2017-എന്ന വര്‍ഷം എല്ലാ മേഖലയിലും മലയാള സിനിമയ്ക്ക് സമ്മാനിച്ചത് ഒട്ടേറെ മാറ്റങ്ങളാണ്. പ്രമേയത്തിലെ ആഴം കൊണ്ടും അവതരണത്തിലെ കയ്യടക്കം കൊണ്ടും ക്ലാസ് മൂഡിലുള്ള ചിത്രങ്ങള്‍ക്ക് അര്‍ഹിച്ച വിജയം നല്‍കിയ പ്രേക്ഷകര്‍ 2018-ലെ മലയാള സിനിമയുടെ കാഴ്ചവട്ടത്തിലേക്ക് കാലെടുത്തു വയ്ക്കാന്‍ ഒരുങ്ങുമ്പോള്‍ ഈസ്റ്റ് കോസ്റ്റ് മൂവീസ് ഈ വര്‍ഷത്തെ ഏറ്റവും മികച്ച പത്ത് മലയാള സിനിമകളെ തെരഞ്ഞെടുക്കുകയാണ്.
ഏറ്റവും മികച്ച പത്ത് മലയാള സിനിമകള്‍ വേഗത്തില്‍ എണ്ണിയെടുക്കാന്‍ പറഞ്ഞാല്‍ ഏതൊരു പ്രേക്ഷകനും നിഷ്പ്രയാസം സാധിക്കുന്ന വര്‍ഷമാണ് കടന്നു പോയത്. ബോളിവുഡും, ടോളിവുഡും, കോളിവുഡുമൊക്കെ ശ്രദ്ധിക്കുന്ന നിലയിലേക്ക് നമ്മുടെ മലയാള സിനിമ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു,
2017-ല്‍ പുറത്തിറങ്ങിയ മലയാളം ചിത്രങ്ങളില്‍ നിന്ന് ‘ഈസ്റ്റ് കോസ്റ്റ് മൂവീസ്’ തെരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച പത്ത് ചിത്രങ്ങള്‍ ഇവയാണ്.
1. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’
സജീവ് പാഴൂര്‍ തിരക്കഥയെഴുതി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’. ഉര്‍വശി തിയേറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം.തോമസും ചേര്‍ന്ന് നിര്‍മ്മിച്ച ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എല്ലാ അര്‍ത്ഥത്തിലും സിനിമാ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ചിത്രമായിരുന്നു. വിനോദ ചിത്രങ്ങള്‍ മാത്രം കാണാന്‍ ആഗ്രഹിക്കുന്ന ഓഡിയന്‍സിനും ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ സ്വീകാര്യമായ ചിത്രമായി മാറി. ഒരേ പോലെ നിരൂപക ശ്രദ്ധയും വലിയ ബോക്സോഫീസ് വിജയവും സ്വന്തമാക്കിയ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ 2017-ല്‍ മലയാള സിനിമയുടെ പ്രഥമ സ്ഥാനത്ത് ഇരിക്കാന്‍ എന്ത് കൊണ്ടും യോഗ്യതയുള്ള ചിത്രമാണ്.
അഭിനേതാക്കള്‍; സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയന്‍, ഫഹദ് ഫാസില്‍, അലന്‍സിയര്‍, വെട്ടുകിളി പ്രകാശ്
2. ‘അങ്കമാലി ഡയറീസ്’
നടന്‍ ചെമ്പന്‍ വിനോദ് ജോസ് രചന നിര്‍വഹിച്ച് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് ‘അങ്കമാലി ഡയറീസ്’. 86 പുതുമുഖങ്ങളെ അണിനിരത്തി ലിജോ ചെയ്ത വിഷ്വല്‍ മാജിക് മാത്രമായിരുന്നില്ല ‘അങ്കമാലി ഡയറീസ്’. ചെമ്പന്‍ വിനോദ് ജോസ് ഒരുക്കിയ ഗംഭീര തിരക്കഥയുടെ മേല്‍ അതി ഗംഭീരമായ അവതരണ ശൈലി ചേര്‍ത്തുവെച്ചപ്പോള്‍ അങ്കമാലി ഡയറീസീന് മുന്നില്‍ കയ്യടിക്കാത്ത പ്രേക്ഷകര്‍ വിരളമായി. മലയാള സിനിമയില്‍ താരസ്വീകാര്യതയ്ക്കപ്പുറം മാറ്റമുള്ള അവതരണ വിസ്മയത്തിനു മുന്നില്‍ ആളെത്തും എന്ന ലിജോയുടെ ഉറച്ച വിശ്വാസം ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രം പൂര്‍ണ്ണമായും കാത്തു സൂക്ഷിച്ചു. 2017-എന്ന വര്‍ഷം കടന്നു പോകുമ്പോള്‍ അങ്കമാലി ഡയറീസിനുള്ള സ്ഥാനം എന്താണെന്ന് മനസിലാക്കണമെങ്കില്‍ ഒന്നേ പറയാനുള്ളൂ ആ അത്ഭുതം നിങ്ങള്‍ വീണ്ടും കാണുക…
