ചേക്കിന്റെ സ്വന്തം കള്ളന്‍ മാധവന്റെ ജീവിതം പറഞ്ഞ മീശമാധവന്‍ രണ്ടാം ഭാഗം വരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ലാല്‍ജോസ് -ദിലീപ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഈ ചിത്രത്തിനു ദിലീപിനെ ജനപ്രിയ നടനാക്കുന്നതില്‍ വലിയ പങ്കുണ്ട്. കാവ്യാ മാധവനും ദിലീപും മികച്ച ജോഡികള്‍ ആയി അഭിനയിച്ച മീശമാധവന്റെ രണ്ടാം ഭാഗം വരുന്നെന്ന വാര്‍ത്തകള്‍ ദിലീപ് ആരാധകരെ ഏറെ സന്തോഷിപ്പിക്കുമ്പോഴും മലയാള സിനിമയിലെ മികച്ച ഹാസ്യ താരങ്ങള്‍ ആയ മാള അരവിന്ദന്‍, കൊച്ചിന്‍ ഫനീഫ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, മച്ചാന്‍ വര്‍ഗ്ഗീസ് തുടങ്ങിയ താരങ്ങളുടെ നഷ്ടം വേദനയായി നില്‍ക്കുന്നു. കൂടാതെ മീശമാധവനില്‍ നായകന്‍ ദിലീപ് ആയിരുന്നെങ്കിലും ജഗതി ശ്രീകുമാര്‍ ആയിരുന്നു നട്ടെല്ല്. രുക്മിണിയുടെ അച്ഛന്‍ ഭഗീരഥന്‍ പിള്ളയുടെ വേഷത്തില്‍ ജഗതി തിളങ്ങി. എന്നാല്‍ കാറപകടത്തില്‍ ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് വിശ്രമ ജീവിതം നയിക്കുന്ന ജഗതി സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങി വരുന്നതേയുള്ളൂ. സിനിമാ മേഖലയില്‍ നിന്നും മാറി നില്‍ക്കുന്ന ഈ താരമില്ലാതെ എങ്ങനെയാണ് മാധവറെ ജീവിതം പൂര്‍ണ്ണമാകുക.
മീശ പിരിച്ചാല്‍ അന്ന് ആ വീട്ടില്‍ കയറി എന്തെങ്കിലും അടിച്ചുകൊണ്ടു പോകുന്ന കള്ളന്‍ മാധവന്റെ ഗുരുവായിരുന്നു മുള്ളാണി പപ്പന്‍. മുള്ളാണി തുപ്പി രക്ഷപ്പെട്ടിരുന്ന പപ്പന്‍ തന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് വിശ്രമ ജീവിതത്തിലായിരുന്നു. മാള അരവിന്ദനായിരുന്നു പപ്പന്റെ വേഷത്തില്‍ എത്തിയത്. ചിത്രത്തിലെ മികച്ച ഹാസ്യ രംഗങ്ങള്‍ക്ക് കൊഴുപ്പേകിയവരാണ് ജഗതിയും കൊച്ചിന്‍ ഫനീഫയും മച്ചാന്‍ വര്‍ഗ്ഗീസും. പെടലി ഉളുക്കിയ രാഷ്ട്രീയക്കാരന്‍ ത്രിവിക്രമനായി കൊച്ചിന്‍ ഹനീഫയും കള്ളനു കൂട്ട് നില്‍ക്കുന്ന ലൈന്മാനായി മച്ചാന്‍ വര്‍ഗ്ഗീസും തകര്‍ത്തഭിനയിച്ചു. ചിത്രത്തിലെ മറ്റൊരു പ്രധാന വേഷമായിരുന്നു ഒടുവില്‍ ഉണ്ണികൃഷ്ണന്‍ അവതരിപ്പിച്ച പോലീസ് കഥാപാത്രം. കള്ളനു കൂട്ടായി അവന്റെ അവസ്ഥകള്‍ മനസിലാക്കി നില്‍ക്കുന്ന നന്മയുള്ള പോലീസുകാരനായി ഒടുവില്‍ ഉണ്ണികൃഷ്ണന്‍ അഭിനയിച്ചു.
ഒരു വിജയ സിനിമയുടെ രണ്ടാംഭാഗം വരുന്നത് സാധാരണം. പക്ഷെ ആദ്യ ഭാഗത്തെ ശക്തരായ കഥാപാത്രങ്ങളെ അവതരിപ്പിച്ച പല താരങ്ങളുടെ നഷ്ടം എപ്പോഴും രണ്ടാം ഭാഗങ്ങളുടെ ഒരു പ്രതിസന്ധിയാണ്. ഇവരില്‍ ആരെയൊക്കെ മാറ്റിയാലും ഭഗീരഥന്‍ പിള്ളയും ത്രിവിക്രമനുമെല്ലാം മലയാളികള്‍ക്ക് ജഗതിയും കൊച്ചിന്‍ ഹനീഫയും തന്നെ ആയിരിക്കും. മരണമെന്ന രംഗബോധമില്ലാത്ത കോമാളി തട്ടിയെടുത്ത ഈ താരങ്ങള്‍ അവരുടെ കഥാപാത്രങ്ങളിലൂടെ ഇന്നും ജീവിക്കുകയാണ്. അതാണ് അവരുടെ വിജയവും.
Post Your Comments