ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വിലകൂടിയ സ്റ്റണ്ട് മാസ്റ്ററാണ് പീറ്റര്‍ ഹെയ്ന്‍. ‘പുലിമുരുകന്‍’ എന്ന ചിത്രത്തിലെ മോഹന്‍ലാലിന്‍റെ കിടിലന്‍ സംഘട്ടനരംഗങ്ങള്‍ ആരാധകര്‍ മറന്നു കാണില്ല. യന്തിരന്‍ 2 പോലുള്ള വമ്പന്‍ ചിത്രങ്ങളുടെ പിന്നില്‍ തിരക്കിലായിരിക്കുന്ന പീറ്ററിനെ തന്‍റെ തിരക്കഥയില്‍ കെ.മധു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് കാണാന്‍ പോയതായിരുന്നു പ്രശസ്ത തിരക്കഥാകൃത്ത് കൂടിയായ റോബിന്‍ തിരുമല. അപ്പോള്‍ തനിക്കുണ്ടായ അനുഭവങ്ങള്‍ ഹൃദ്യമായി വിശദീകരിക്കുകയാണ് റോബിന്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ. പീറ്ററിനെ കണ്ട നിമിഷവും സംസാരിപ്പോള്‍ ഉണ്ടായ സംഭവങ്ങളും പീറ്റര്‍ പങ്കുവെച്ച ജീവിതാനുഭവങ്ങങ്ങളും ഹൃദയത്തില്‍ തൊടുന്ന രീതിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് റോബിന്‍ തിരുമല . അദ്ദേഹത്തോടോപ്പമുള്ള ചിത്രങ്ങളും റോബിന്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
ഇതിനകം തന്നെ നിരവധിപേര്‍ ഷെയര്‍ ചെയ്ത ആ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…
അവിസ്മരണീയമായിരുന്നു ആ കൂടിക്കാഴ്ച .
കെ മധുവിന്റെ സംവിധാനത്തിൽ ഞാൻ തിരക്കഥ എഴുതുന്ന ഞങ്ങളുടെ സ്വപ്ന പദ്ധതിയായ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ the king of Travancore എന്ന ചിത്രത്തിന്റെ കഥാ ചർച്ചയുമായി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച ആക്ഷൻ കോറിയോഗ്രാഫർ സാക്ഷാൽ പീറ്റർ ഹൈനിന്റെ മുന്നിൽ ഞാൻ ഇരുന്നു .
കൂടെ സെവൻ ആർട്സ് മോഹൻ ചേട്ടനും, സഹീർ ഖാനും .
അസാമാന്യമായ ശ്രദ്ധയോടെ കഥ കേട്ടുകഴിഞ്ഞു, അതിശയിപ്പിക്കുന്ന ആഴത്തിൽ കഥ ചർച്ചകളിലേക്ക് അദ്ദേഹം കടന്നു ..
സംവിധായകൻ കെ മധു ചേട്ടന്റെ അഭാവത്തിൽ അദ്ദേഹത്തെ കുറിച്ച് വിശദമായി തിരക്കി. ചിത്രങ്ങളെപ്പറ്റിയും. ഒരുപാട് കേട്ടിട്ടുണ്ട്, കണ്ടിട്ടുമുണ്ട്. പ്രഗല്ഭനായ ഒരാളോടൊപ്പം വർക്ക് ചെയ്യാൻ പോകുന്നതിന്റെ സന്തോഷം അറിയിച്ചു.
ഇടയ്ക്ക് സ്വന്തം ജീവിതത്തിൽ നിന്നും ചില ജീവിത സന്ദർഭങ്ങൾ വിവരിച്ചുകൊണ്ട് ആ പഴയ ബുദ്ധമത വിശ്വാസി നിഷ്കളങ്കമായി ചിരിച്ചുകൊണ്ടിരുന്നു.
പിന്നെ താൻ ഒരു ക്രിസ്തുമത വിശ്വാസിയായ കഥ പറഞ്ഞു .
.ചെന്നൈയുടെ തെരുവോരങ്ങളിൽ ജോലി ചെയ്ത് ബാല്യം.