അഭിനേതാക്കള്‍; ആന്റണി വര്‍ഗീസ്, ശരത്(അപ്പാനി രവി), അന്ന രാജന്‍(ലിച്ചി)
3. ‘മായാനദി’
ഈ വര്‍ഷത്തെ ക്രിസ്മസ് റിലീസായി പുറത്തിറങ്ങിയ ആഷിക് അബുവിന്റെ മായനദി പ്രേക്ഷകര്‍ക്ക് മികച്ച സിനിമാനുഭവം സമ്മാനിച്ച് മുന്നേറുകയാണ്. മലയാളത്തിലെ ടിപ്പിക്കല്‍ പ്രണയ ക്ലീഷേ കഥകളെ പൊളിച്ചെഴുതുന്ന ചിത്രം മലയാളം കണ്ട എക്കാലത്തെയും മികച്ച ക്ലാസിക് പ്രണയ കഥയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ക്ക് കഥാബീജത്തില്‍ നിന്ന് മുക്തനാക്കാന്‍ കഴിയാത്ത വിധമാണ് ആഷിക് അബുവിന്‍റെ മേക്കിംഗ് സ്റ്റൈല്‍. 2017-ലെ മലയാള സിനിമയെക്കുറിച്ച് സംസാരിക്കുമ്പോള്‍ സിനിമാ പ്രേമികളായ മാലോകര്‍ ഒരിക്കലും വിസ്മരിക്കാനിടയില്ലാത്ത ചിത്രമായി ‘മായനദി’ പരന്നു ഒഴുകിയിരിക്കുന്നു. ശ്യാം പുഷ്കരനും ദിലീഷ് നായരും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്.ആഷിക് അബുവും, സന്തോഷ് ടി കുരുവിളയുമാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍.
അഭിനേതാക്കള്‍; ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, സൗബിന്‍ ഷാഹിര്‍
4. ‘രക്ഷാധികാരി ബൈജു’
രഞ്ജന്‍ പ്രമോദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘രക്ഷാധികാരി ബൈജു’ പ്രേക്ഷകന് സമ്മാനിച്ചത് ഹൃദയസ്പര്‍ശിയായ ജീവനേറിയ ചലച്ചിത്ര കാഴ്ചയായിരുന്നു. അലക്സാണ്ടര്‍ മാത്യൂവായിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം. ഒരു നാട്ടിന്‍പുറ ചിത്രം നാട്യമില്ലാതെ മുന്നില്‍ തെളിഞ്ഞപ്പോള്‍ ഓരോ പ്രേക്ഷകനും നിറകണ്ണുകളോടെ കയ്യടിച്ചു കണ്ടിരുന്നു. നൊസ്റ്റാള്‍ജിയയുടെ കൂട് പൊട്ടിയ നല്ല സിനിമയുടെ ആത്മാവുള്ള രക്ഷാധികാരി ബൈജു ‘ബാഹുബലി’ക്ക് മുന്‍പില്‍ തളരാതെ പിടിച്ചു നിന്നാണ് ബോക്സോഫീസില്‍ അര്‍ഹിച്ച വിജയം നേടിയെടുത്തത്.അഭിനേതാക്കള്‍; ബിജു മേനോന്‍, വിജയ രാഘവന്‍, ഹരീഷ് പെരുമന്ന, ദിലീഷ് പോത്തന്‍
5. ‘ടേക്ക് ഓഫ്’
ഇറാഖില്‍ തടവിലാക്കപ്പെട്ട ഇന്ത്യന്‍ നഴ്സുമാരുടെ യഥാര്‍ത്ഥ സംഭവകഥ വിവരിച്ച ‘ടേക്ക് ഓഫ് ‘എന്ന ചിത്രം സംവിധാനം ചെയ്തത് പ്രശസ്ത ചിത്രസംയോജകനായ മഹേഷ് നാരായണനാണ്. ആന്‍റോ ജോസഫ്, ഷെബിന്‍ ബക്കര്‍, മേഘ രാജേഷ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത് മഹേഷ് നാരായണനും പി.വി ഷാജി കുമാറും ചേര്‍ന്നാണ്. ഗൗരമേറിയ വിഷയത്തിന് ചിട്ടയോടെയുള്ള മേക്കിംഗ് ശൈലി പരുവപ്പെടുത്തികൊണ്ട് മഹേഷ് നാരായണന്‍ ടേക്ക് ഓഫിനെ ഓരോ നിമിഷങ്ങളിലും ടോപ്പാക്കി മാറ്റി. 2017-എന്ന വര്‍ഷത്തില്‍ പ്രേക്ഷകര്‍ക്ക് ലഭിച്ച മികച്ച മലയാള ചിത്രങ്ങളില്‍ ഒന്നാണ് ‘ടേക്ക് ഓഫ്’.
