തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് നടന്‍ പ്രതാപ് പോത്തന്‍ മനസ്സ് തുറക്കുന്നു. യുവത്വത്തിന്റെ കാലത്ത് ഉണ്ടായ ആ മനോഹര നിമിഷത്തെക്കുറിച്ച് ഫേസ് ബുക്ക് പോസ്റ്റിലാണ് താരം വ്യക്തമാക്കുന്നത്. മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ പഠിക്കുന്ന കാലത്താണ് ആ സംഭവം നടക്കുന്നത്. ആ കാലം തന്റെ ജീവിതത്തിലെ ഏറ്റവും മികച്ചതാണെന്ന് പ്രതാപ് പോത്തന്‍ പറയുന്നു.
പ്രതാപ് പോത്തന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഞാന്‍ മദ്രാസ് ക്രിസ്ത്യന്‍ കോളേില്‍ പഠിക്കുന്ന കാലം. ജീവിതത്തിലെ ഏറ്റവും മികച്ച കാലം. എന്റെ ഏറ്റവും നല്ല ഓര്‍മകള്‍ എം.സി.സി.യെ ചുറ്റിപ്പറ്റിയാണ്. ഞാന്‍ ഇന്ന് എന്തെങ്കിലുമൊക്കെ ആയി തീര്‍ന്നിട്ടുണ്ടെങ്കില്‍ അതിന് കാരണം എന്റെ കോളേജാണ്. എന്റെ ആദ്യപ്രണയം സംഭവിച്ചതും എം.സി.സിയിലാണ്. അന്നുവരെ ഒരു പെണ്ണുമായും ചുറ്റിക്കറങ്ങിയിട്ടില്ല ഞാന്‍. എന്റെ മനസ്സില്‍ ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നില്ല. എനിക്ക് അതിനുള്ള മനസ്സുണ്ടായിരുന്നില്ല. അന്ന് എന്തായിരുന്നു എന്റെ മനസ്സില്‍ എന്നറിയില്ല. ഇപ്പോഴല്ലെങ്കില്‍ പിന്നീടൊരിക്കലുമില്ല എന്നായിരിക്കുമോ മനസ്സില്‍.
ദിവസങ്ങളോളം ഞാന്‍ അതിനെക്കുറിച്ചുള്ള ആലോചനയിലായിരുന്നു. അവള്‍ ക്ലാസ് വിട്ട് വരുന്നതും കാത്തിരുന്നു ഞാന്‍. അവള്‍ അത്ര വലിയ സുന്ദരിയോ ഞാന്‍ കാരി ഗ്രാന്റിനെപ്പോലൊരു നായകനോ ആയതുകൊണ്ടല്ല. ഒരു പെണ്ണ് എനിക്കൊപ്പം ഇറങ്ങിവരുമെന്ന് സ്വയം ബോധിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യം. അതുകൊണ്ട് ഓരത്തിന്റെ മറപറ്റി ഞാന്‍ നിന്നു. അതുവഴി കടന്നുപോയപ്പോള്‍ ഞാന്‍ ഉറക്കെ അവളെ പേരു ചൊല്ലിവിളിച്ചു. എന്റെ വിളി കേട്ടതും അവള്‍ ഞെട്ടി. എല്ലാ പെണ്‍കുട്ടികളെയും പോലെ പേടിച്ചരണ്ടപോലെ നിന്നു. എനിക്കൊപ്പം ഒരു സിനിമയ്ക്ക് വരുന്നോ എന്ന് ഞാന്‍ അവളോട് ചോദിച്ചു. വരാമെന്നായിരുന്നു മറുപടി. ഞാന്‍ ഏറ്റവും അധികം സന്തോഷിച്ച നിമിഷം. ഞാന്‍ ഓടിച്ചെന്ന് കൂട്ടുകാരോട് പറഞ്ഞു ഒരു പെണ്ണിനൊപ്പം കറങ്ങിയടിക്കാന്‍ പോകുന്ന കാര്യം. ചിലര്‍ക്ക് സന്തോഷമായിരുന്നു. മറ്റു ചിലര്‍ക്ക് എന്നെ കൊണ്ട് അതിനാവുമോ എന്നൊരു സന്ദേഹം.
