Uncategorized

നെടുമുടി വേണുവിന് അനന്തപുരിയുടെ ആദരം (വീഡിയോ)

അഭിനയരംഗത്ത് 40 വർഷം പൂർത്തിയാക്കിയ നടൻ നെടുമുടി വേണുവിന് അനന്തപുരിയുടെ ആദരം. സംസ്ഥാന സർക്കാരും ഫിലിം ഫ്രറ്റെണിറ്റിയും വയലാർ സാംസ്കാരിക വേദിയും ചേർന്നാണ് വെള്ളിത്തിരയിലെ നടനവിസ്മയമായ നെടുമുടി വേണുവിനെ ആദരിച്ചത്. നിശാഗന്ധിയിലെ നിറഞ്ഞ സദസ്സിൽ നടന്ന ‘നടനം വേണുലയം’ എന്ന പരിപാടി അക്ഷരാർത്ഥത്തിൽ നെടുമുടി വേണുവിന് സിനിമാലോകവും പ്രേക്ഷകരും നൽകിയ ഗുരുപൂജയായി മാറുകയായിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ മിഴാവ് കൊട്ടി ഉത്ഘാടനം ചെയ്ത ചടങ്ങിൽ തുടർന്ന് മന്ത്രിയുടെ ആവശ്യ പ്രകാരം നെടുമുടി വേണുവും മിഴാവ് കൊട്ടി. സദസ്സ് കയ്യടികളോടെയാണ് ഈ കലാകാരനോടുള്ള ആദരവ് പ്രകടിപ്പിച്ചത്. പകരക്കാരനില്ലാത്ത നടനാണ് നെടുമുടി വേണു. കുറഞ്ഞ കാലത്തിനുള്ളിൽ തന്നെ സിനിമാ രംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് നെടുമുടി വേണുവെന്നും യൗവനകാലത്ത് തന്നെ ഇത്രയും വൃദ്ധൻ വേഷങ്ങൾ ചെയ്ത മറ്റൊരു കലാകാരൻ ഇല്ലെന്നും ഉത്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.

വ്യത്യസ്തമായ വേഷങ്ങൾ ഇത്രയും തന്മയത്വത്തോടെ അഭിനയിക്കുന്ന മറ്റൊരു നടൻ ഇന്ത്യൻ സിനിമയിൽ ഇല്ലെന്ന് നടൻ മധു പറഞ്ഞു. നിർമ്മാതാവും ഫിലിം ഫ്രറ്റെണിറ്റി ചെയർമാനുമായ ജി.സുരേഷ് കുമാർ അധ്യക്ഷനായിരുന്നു.ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ,മുകേഷ്, കെപിഎസി ലളിത, ലെനിൻ രാജേന്ദ്രൻ, മുൻ മേയർ കെ. ചന്ദ്രിക,കല്ലിയൂർ ശശി, മഞ്ജു വാര്യർ,ശ്രീനിവാസൻ, പ്രിയദർശൻ, മണിയൻ പിള്ള രാജു, സത്യൻ അന്തിക്കാട്,സുരേഷ് ഗോപി,ജലജ,സുഹാസിനി തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.

വിനീത്,പണ്ഡിറ്റ് രമേശ് നാരായണൻ, ദീപക് ദേവ്,ബൈജു,മധുപാൽ,ടി.എസ് സുരേഷ് ബാബു, ബാലചന്ദ്രൻ ചുള്ളിക്കാട്,ശശികുമാർ,ഇന്ദ്രൻസ്,ഷാജി കൈലാസ്,കൃഷ്ണ ചന്ദ്രൻ തുടങ്ങി സിനിമാ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. നെടുമുടിയുടെ ജീവിത മുഹൂർത്തങ്ങൾ ഒപ്പിയെടുത്ത ‘തമ്പിൽ നിന്ന് തമ്പിലേക്ക്’ എന്ന ഡോക്യൂമെന്ററിയും പ്രദർശിപ്പിച്ചു. ബിജിപാൽ ഒരുക്കിയ ‘നെടുമുടി ഗീതകം’ എന്ന സംഗീത വിരുന്നും ചലച്ചിത്ര താരങ്ങളുടെ നൃത്ത പരിപാടിയും ചടങ്ങുകൾക്ക് കൊഴുപ്പേറി.

വീഡിയോ കാണാം 

shortlink

Related Articles

Post Your Comments


Back to top button