അഭിനേതാക്കള്‍; കുഞ്ചാക്കോ ബോബന്‍,. പാര്‍വതി, ഫഹദ് ഫാസില്‍, അലന്‍സിയര്‍, ആസിഫ് അലി
6. ‘ഉദാഹരണം സുജാത’
ഫാന്‍റം പ്രവീണ്‍ സംവിധാനം ചെയ്ത ‘ഉദാഹരണം സുജാത’ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു. മാര്‍ട്ടിന്‍ പ്രക്കാട്ടും, ജോജു ജോര്‍ജ്ജും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയെഴുതിയിരിക്കുന്നത് യുവ തലമുറയിലെ ശ്രദ്ധേയനായ തിരക്കഥാകൃത്ത് നവീന്‍ ഭാസ്കറാണ്. അരികു ജീവിതത്തിന്റെ കഥ അന്തസ്സോടെ പറഞ്ഞ ‘ഉദാഹരണം സുജാത’യ്ക്ക് മുന്നില്‍ നിന്ന് കയ്യടിക്കാതെയും കണ്ണീര്‍ പൊഴിക്കാതെയും ഒരു പ്രേക്ഷകനും എഴുന്നേല്‍ക്കാനാകില്ല. മഞ്ജുവാര്യര്‍ അവതരിപ്പിച്ച ‘സുജാത കൃഷ്ണന്‍’ എന്ന കഥാപാത്രമായിരുന്നു സിനിമയുടെ ജീവന്‍. 2017-എന്ന കലണ്ടര്‍ വര്‍ഷത്തില്‍ മികച്ച മലയാള സിനിമകളുടെ പട്ടികയില്‍ തീര്‍ച്ചയായും എഴുതി ചേര്‍ക്കാം ‘ഉദാഹരണം സുജാത’ എന്ന സിനിമാ പേര്.
അഭിനേതാക്കള്‍; മഞ്ജു വാര്യര്‍, നെടുമുടി വേണു, മംമ്ത മോഹന്‍ദാസ്, ജോജു ജോര്‍ജ്ജ്, ഐശ്വര്യ രാജന്‍.
7. രാമലീല
2017-ലെ മികച്ച മലയാള സിനിമയെക്കുറിച്ച് വിലയിരുത്തുമ്പോള്‍ ‘രാമലീല’ എന്ന ചിത്രത്തെക്കുറിച്ച് പരാമാര്‍ശിക്കാതെ പോകാന്‍ കഴിയില്ല. ക്ലാസ് ചിത്രം എന്ന നിലയിലോ, കലാ മൂല്യത്തിന്റെ പേരിലോ ചര്‍ച്ച ചെയ്യപ്പെടേണ്ട സിനിമയല്ല ‘രാമലീല’. ദിലീപിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത ചിത്രം, എല്ലാ വെല്ലുവിളികളെയും അതിജീവിച്ചാണ് ബോക്സോഫീസില്‍ വിസ്മയം തീര്‍ത്തത്. പ്രേക്ഷകരുടെ ആ സ്വീകാര്യതയെ അംഗീകരിച്ചു കൊണ്ട് തന്നെ ‘രാമലീല’യ്ക്കും പത്തില്‍ ഒരു സ്ഥാനം നല്‍കുന്നു. ദിലീപിന്റെ ജനപ്രിയതയ്ക്ക് കോട്ടം വന്നിട്ടില്ലെന്ന് തെളിയിച്ച ചിത്രം ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നാണ്. മികച്ച ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ഒരുക്കുന്നതില്‍ പൂര്‍ണ്ണ വിജയം നേടിയ അരുണ്‍ ഗോപിയിലെ കന്നി സംവിധായകന്‍ മലയാള സിനിമയ്ക്ക് കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. അഭിനേതാക്കള്‍; ദിലീപ്, രാധിക ശരത് കുമാര്‍, കലാഭവന്‍ ഷാജോണ്‍, വിജയരാഘവന്‍,
8. ‘കെയര്‍ ഓഫ് സൈറാ ബാനു’
സൈറാ ബാനു എന്ന ചിത്രത്തിന്റെ അണിയറ ടീം പ്രമോഷനില്‍ കാര്യമായ ശ്രദ്ധ പതിപ്പിച്ചുവിരുന്നുവെങ്കില്‍ ഈ വര്‍ഷത്തെ ബോക്സോഫീസ് ഹിറ്റ് ലിസ്റ്റില്‍ വലിയ ഒരു സ്ഥാനം നേടിയെടുക്കാന്‍ പ്രാപ്തിയുള്ള ചിത്രമായി മാറിയേനെ ‘കെയര്‍ ഓഫ് സൈറാ ബാനു’, ആന്റണി സോണി സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ആര്‍.ജെ ഷാനും, ബിപിന്‍ ചന്ദ്രനും ചേര്‍ന്നാണ് എഴുതിയിരിക്കുന്നത്. ഏതു പ്രേക്ഷകനും ഇഷ്ടപ്പെടുന്ന തരത്തിലാണ് ചിത്രത്തിന്റെ കഥ പ്രസന്റ് ചെയ്തിരിക്കുന്നത്, നന്നായി എന്റര്‍ടെയ്ന്‍ ചെയ്യിപ്പിക്കുന്നതോടൊപ്പം ക്ലാസ് ടച്ചും കാത്തു സൂക്ഷിക്കുന്ന അപൂര്‍വ്വം ചിത്രങ്ങളെ നമുക്ക് മുന്നില്‍ എത്താറുള്ളൂ, ആ ഗണത്തിലുള്ള ചിത്രമായിരുന്നു മഞ്ജു വാര്യര്‍ നായികയായ ‘കെയര്‍ ഓഫ് സൈറാ ബാനു’.
