അയല്‍വാസികള്‍ മാത്രമല്ല; ഒന്നിച്ചു കളിച്ചു വളര്‍ന്നവര്‍ കൂടിയാണ് ശരത്തും ശാരിയും.ഒരു മതിലിനപ്പുറവും ഇപ്പുറവുമായി ജീവിച്ചവര്‍.ബാല്യം വിട്ട് കൗമാരത്തിലെത്തിയപ്പോള്‍ ശരത്തിന്റെ മനസ്സില്‍ ശാരിയോട് പ്രണയം മൊട്ടിട്ടു. ഈ പ്രണയം തുറന്നു പറയാന്‍ എത്ര ശ്രമിച്ചിട്ടും ശരത്തിന് കഴിയുന്നില്ല. അങ്ങനെ അവനു ശാരിയോടുള്ള അടങ്ങാത്ത പ്രണയം മനസ്സില്‍ തന്നെ തളച്ചിടേണ്ടതായി വന്നു. മകള്‍ക്ക് വിവാഹ പ്രായമായതോടെ ശാരിയുടെ അച്ഛന് വിവാഹാലോചനകള്‍ നോക്കി തുടങ്ങി. ഇക്കാര്യം സുഹൃത്തും അയല്‍വാസിയുമായ സഹദേവനോടും ചര്‍ച്ച ചെയ്തു. മകള്‍ക്ക് നല്ലൊരു പയ്യനെ കിട്ടട്ടെ എന്ന് സഹദേവന് പറഞ്ഞു. ശരത്തിന്റെ അച്ഛന് കൂടിയാണ് സഹദേവന്. ശരത്തിന് ശാരിയെ ഇഷ്ടമാണെന്ന കാര്യം സഹദേവനും അറിയില്ലായിരുന്നു. ഒടുവില്‍ ശാരിയുടെ കല്യാണം ഉറപ്പിക്കുകയും ചെയ്യുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് കല്യാണം സിനിമ പറയുന്നത്.
നടന് മുകേഷിന്റെ മകന് ശ്രാവണ്‍ മുകേഷ് ആണ് ശരത് എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഡബ്മാഷ് എന്ന ചാനല്‍ പരിപാടിയിലൂടെ ശ്രദ്ധേയയായ വര്‍ഷയാണ് നായിക കഥാപാത്രമാകുന്നത്. ശ്രാവണ്‍ മുകേഷ് നായകനായി അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണിത് എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.മുകേഷും, ശ്രീനിവാസനും ശക്തമായ കഥാപാത്രങ്ങളായി ചിത്രത്തിലുണ്ട്. രാജേഷ് നായരാണ് സംവിധായകന്. വയാ ഫിലിംസിന്റെ ബാനറില്‍ കെ.കെ രാധാമോഹന്‍, ഡോ: ടി.കെ ഉദയഭാനു, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബിനേന്ദ്ര മേനോനാണ് ക്യാമറാമാന്.ഹരീഷ് കണാരന്, ജേക്കബ് ഗ്രിഗറി, പാഷാണം ഷാജി, സൈജു കുറുപ്പ്, സുധീര്‍ കരമന, ഇന്ദ്രന്‍സ്,ചെമ്പില്‍ അശോകന്, കോട്ടയം പ്രദീപ്, പാര്‍വ്വതി,ആശാ അരവിന്ദ്, അനില്‍ നെടുമങ്ങാട് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Post Your Comments