KollywoodLatest NewsMollywood

ഒരു വിഷയം ഉണ്ടായാൽ അവരത് മുഖത്ത് നോക്കി ചോദിച്ചിരിക്കും , അല്ലാതെ ആരാധകരെ വിട്ടു പറയിപ്പിക്കാറില്ല; നിവിനെതിരെ തുറന്നടിച്ച് രൂപേഷ് പീതാംബരന്‍

കൊച്ചി: നിവിന്‍ പോളിയുടെ തമിഴ് ചിത്രം റിച്ചിയെ വിമർശിച്ച സംവിധായകൻ രൂപേഷ് പീതാംബരൻ ധാരാളം ആരോപണങ്ങൾ ഏറ്റുവാങ്ങി. റിച്ചിയുടേയും കന്നഡ ചിത്രമായ ഉളിദവരു കണ്ടതയുമായും താരതമ്യം ചെയ്ത് പോസ്റ്റിട്ടതോടയാണ് രൂപേഷ് സോഷ്യല്‍ മീഡിയയില്‍ ആക്രമണത്തിന് ഇരയാകുന്നത്. തുടര്‍ന്ന് രൂപേഷ് ക്ഷമാപണം നടത്തിയെങ്കിലും ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ അദ്ദേഹത്തിനെതിരെ പരാതി നല്‍കിയതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. ഇപ്പോള്‍ ഇതില്‍ പുതിയ നിലപാടുമായി എത്തിയിരിക്കുകയാണ് രൂപേഷ് പീതാംബരന്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രൂപേഷ് തന്റെ നിലപാട് വ്യക്തമാക്കിയത്.

എന്റെ കുറിപ്പില്‍ ഞാന്‍ എന്റെ സുഹൃത്ത് രക്ഷിതിന്റെ ചിത്രത്തെ പ്രശംസിക്കുക മാത്രമാണ് ചെയ്തത്. അത് ഒരു കള്‍ട്ട് ക്ലാസിക് ചിത്രമാണ്. പക്ഷെ ഇറങ്ങിയ സമയത്ത് വേണ്ടത്ര ശ്രദ്ധ ലഭിച്ചില്ല. എന്റെ ചിത്രമായ തീവ്രത്തിനും ഇതേ അവസ്ഥ തന്നെയായിരുന്നു. ഞാന്‍ റിച്ചിക്കെതിരെ മോശമായി ഒന്നും തന്നെ പറഞ്ഞിട്ടില്ല. രക്ഷിതിന്റെ ചിത്രത്തിന്റെ റീമെയ്ക്ക് ആണ് റിച്ചി. അത് വെറും യാദൃശ്ചികം മാത്രമാണ്. ഞാന്‍ നിവിനെ ലക്ഷ്യം വച്ചിട്ടില്ല. എന്ന് കരുതി മറ്റൊരു ചിത്രത്തെ പ്രശംസിക്കുന്നതില്‍ നിന്നും എന്നെ വിലക്കാന്‍ നിങ്ങള്‍ക്കാവില്ല. ഇതെന്താ ഉത്തര കൊറിയ ആണോ?’ രൂപേഷ് ചോദിക്കുന്നു.

ഈ വിഷയത്തില്‍ താന്‍ ഖേദ പ്രകടനം നടത്തിയതിന്റെയും കാരണം രൂപേഷ് വ്യക്തമാക്കി. ‘ഇതേ മേഖലയില്‍ ജോലി ചെയ്യുന്ന വ്യക്തി എന്ന നിലയ്ക്ക് റീമേക്ക് റിലീസായ അന്ന് തന്നെ ഞാന്‍ ഒറിജിനലിനെ കുറിച്ച് പോസ്റ്റിടാന്‍ പാടില്ലായിരുന്നു. അതെന്റെ ഭാഗത്തു നിന്നും സംഭവിച്ച വീഴ്ചയാണ്. ഞാന്‍ അന്ന് റിച്ചി കണ്ടിരുന്നില്ല. ഇനി കണ്ടിരുന്നെങ്കില്‍ തന്നെ ആ കുറിപ്പ് ഞാന്‍ മാറ്റില്ലായിരുന്നു. കാരണം, ഞാന്‍ അതില്‍ പറഞ്ഞിരിക്കുന്നത് ഉളിദവരു കണ്ടതയെക്കുറിച്ചു മാത്രമാണ്. സമ്പൂര്‍ണ സാക്ഷരത എന്ന് വീമ്പു പറയുന്ന ഒരു സംസ്ഥാനത്ത് ഞാന്‍ എന്താണ് ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്നതെന്ന് മലയാളത്തില്‍ തന്നെ വ്യക്തമാക്കി കൊടുക്കേണ്ടി വരുന്ന എന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ…