അഭിനേതാക്കള്‍ ; മഞ്ജു വാര്യര്‍, ഷൈന്‍ നിഗം, അമല അഖിനേനി
9. ‘പറവ’
സൗബിന്‍ ഷാഹിറിന്റെ ആദ്യ സംവിധാന സംരഭമായിരുന്നു ‘പറവ’. മലയാള സിനിമാ പ്രേക്ഷകര്‍ പുതുതായി പരിചയിച്ച അവതരണ രീതിയും കഥന വിശദീകരണവും ബിഗ്‌സ്ക്രീനില്‍ തെളിഞ്ഞപ്പോള്‍ പറവയ്ക്ക് മുന്നില്‍ ഓരോ പ്രേക്ഷകനും കണ്ണും നട്ടിരുന്നു. പ്രേക്ഷകന്‍റെ മനസ്സിലേക്ക് വലിയ പ്രീതിയോടെ ചിറകടിച്ച് പറന്ന ‘പറവ’ ഈ വര്‍ഷത്തെ നല്ല സിനിമാ സൃഷ്ടികളില്‍ ഒന്നായിരുന്നു. സൗബിന്‍ ഷാഹിര്‍ തന്നെ രചന നിര്‍വഹിച്ച ചിത്രം നിര്‍മ്മിച്ചത് അന്‍വര്‍ റഷീദും ഷൈജു ഉണ്ണിയും ചേര്‍ന്നാണ്. ദുല്‍ഖര്‍ സല്‍മാന്റെ താരമൂല്യത്തെ നന്നായി പ്രയോജനപ്പെടുത്തിയ ചിത്രം ബോക്സോഫീസ് കളക്ഷന്റെ കാര്യത്തിലും മോശമല്ലാത്ത നേട്ടം സ്വന്തമാക്കി.
അഭിനേതാക്കള്‍; ദുല്‍ഖര്‍ സല്‍മാന്‍, ഷൈന്‍ നിഗം, അമല്‍ ഷാ, ഗോവിന്ദ് വി, സിദ്ധിഖ്, ഇന്ദ്രന്‍സ്
10. ‘വര്‍ണ്യത്തില്‍ ആശങ്ക’
സാമൂഹിക പ്രസകത്മായ ഒരു വിഷയം ആക്ഷേപ ഹാസ്യ ശൈലിയില്‍ അവതരിപ്പിച്ചാണ് വര്‍ണ്യത്തില്‍ ആശങ്ക എന്ന ചിത്രം നിരൂപക ശ്രദ്ധ നേടിയെടുത്തത്. സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ രചന നിര്‍വഹിച്ചത് നാടകകൃത്തയാ തൃശൂര്‍ ഗോപാല്‍ജിയാണ്. ആഷിഖ് ഉസ്മാനായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം. ബോക്സോഫീസില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ ചിത്രത്തിന് സാധിച്ചില്ലെങ്കിലും വര്‍ണ്യത്തില്‍ ആശങ്ക പ്രേക്ഷക മനസ്സില്‍ നല്ല സിനിമയുടെ ഉദാഹരണമായി എന്നെന്നും നിലനില്‍ക്കും.
അഭിനേതാക്കള്‍ ; കുഞ്ചാക്കോ ബോബന്‍, ചെമ്പന്‍ വിനോദ് ജോസ്, മണികണ്ഠൻ ആചാരി, ഷൈന്‍ ടോം ചാക്കോ, സുരാജ് വെഞ്ഞാറമൂട്, രചന നാരായണന്‍ കുട്ടി
Post Your Comments