അനുകരണ കലയിലെ സുല്‍ത്താനാണ് നടനും മിമിക്രി താരവുമായ അബി. പക്ഷിമൃഗാദികളില്‍തുടങ്ങിയ അബിയുടെ അനുകരണ കല പ്രേക്ഷകരെ ശരിക്കും വിസ്മയിപ്പിച്ചിരുന്നു. താരങ്ങളുടെ ലിസ്റ്റ് എടുത്താല്‍ അബി ഏറ്റവും പെര്‍ഫക്ടായി ചെയ്യാറുള്ളത് ഇന്ത്യയിലെ മികച്ച രണ്ടു നടന്മാരുടെ ശബ്ദമാണ്, ഒന്ന് അമിതാബ് ബച്ചനും മറ്റൊരാള്‍ മമ്മൂട്ടിയും, ശങ്കരാടിയായിരുന്നു അബിയുടെ മറ്റൊരു മാസ്റ്റര്‍ പീസ്. ആരും അനുകരിക്കാത്ത താരങ്ങളുടെ ശബ്ദം ആദ്യമായി ധൈര്യപൂര്‍വ്വം അനുകരിച്ച് തുടങ്ങിയതും അബിയാണ്. അബിയില്‍ നിന്നാണ് പലരും മിമിക്രിയുടെ ആദ്യ പാഠങ്ങള്‍ പഠിച്ചത്. മമ്മൂട്ടിയുടെയും, അമിതാബ് ബച്ചന്റെയും ശരീരരൂപവുമായി സാമ്യമുള്ള അബിക്ക് അവരെ വേദിയില്‍ അവതരിപ്പിക്കുന്നതില്‍ ഒരു പ്രത്യേക മിടുക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് മമ്മൂട്ടിയിലെ നടനെ അബി ഒരുപാട് തിരുത്തിയിട്ടുണ്ടെന്ന പരമാര്‍ശവുമായി മമ്മൂട്ടി ഇന്ന് ഫേസ്ബുക്കിലെത്തിയത്. അക്കാലത്തെ മമ്മൂട്ടിയുടെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ‘വടക്കന്‍ വീരഗാഥ’യിലെ ചന്തുവിന്റെ ലുക്കിലെത്തിയാണ് അബി പ്രേക്ഷകരെ ഞെട്ടിച്ചത്. അനുകരണം എന്നതിനപ്പുറം അതൊക്കെ ശക്തമായ അഭിനയമായിരുന്നു, അദ്ദേഹത്തില്‍ നല്ലൊരു നടനുണ്ട് എന്നതിന് തെളിവായിരുന്നു അബിയുടെ ആമിന താത്തയും, മമ്മൂട്ടിയും, അമിതാബ് ബച്ചനുമൊക്കെ, അവരെ ആരെയും അബി അനുകരിക്കുകയായിരുന്നില്ല അതേ കഥാപാത്രങ്ങളായി ജീവിക്കുകയായിരുന്നു. മമ്മൂട്ടിയുടെ ചന്തുവിനെപ്പോലെ അയാള്‍ ഓരോ വേദികളിലും തകര്‍ത്തഭിനയിച്ചു.
Post Your Comments