25 പൈസയ്ക്ക് ഒരു പാത്രം വെള്ളം ഹോട്ടലുകളിൽ എത്തിച്ചു , അങ്ങനെ കിട്ടുന്ന കാശ് പക്ഷപാതം വന്ന് തളർന്നുകിടക്കുന്ന അമ്മൂമ്മയ്ക്ക് കൊടുക്കുമായിരുന്നു കഥ .
രോഗിയായി മാറിയ പഴയ സ്റ്റണ്ട് മാസ്റ്റർ പെരുമാൾ എന്ന സ്നേഹ സമ്പന്നനായ അച്ഛനെപ്പറ്റി. വിയറ്റ്നാമി ആയ അമ്മയ്ക്കു ഭാഷ അറിയുമായിരുന്നില്ല. അതിനു നടുവിൽ കുടുംബത്തെ മുഴുവൻ സംരക്ഷിച്ച് അരക്ഷിതമായ ബാല്യം ..അതിനാൽ സ്കൂളിൽ പോകാനായില്ല .പഠിച്ചതെല്ലാം പുസ്തകങ്ങളിൽ നിന്നും ആയിരുന്നില്ല ജീവിതത്തിൽ നിന്നും ആയിരുന്നു .
പിന്നീട് സ്റ്റണ്ട് മാൻ ആയി .ഫൈറ്റ് മാസ്റ്റർ ആയി. ആക്ഷൻ കോറിയോഗ്രാഫി എന്നാൽ ഇന്ത്യയിൽ പീറ്ററിന്റെ മുഖവും, താളവും, ചുവടുകളും ആണിന്ന് .
ഇന്ത്യൻ സിനിമക്കും വിയറ്റ്നാം സിനിമയ്ക്കും ഇടയിലെ ബ്രാൻഡ് അംബാസിഡർ ആണിന്ന് പീറ്റർ ഹൈൻ . പുതിയ രണ്ടു സംവിധാന സംരംഭങ്ങൾ .വിയറ്റ്നാമിലും, ചൈനയുമായി.
ഒരു സിനിമയുടെ മുഴുവൻ വശങ്ങളെക്കുറിച്ചും ആഴത്തിലുള്ള അറിവ് നേടിയ അദ്ദേഹത്തിന്റെ ഡേറ്റിനായി ഇന്ത്യയിലെ വമ്പൻ സംവിധായകർ കാത്തുനിൽക്കുമ്പോൾ, ഒരേസമയം ഒരു ചിത്രം എന്ന രീതിയിൽ പീറ്റർ വഴി മാറി നടക്കുന്നു.
മോഹൻലാൽ എന്ന മഹാനടനോടുള്ള സ്നേഹവും ആദരവും വ്യക്തമാക്കുന്നു. ആന്റണി പെരുമ്പാവൂർ എന്നാൽ പ്രിയപ്പെട്ട സുഹൃത്തിനെ പറ്റിയും..
ഒരാളുടെ അനുഭവങ്ങൾ അബോധ തലത്തിലേക്ക് മാറുമ്പോൾ അത് അയാളുടെ സംസ്കാരം ആയി മാറുന്നു. അതിൽ നിന്നും വരുന്നതാണ് അയാളുടെ വാസനകൾ ..
ഇവിടെ പീറ്റർ ഹൈനിന്റെ വാസനകൾ അദ്ദേഹത്തിന്റെ സംസ്കാരം ആയി മാറുന്ന കാഴ്ച കണ്ട് ആദരവോടെ ഞങ്ങൾ താൽക്കാലികമായി പിരിയുമ്പോൾ ,യാത്രാമൊഴിയായി ഞങ്ങൾക്കു തന്ന തെളിനിലാപുഞ്ചിരിയിൽ കണ്ടത് നിസ്വനായ ഒരു മനുഷ്യനെയാണ് .
നമ്മുടെ ഉള്ളിൽ സംസ്ക്കാരം ഉണ്ടാക്കാൻ പ്രേരിപ്പിക്കുന്ന ഒരു പ്രചോദിത മനുഷ്യനെ….
Post Your Comments