CinemaFilm ArticlesGeneralMollywood

കണ്ണീര്‍ മഴയത്ത് ചിരിയുടെ കുട ചൂടിയ ‘അബൂക്ക’

ഒരു നടന് അദ്ദേഹത്തിന്‍റെ അവസാന ചിത്രത്തില്‍ ഏറെ വ്യത്യസ്തമായൊരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവസരം കിട്ടുക എന്നത് ആ നടനെ സംബന്ധിച്ച് ഏറ്റവും വലിയ ഭാഗ്യങ്ങളില്‍ ഒന്നാണ്. ആ മഹാ ഭാഗ്യമാണ് മലയാളത്തിന്റെ അതുല്യ കലാകാരന്‍ ബഹദൂറിന് ലഭിച്ചത്. ഹാസ്യവും, ഗൗരവവും ഒരു പോലെ വഴങ്ങുമെന്ന് തെളിയിച്ച മഹാ പ്രതിഭയായിരുന്നു ബഹദൂര്‍. അദ്ദേഹം അഭിനയിച്ച അവസാനത്തെ ചിത്രമായിരുന്നു ലോഹിതദാസിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘ജോക്കര്‍’.

സര്‍ക്കസ് അഭ്യാസികളുടെ ജീവിതകഥ പറഞ്ഞ ചിത്രം തിയേറ്ററില്‍ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. സര്‍ക്കസിലെ കോമാളിയായി ജനപ്രിയ നായകന്‍ ദിലീപും, മഹാനടന്‍ ബഹദൂറുമൊക്കെ തകര്‍ത്തഭിനയിച്ച ചിത്രം ശക്തമായ പ്രമേയമാണ് പ്രേക്ഷകന് മുന്നില്‍ തുറന്നുവെച്ചത്. നര്‍മവും കണ്ണീരും മിക്സ് ചെയ്തെടുത്ത ഒരു ലോഹിതദാസ് വിസ്മയമായിരുന്നു ‘ജോക്കര്‍’. 2000-ല്‍ പുറത്തിറങ്ങിയ ‘ജോക്കര്‍’ വാണിജ്യപരമായും മോളിവുഡ് സിനിമാ വ്യവസായത്തിന് ഗുണം ചെയ്തു. നടന്‍ ദിലീപിന് ജനപ്രിയനിലേക്കുളള വഴി തുറന്നു നല്‍കിയതില്‍ നിര്‍ണായക പങ്കുവഹിച്ച ചിത്രമാണ്‌ ജോക്കര്‍.

ബഹദൂര്‍ എന്ന നടന്റെ അവിസ്മരണീയമായ അഭിനയ പ്രകടനമായിരുന്നു ചിത്രത്തിലെ മറ്റൊരു സവിശേഷത. ‘അബൂക്ക’ എന്ന് വിളിക്കുന്ന ജോക്കര്‍ കഥാപാത്രമായി ബഹദൂര്‍ പല സന്ദര്‍ഭങ്ങളിലും കണ്ണ് നനയിപ്പിച്ചു, വാര്‍ധക്യം മൂലം സര്‍ക്കസ് റിംഗിലേക്ക് പ്രവേശിപ്പിക്കാത്ത ഈ കോമാളി കഥാപാത്രത്തെ പ്രേക്ഷകന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കും വിധം ബഹദൂറിലെ നടന്‍ സുന്ദരമാക്കി. ‘എന്റെ നമ്പര്‍ എപ്പോഴാ’ എന്നുള്ള അബൂക്കയുടെ ചോദ്യം പ്രേക്ഷകന്റെ ഹൃദയത്തിലാണ് പതിച്ചത്. മുഖത്തെഴുത്ത്‌ മായിക്കാതെ സര്‍ക്കസ് റിംഗിലേക്ക് പ്രവേശിക്കാനായി പ്രതീക്ഷയോടെ കാത്തിരുന്ന ‘അബൂക്ക’ കിരീടത്തിലെ സേതു മാധവനെപ്പോലെയും, കമലദളത്തിലെ നന്ദഗോപനെപ്പോലെയും ചര്‍ച്ച ചെയ്യപ്പെടെണ്ട കഥാപാത്രങ്ങളില്‍ ഒന്നാണ്, മലയാള സിനിമയില്‍ അപൂര്‍വമായി മാത്രം നടക്കുന്ന ഗംഭീര കഥാപാത്ര സൃഷ്ടിയായിരുന്നു ബഹദൂര്‍ അവതരിപ്പിച്ച ‘അബൂക്ക’…

shortlink

Related Articles

Post Your Comments


Back to top button