മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളില്‍ ഒന്നായ ഭരതത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് സംവിധായകന് സിബി മലയില്‍. മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ചിത്രമായിരുന്നു ഭരതം. മോഹന്‍ലാലിന് ആദ്യമായി മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്തതും ഈ ചിത്രത്തിലെ അഭിനയത്തിനായിരുന്നു. സംഗീതജ്ഞരായ സഹോദരങ്ങളുടെ കഥ പറഞ്ഞ ചിത്രത്തില്‍ ജ്യേഷ്ടന് രാമനാഥനായി നെടുമുടി വേണുവും അനുജന് ഗോപിനാഥനായി മോഹന്‍ലാലും തകര്‍ത്തഭിനയിക്കുകയായിരുന്നു. എന്നാല്‍ ഈ സിനിമയിലെ ഒരു രംഗം മോഹന്‍ലാലിനെ കൊണ്ട് ചെയ്യിപ്പിച്ചതില്‍ കുറ്റബോധം തോന്നിയെന്നാണ് സിബി മലയിലിന്റെ വെളിപ്പെടുത്തല്‍.
ചിത്രത്തിലെ ഏറ്റവും വികാരതീവ്രത നിറഞ്ഞ ഒരു രംഗമായിരുന്നു ഗോപിനാഥന്റെ സഹോദരിയുടെ വിവാഹം. ജ്യേഷ്ടന് രാമനാഥന്റെ മരണ വിവരം അറിഞ്ഞിട്ടും ആരോടും പറയാതെ ഉള്ളിലൊതുക്കിയാണ് ഗോപിനാഥന് ഈ വിവാഹത്തില്‍ പങ്കെടുക്കുന്നത്. ഏട്ടന്റെ വിയോഗം തീര്‍ത്ത ഗോപിനാഥന്റെ ആത്മനൊമ്പരങ്ങളെ ‘രാമകഥ ഗാനലയം’ എന്ന ഗാനത്തിലൂടെ ചിത്രീകരിക്കുകയാണ് ചെയ്തത്. ഈ ഗാനത്തില്‍ അഗ്നി വലയത്തിന് നടുവില്‍ മോഹന്‍ലാലിനെ ഇരുത്തി ഒരു രംഗം ചിത്രീകരിച്ചിരുന്നു. ഏറെ നേരം അതിനുള്ളില്‍ മോഹന്‍ലാലിനെ ഇരുത്തി ഷൂട്ട് ചെയ്യേണ്ടതായും വന്നു.ഗാനരംഗം അഭിനയിച്ചു പൂര്‍ത്തിയാക്കി അഗ്നിവലയത്തിനുള്ളില് നിന്നും പുറത്തേയ്ക്കിറങ്ങി വന്ന മോഹന്‍ലാലിനെ കണ്ട് ലൊക്കേഷനില്‍ ഉണ്ടായിരുന്നവര്‍ എല്ലാം ഞെട്ടിപ്പോയെന്നും ചൂടേറ്റു മോഹന്‍ലാലിന്റെ ശരീരത്തിലെ രോമങ്ങള്‍ മുഴുവന്‍ കരിഞ്ഞുപോയെന്നും സിബി മലയില്‍ വെളിപ്പെടുത്തുന്നു. മോഹന്‍ലാലിന്റെ സിനിമയോടുള്ള അര്പ്പണബോധത്തെപ്പറ്റി സംസാരിക്കവെയാണ് സിബി മലയില്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
Post Your Comments