മോഡലിങ് ലോകത്തെ പുതിയ റാണിയാണ് കെന്‍ഡല്‍ ജെന്നര്‍. സാങ്കേതിക ഭാഷയില്‍ പറഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്ന മോഡലാണ് ജെന്നര്‍.ഫോബ്സ് മാസികയുടെ പുതിയ പട്ടിക അനുസരിച്ച് പ്രതിവര്‍ഷം 142 കോടി രൂപയാണ് ജെന്നര്‍ ഉണ്ടാക്കുന്നത്. 15 വര്‍ഷത്തോളം മോഡലിങ്ങ് രംഗത്തെ സമ്പന്ന പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയ ഗിസ്ലി ബുണ്ഡ്ചെന്നിനെ പിന്തള്ളിയാണ് ജെന്നര്‍ ഒന്നാമതെത്തിയത്.
മോഡലിങ് രംഗത്തെ ഇന്‍സ്റ്റഗ്രാം യുഗത്തിലെ റാണിയാണ് ജെന്നര്‍. പണ്ടത്തെ രീതികള്‍ മാറി സോഷ്യല്‍ മീഡിയയിലെ സാന്നിധ്യത്തിന്റെ ബലത്തില്‍ മോഡലിങ് രംഗത്ത് വിപണി മൂല്യം കണക്കാക്കുന്ന പ്രവണതയാണ് ഇപ്പോള്‍ ശക്തിപ്പെടുന്നത്. ഇതിനെയാണ് വോഗ് മാസിക ‘ഇന്സ്റ്റഗേള് ഇറ’യെന്നും ഹാര്‍പര്‍ ബാസാര്‍ ‘സോഷ്യല്‍ മീഡിയ മോഡലിങ്’ എന്നുമെല്ലാം പേരിട്ടു വിളിച്ചത്. കര്ദാശിയാന്സ് ടീമിന്റെ ‘കീപിങ് അപ് വിത്ത് കര്ദാശിയന്സ്’ എന്ന ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ സജീവമാണ് ജെന്നര്‍ എങ്കിലും സോഷ്യല്‍ മീഡിയയിലെ സാന്നിധ്യമാണ് കരിയറില്‍ വഴിത്തിരിവായത്.
സോഷ്യല്‍ മീഡിയയിലൂടെയുള്ള അസംഖ്യം പ്രൊമോഷനുകളാണ് ജെന്നറിന്റെ വിപണി മൂല്യവും സമ്പാദ്യവും കുത്തനെ ഉയര്‍ത്തിയത്. ലോസ് ഏഞ്ചല്‍സില്‍ ജനിച്ചുവളര്‍ന്ന ജെന്നര്‍ തന്റെ 14ാം വയസിലാണ് ആദ്യമായി മോഡലിങ് ചെയ്യുന്നത്. വോഗിന്റെ ഫോട്ടോഷൂട്ടിലും പിന്നീട് പ്രത്യക്ഷപ്പെട്ടു. 2011ലെ മെഴ്സിഡെസ് ബെന്‍സ് ഫാഷന്‍ വീക്കില്‍ പങ്കെടുത്ത് താരമായി. ടൈം മാസികയുടെ സ്വാധീനം ചെലുത്തുന്ന യുവാക്കളുടെ പട്ടികയിലും പീപ്പിള്‍ മാസികയുടെ മോസ്റ്റ് ബ്യൂട്ടിഫുള്‍ പീപ്പിള്‍ പട്ടികയിലും ഗൂഗിളിന്റെ മോസ്റ്റ് ഗൂഗിള്‍ഡ് പട്ടികയിലുമെല്ലാം ജെന്നര്‍ ഇടം നേടി.
Post Your Comments