പൃഥ്വിരാജിന്റെ നായികയായി മലയാളത്തിലേയ്ക്ക് എത്തിയ തെന്നിന്ത്യന്‍ താരമാണ് ശ്രിയ ശരണ്‍. തമിഴിലും തെലുങ്കിലും ഒരേ സമയം ഹിറ്റായി നില്‍ക്കുന്ന സമയത്താണ് പോക്കിരാജ എന്ന ചിത്രത്തിലൂടെ ശ്രിയ മലയാളത്തിലെത്തിയത്. എന്നാല്‍ ഇപ്പോള്‍ താരത്തിനു വലിയ അവസരങ്ങള്‍ ഒന്നും തന്നെയില്ല.
ഇഷ്ടം എന്ന തെലുങ്ക് ചിത്രത്തിലൂടെ 2001 ലാണ് ശ്രിയ ശരണ്‍ അഭിനായരങ്ങേറ്റം കുറിയ്ക്കുന്നത്. തുടര്‍ന്ന് സന്തോഷം, ചെന്നകേശവ റെഡ്ഡി, നുവ്വേ നുവ്വേ, നൂകു നേനു നാക്കു നുവ്വു, ടാകോര്‍, എല ചെപ്പനു തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രിയ മുന്‍ നിര നായികയായി മാറി. ഇതിനിടയില്‍ ഒരു ബോളിവുഡ് ചിത്രവും താരം ചെയ്തു. 2003 ല്‍ പുറത്തിറങ്ങിയ തുജേ മേരി കസം എന്ന ചിത്രത്തിലൂടെയാണ് ശ്രിയ ഹിന്ദി സിനിമയിലെത്തിയത്. അത് ശ്രിയ ശരണിന്റെ താരമൂല്യം കൂട്ടി.
ഹിന്ദിയിലും തമിഴിലും സാന്നിധ്യം അറിയിച്ച ശ്രിയ പ്രഭാസ്, പവന്‍ കല്യാണ്‍, ജൂനിയര്‍ എന്‍ടിആര്‍, വെങ്കിടേഷ് തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമൊക്കെ തെലുങ്കിലും രജനികാന്ത്, ധനുഷ്, വിജയ്, വിശാല്‍, ശരത്ത് കുമാര്‍, ആര്യ, ജീവ, വിക്രം തുടങ്ങിയ മുന്‍നിര തമിഴ് നായകന്മാര്‍ക്കൊപ്പവും അഭിനയിച്ചു. എന്നാല്‍ തുടര്‍ച്ചയായി അഞ്ചോളം ചിത്രങ്ങളില്‍ അതിഥി താര വേഷങ്ങള്‍ ചെയ്തതോടെ ശ്രിയയുടെ മാര്‍ക്കറ്റിടിഞ്ഞു. ഇടയ്ക്കും മുറയ്ക്കും ചില ഗാനരംഗത്ത് മാത്രം എത്തുന്ന അതിഥി വേഷങ്ങള്‍ തമിഴിലും ലഭിച്ചതോടെ അവിടെയും ശ്രിയയ്ക്ക് വിജയങ്ങള്‍ ഒന്നുമില്ലാതെയായി. ഇതിനിടയില്‍ ചിമ്പുവിനൊപ്പം അന്‍പാനവന്‍ അസറാതവന്‍ അടങ്കാതവന്‍ എന്ന ചിത്രത്തിലൂടെ മടങ്ങിവരാന്‍ ശ്രമിച്ചെങ്കിലും സിനിമ പരാജയപ്പെട്ടു. അതോടെ താരത്തിന്റെ രണ്ടാം വരവും പരാജയമായിരിക്കുകയാണ്.
Post Your Comments