവറുടെ മനസ്സിലിരുപ്പ്.
ഒരു ദിവസം മുതലാളി കാറിൽ മറ്റെന്തോ ശ്രദ്ധിച്ചിരിക്കെ വഴിപറഞ്ഞപ്പോൾ തെറ്റി. വണ്ടി ഫറോക്ക് പാലത്തിൽ എത്തിയപ്പോൾ മുതലാളിക്ക് സ്ഥലകാലബോധം വന്നു. എടാ കഴുതേ നീ എങ്ങോട്ട് പോവുകയാണെന്ന് ഡ്രൈവറോട് മുതലാളി ആക്രോശിച്ചു. ഡ്രൈവറുടെ ആത്മാഭിമാനം ഉണർന്നു. അന്നുവരെക്കേട്ട ചീത്തയ്ക്ക് പ്രതികാരം ചെയ്യേണ്ട സമയമായി. ഡ്രൈവർ നേരെ വണ്ടി ഓഫാക്കി കീ ഊരിയെടുത്ത് അടുത്തു കണ്ട ഓട്ടോറിക്ഷ വിളിച്ച് സ്ഥലം വിട്ടു. ഡ്രൈവിങ് അറിയാത്ത മുതലാളി വണ്ടിയിൽ ഇരുന്നു വിയർത്തു. ഈ ഡ്രൈവറാണ് കിട്ടുണ്ണി.”
കടപ്പാട് ; മനോരമ ഓണ്‍ലൈന്‍
Post Your Comments