സുരാജ് വെഞ്ഞാറമൂട്, റിമ കല്ലിങ്കല്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്ന ആഭാസം സിനിമയ്‌ക്കെതിരെ സെന്‍സര്‍ ബോര്‍ഡ് എടുത്ത നടപടിയില്‍ പ്രതിഷേധം. സിനിമയുടെ അണിയറപ്രവര്‍ത്തകരാണ് സെന്‍സര്‍ ബോര്‍ഡിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
സുരാജ് വെഞ്ഞാറമൂട്, റിമ കല്ലിങ്കല്‍, ശീതള്‍ ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജുബിത് നമ്രാഡത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആഭാസം. സിനിമ ഈ ആഴ്ച റിലീസിനൊരുങ്ങുമ്പോഴാണ് വിലങ്ങ് തടിയായി സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനം എത്തിയത്. ഡയലോഗുകള്‍ മ്യൂട്ട് ചെയ്താല്‍ എ സര്‍ട്ടിഫിക്കറ്റ് തരാമെന്നാണ് ബോര്‍ഡ് അറിയിച്ചതെന്നും എന്നാല്‍ അങ്ങനെയൊരു തീരുമാനത്തിന് തങ്ങള്‍ തയ്യാറല്ലെന്നുമാണ് ആഭാസം ടീം പറയുന്നത്.
കൃത്യമായ ചില രാഷ്ട്രീയം വെച്ചുപുലര്‍ത്തിക്കൊണ്ടാണ് സെന്‍സര്‍ബോര്‍ഡ് കത്രിക വെക്കുന്നത് എന്ന് സംവിധായകന്‍ പറയുന്നു. ‘സെന്‍സര്‍ബോര്‍ഡിന്റേത് തീരുമാനിച്ചുറപ്പിച്ച നയമാണ്. എ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ മാത്രം വയലന്‍സോ സെക്‌സ് രംഗങ്ങളോ ഒന്നും തന്നെ ഈ സിനിമയിലല്ല. കുടുംബപ്രേക്ഷകര്‍ക്ക് ആസ്വദിക്കാവുന്ന രീതിയിലുള്ള സിനിമയാണ് ആഭാസം. സിനിമയുടെ പേര് നോക്കി മുന്‍വിധിയോട് കൂടി സമീപിക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.’ജുബിത് പറയുന്നു.
‘ശ്രീനാരായണ ഗുരുവിന്റേത് എന്ന പേരില്‍ ചിത്രത്തില്‍ ഉപയോഗിച്ച ഒരു ഉദ്ധരണി ആണ് സെന്‍സര്‍ബോര്‍ഡ് ചൂണ്ടിക്കാണിച്ച ഒരു കാര്യം. രണ്ടിടങ്ങളില്‍ ഗാന്ധിയെക്കുറിച്ച് വിദൂരമായൊരു സൂചന നല്‍കുന്നതാണ് മറ്റൊരു കാര്യം. ഗുരുവിനോട് തമാശ വേണ്ട എന്നായിരുന്നു ഒരു ബോര്‍ഡ് അംഗം പറഞ്ഞത്. മറ്റൊരു രംഗത്ത് സുരാജ് വെഞ്ഞാറമൂട് അഭിനയിച്ച കഥാപാത്രത്തിന്റെ തുട കാണുന്നുവെന്നും ആ രംഗം വന്നപ്പോള്‍ സെന്‍സര്‍ ബോര്‍ഡിലെ സ്ത്രീ അംഗങ്ങള്‍ തലതാഴ്ത്തിയിരിക്കുകയായിരുന്നു എന്നും അഭിപ്രായപ്പെടുകയുണ്ടായി. ഇങ്ങനെയുള്ള ന്യായങ്ങളാണ് അവര്‍ പറയുന്നത്. എ സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ സിനിമയുടെ ഗതി എന്താകും. തിയേറ്ററില്‍ ആരുകാണാന്‍. സാറ്റ്‌ലൈറ്റ് പോലും ലഭിക്കില്ല. സിനിമയെ തകര്‍ക്കുകയാണോ ഉദ്ദേശം. എന്തായാലും ഈ തീരുമാനത്തിനെതിരെ അപ്പീല്‍ പോകുകയാണ്.’ജുബിത് പറഞ്ഞു.
Post Your Comments