22-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് നാളെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തുടക്കമാകും. ഓഖി ചുഴലിക്കാറ്റുണ്ടാക്കിയ ദുരന്തങ്ങളുടെ സാഹചര്യത്തില്‍ ആഘോഷപരിപാടികള്‍ ഒഴിവാക്കിക്കൊണ്ടാണ് ചലച്ചിത്രോത്സവം നടത്തുകയെന്ന് സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദുരന്തത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം അര്‍പ്പിച്ചുകൊണ്ടാണ് മേള ആരംഭിക്കുക. ബംഗാളി നടി മാധവി മുഖര്‍ജി, പ്രകാശ് രാജ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് ഉദ്ഘാടന ചിത്രമായ ദ ഇന്‍സള്‍ട്ട് പ്രദര്‍ശിപ്പിക്കും.
സിനിമയുടെ വിനോദമൂല്യത്തിന് മാത്രം പ്രാധാന്യം നല്‍കുകയും അതിന്റെ രാഷ്ട്രീയം അവഗണിക്കുകയും ചെയ്യുന്ന ലോകത്തിലെ വന്‍കിട ചലച്ചിത്രമേളകളില്‍ നിന്ന് ഐ.എഫ്.എഫ്.കെയെ വ്യത്യസ്തമാക്കുന്നത് അതിന്റെ രാഷ്ട്രീയ നിലപാടുകളാണെന്ന് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. മൂന്നാം ലോകരാജ്യങ്ങളുടെ, പ്രത്യേകിച്ച് ആഫ്രോ-ഏഷ്യന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളെ മാത്രം മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത് ഈ നിലപാടിന്റെ ഭാഗമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവിധ അന്താരാഷ്ട്ര മേളകളുടെ ഫെസ്റ്റിവല്‍ ഡയറക്ടറും വിഖ്യാത ചലച്ചിത്ര നിര്‍മാതാവുമായ മാര്‍ക്കോ മുള്ളറാണ് ജൂറി ചെയര്‍മാന്‍. സംവിധായകന്‍ ടി.വി ചന്ദ്രന്‍, കൊളംബിയന്‍ നടന്‍ മര്‍ലന്‍ മൊറീനോ, ഫ്രഞ്ച് എഡിറ്റര്‍ മേരി സ്റ്റീഫന്‍, ആഫ്രിക്കന്‍ ചലച്ചിത്ര പണ്ഡിതന്‍ അബൂബേക്കര്‍ സനാഗോ എന്നിവരാണ് ജൂറി അംഗങ്ങള്‍. 65 രാജ്യങ്ങളില്‍ നിന്നുള്ള 190 സിനിമകളാണ് പ്രദര്‍ശിപ്പിക്കുക. മത്സര വിഭാഗത്തില്‍ രണ്ട് മലയാള സിനിമകളുള്‍പ്പെടെ 14 ചിത്രങ്ങളാണുള്ളത്. ഇന്ത്യന്‍ സിനിമ ഇന്ന്, മലയാള സിനിമ ഇന്ന്, കണ്ടംപററി മാസ്റ്റേഴ്‌സ് ഇന്‍ ഫോക്കസ്, റെട്രോസ്‌പെക്ടീവ്, ഐഡന്റിറ്റി ആന്റ് സ്‌പേസ് തുടങ്ങി 20 വിഭാഗങ്ങളിലായാണ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുക. ചലച്ചിത്ര ലോകത്തോട് വിടപറഞ്ഞ കെ.ആര്‍ മോഹനന്‍, ഐ.വി. ശശി, കുന്ദന്‍ ഷാ, ഓംപുരി, ജയലളിത തുടങ്ങിയവര്‍ക്കുള്ള ശ്രദ്ധാഞ്ജലിയായി ഹോമേജ് വിഭാഗവും ഇതിന്റെ ഭാഗമാണ്.
തലസ്ഥാനത്തെ വിവിധ തിയേറ്ററുകളിലായി 8848 സീറ്റുകള്‍ സജീകരിച്ചിട്ടുണ്ട്. വിവിധ വിഭാഗങ്ങളിലായി 11000 പാസുകളും അനുവദിച്ചിട്ടുണ്ട്. ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി പ്രമുഖര്‍ പങ്കെടുക്കുന്ന വിവിധ ശില്പശാലകളും പ്രഭാഷണ പരമ്പരകളും സംഘടിപ്പിക്കും.
മേളയില്‍ പങ്കെടുക്കുന്ന സ്ത്രീകളുടെ സുരക്ഷയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കുമെന്ന് ഫെസ്റ്റിവല്‍ ആര്‍ട്ടിക്സ്റ്റിക് ഡയറക്ടറും ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സനുമായ ബീനാ പോള്‍ പറഞ്ഞു. ഇതിനായി സ്ത്രീ വോളന്‍ഡിയര്‍മാരുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പരാതി പരിഹാരത്തിനായി പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. talktous@iffk.in എന്ന ഇ-മെയില്‍ വിലാസത്തില്‍ പരാതികള്‍ അറിയിക്കാം. ഇതിനു പുറമേ അംഗപരിമിതര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും ഫെസ്റ്റിവല്‍ ഡയറക്ടറുമായ കമല്‍, ഫെസ്റ്റിവല്‍ ആര്‍ട്ടിക്സ്റ്റിക് ഡയറക്ടര്‍ ബീനാ പോള്‍, ഐ.എഫ്.എഫ്.കെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മഹേഷ് പഞ്ചു, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സിബി മലയില്‍ തുടങ്ങിയവരും പങ്കെടുത്തു.
Post Your Comments