ഞാന്‍ എന്റെ കൈയിലെ കാശെണ്ണി നോക്കി. ഫസ്റ്റ് ക്ലാസ് ട്രെയിനില്‍ പോയി ഏറ്റവും ഉയര്‍ന്ന ക്ലാസിലെ ടിക്കറ്റെടുത്ത് പടം കണ്ട് കോളേജില്‍ മടങ്ങിയെത്താനുള്ള കാശുണ്ടായിരുന്നു. നഗരത്തിലെ സഫയര്‍ തിയേറ്ററിലേയ്ക്കുള്ള ഫസ്റ്റ് ക്ലാസ് യാത്രയുടെ സകല കാര്യവും ഞാന്‍ ആലോചിച്ചുറപ്പിച്ചു. ഞാന്‍ ആദ്യം അവളുടെ കൈ പിടിക്കും. പിന്നെ എന്താണ് വരുന്നതെന്ന് നോക്കാം. നല്ല ഒന്നാന്തരം സിനിമയായിരുന്നു അത്. അപ്പൊഴേയ്ക്കും ഇടവേളയായി. എനിക്കവളുടെ കരം ഗ്രഹിക്കാനായില്ല. ഇടവേളയ്ക്ക് ശേഷം ഞാന്‍ രണ്ടാലൊന്ന് തീരുമാനിച്ചു. ഇതുതന്നെയാണ് അവസരം. പതുക്കെ അവളുടെ കൈയിലേയ്ക്ക് എന്റെ കൈ നീണ്ടു. പിന്നെ മെല്ലെ ചെറുവിരല്‍ കൊണ്ടവളുടെ കൈ ഒന്നു തൊട്ടു. അവള്‍ അപ്പോള്‍ തന്നെ എന്റെ കൈ പിടിച്ചു. ഞാന്‍ മനസ്സില്‍ ദൈവത്തെ സ്തുതിച്ചു. ഞാന്‍ അവളുടെ കൈകള്‍ എന്റെ കൈക്കുള്ളിലിട്ട് ഞെരിച്ചു. വല്ലാത്തൊരു അഭിമാനം തോന്നി. ആവേശത്തില്‍ ഞാനവള്‍ക്ക് പോപ്കോണും ചോക്ലേറ്റും കൊണ്ടുകൊടുത്തു. എന്റെ പണം പോവുകയാണെന്ന് അപ്പോള്‍ ഓര്‍ത്തില്ല. എങ്കിലും തിരിച്ചുപോവാനുള്ള പണം കൈയിലുണ്ടായിരുന്നു. സ്റ്റേഷനിലെത്തിയപ്പോഴാണ് ഞാന്‍ അഭിനയത്തിന്റെ ആദ്യ ഏട് പുറത്തെടുത്തത്. നൂറ് രൂപയ്ക്ക് ചില്ലറയെില്ലെന്ന് വെറുതെ തട്ടിവിട്ടുനോക്കി. പ്രശ്നമില്ലെന്ന് പറഞ്ഞ് അവള്‍ ഒരു പത്ത് രൂപ നോട്ട് തന്നു. അതുമായി ഞങ്ങള്‍ തിരിച്ച് കോളേജിലെത്തി.
അവളെ ഹോസ്റ്റലില്‍ കൊണ്ടുവിടുമ്ബോള്‍ എന്റെ മനസ്സ് വെമ്ബുകയായിരുന്നു. എല്ലാ കറങ്ങലുകളും ഒരു ചുംബനത്തിലാണല്ലോ അവസാനിക്കാറുള്ളത്. എന്റെ ചുണ്ടു തരിച്ചു. നാണം കൊണ്ട് കുണുങ്ങിയ അവള്‍ പെട്ടന്നൊരു ചുംബനം സമ്മാനിച്ച് നടന്നുമറഞ്ഞു. എനിക്ക് സന്തോഷം പറഞ്ഞറിയിക്കാനാവുമായിരുന്നില്ല. ഞാന്‍ തിരിച്ച് ഹോളിലെത്തി. എന്റെ മുഖത്തെ സന്തോഷം കണ്ട് കൂട്ടുകാര്‍ ചോദിച്ച് എന്താണ് ഉണ്ടായതെന്ന്. എന്തെങ്കിലും ചെയ്തോ എന്നായിരുന്നു അവര്‍ക്ക് അറിയേണ്ടത്. ഞാന്‍ ഒന്നും പറഞ്ഞില്ല. എന്റെ പുഞ്ചിരിയിലുണ്ടായിരുന്നു എല്ലാം. എന്റെ ആദ്യാഭിനയം….
(മലയാളം പരിഭാഷ കടപ്പാട് : മാതൃഭൂമി)
Post Your Comments