എന്റെ ഒരു കമന്റ് കൊണ്ട് ആ ചിത്രത്തിന് നല്ല പ്രതികരണം ലഭിച്ചില്ലെന്നാണ് അതിന്റെ നിര്‍മ്മാതാക്കള്‍ പറയുന്നത്. എന്നാല്‍ അവര്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് നല്‍കിയിരിക്കുന്ന പരാതിയില്‍ എന്റെ ചിത്രങ്ങളായ യു ടൂ ബ്രൂട്ടസിനെയും തീവ്രത്തെയും കളിയാക്കുകയാണ് ചെയ്തിരിക്കുന്നത്. അവരാരും തന്നെ എന്നെ ഇതുവരെ ഈ വിഷയത്തില്‍ വിളിച്ചിട്ടില്ല. നിവിന്‍ പോളിയും വിളിച്ചിട്ടില്ല. മാധ്യമങ്ങളാണ് എന്റെ വാക്കുകളെ വളച്ചൊടിച്ചത്. അത് തന്നെയാകും അവരും വായിച്ചത്.

ടൊവീനോ, പൃഥ്വി, ദുല്‍ഖര്‍ എന്നീ താരങ്ങളോട് അക്കാര്യത്തില്‍ എനിക്ക് വളരെ മതിപ്പാണ്. കാരണം എന്തെന്നാല്‍, അവര്‍ക്കൊരു വിഷയമുണ്ടെങ്കില്‍ അവരത് മുഖത്ത് നോക്കി ചോദിച്ചിരിക്കും. നേരിട്ട് സംസാരിച്ചിരിക്കും. അല്ലാതെ ആരാധകരെ വിട്ടു പറയിപ്പിക്കാറില്ല. എന്റെ പേര് കളങ്കപ്പെടുത്തിയതിന് ഞാനും കോടതിയെ സമീപിക്കാന്‍ പോവുകയാണ്.

അച്ചടക്ക സമിതിയുടെ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നു. എന്നാല്‍, എന്നെ സിനിമാ മേഖലയില്‍ നിന്നും തുടച്ച് നീക്കുക തന്നെയാണ് അവരുടെ ഉദ്ദേശമെന്ന് ആ പരാതിയില്‍ നിന്നും വ്യക്തമാണ്. പക്ഷെ അന്‍വര്‍ റഷീദ്, അമല്‍ നീരദ്, തുടങ്ങിയ സംവിധായകരൊക്കെ പ്രേമം എന്ന സിനിമയെ തുടര്‍ന്നുണ്ടായ വിവാദങ്ങളെ തുടര്‍ന്ന് ഇത്തരം അസോസിയേഷനുകളില്‍ നിന്നും പുറത്തു വന്നവരാണ്. എന്നിട്ടും എത്രയോ മികച്ച ചിത്രങ്ങള്‍ അവര്‍ ചെയ്യുന്നു. അതുപോലെ തന്നെ വിനയന്‍ സാറും. പിന്നെ അവര്‍ ഇതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ‘രൂപേഷ് പറഞ്ഞു

‘ഈ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ താന്‍ വെറുതെ ഇരിക്കാന്‍ പോകുന്നില്ല. ഇമേജ് കളങ്കപ്പെടുത്താന്‍ ശ്രമിച്ചതിനും അപകീത്തിപ്പെടുത്താന്‍ ശ്രമിച്ചതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും രൂപേഷ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button