CinemaFilm ArticlesMollywood

സൂപ്പര്‍ സ്റ്റാറുകളേക്കാള്‍ മികച്ച ചിത്രങ്ങളുമായി ജയറാം!

ഒരുകാലത്ത് ഒട്ടേറെ മികച്ച ചിത്രങ്ങളുമായി മലയാള സിനിമയില്‍ ശക്തമായ സാന്നിധ്യമറിയിച്ച താരമായിരുന്നു ജയറാം. സത്യന്‍ അന്തിക്കാട്, കമല്‍, സിബി മലയില്‍ തുടങ്ങിയവരുടെ ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങള്‍ അവതരിപ്പിച്ച ജയറാം കുടുംബ പ്രേക്ഷകരുടെ ഇഷ്ടനായകനായി വളര്‍ന്നത് ചുരുങ്ങിയ കാലയളവ്‌ കൊണ്ടായിരുന്നു. പിന്നീടു സിനിമകളുടെ തെരഞ്ഞെടുപ്പ് മോശമായതോടെ ജയറാം മോളിവുഡ് നടന്മാരുടെ ഹിറ്റ് ലിസ്റ്റില്‍ നിന്ന് പിന്നോട്ട് പോയി.

പത്മരാജന്‍ കൈപിടിച്ചു ഉയര്‍ത്തിയ താരമാണ് ജയറാം. കാമുക വേഷങ്ങളും, നര്‍മ വേഷങ്ങളും നന്നായി അവതരിപ്പിച്ച് കയ്യടി നേടിയ ജയറാം സ്വാഭാവികമായ അഭിനയം കൊണ്ടാണ് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടത്. സത്യന്‍ അന്തിക്കാട് ചിത്രങ്ങളാണ്‌ ജയറാമിനെ മലയാളികളുടെ പ്രിയനടനാക്കി മാറ്റിയത്. മഴവില്‍ക്കാവടി, തൂവല്‍ കൊട്ടാരം, വീണ്ടും ചില വീട്ടുകാര്യങ്ങള്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ ജയറാമിന്റെ ജനപ്രിയത വര്‍ദ്ധിപ്പിച്ചു. ഇപ്പോഴിതാ ചില മികച്ച പ്രോജക്റ്റുകളുമായി ജയറാം തന്‍റെ സൂപ്പര്‍താര പദവി തിരിച്ചെടുക്കാന്‍ ഒരുങ്ങുകയാണ്.

ചിത്രീകരണം പുരോഗമിക്കുന്ന സലിം കുമാര്‍ ചിത്രം ‘ദൈവമേ കൈ തൊഴാം കെ. കുമാറാകണം’ എന്ന സിനിമയില്‍ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജയറാം ആണ്. അനുശ്രീ നായികയായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈരാറ്റുപേട്ടയില്‍ പുരോഗമിക്കുകയാണ്. സലിം കുമാറിന്റെ ആദ്യ കൊമ്മേഴ്സിയല്‍ സിനിമയെന്ന നിലയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ചിത്രം ജയറാമിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറുമെന്നാണ് അദ്ദേഹത്തിന്‍റെ ആരാധകരുടെ പ്രതീക്ഷ.

നടനും മിമിക്രി കലാകാരനും അവതാരകനുമൊക്കെയായ രമേശ്‌ പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലും ജയറാം തന്നെയാണ് ഹീറോയായി എത്തുന്നത്. ‘പഞ്ചവര്‍ണ്ണതത്ത’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ ജയറാമിന്റെ ലുക്ക് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. തലമൊട്ടയടിച്ച് പക്ഷിശാസ്ത്രക്കാരന്റെ റോളിലാണ് ജയറാം ചിത്രത്തിലെത്തുന്നത്. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ മറ്റൊരു നായകന്‍. ഹരി.പി നായരും, രമേശ്‌ പിഷാരടിയും ചേര്‍ന്ന് രചന നിര്‍വഹിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം മണിയന്‍ പിള്ള രാജുവാണ്.

മലയാള സിനിമയിലെ ഹിറ്റ് തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണന്‍-ബിബിന്‍ ജോര്‍ജ്ജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലും ജയറാം അഭിനയിക്കുന്നുവെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.ദുല്‍ഖര്‍-ജയറാം കോമ്പോയെ ആദ്യമായി പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ് ഈ ഇരട്ട തിരക്കഥാകൃത്തുക്കള്‍. ജയറാമിന്റെ ഏറ്റവും പ്രതീക്ഷയുള്ള പ്രോജക്റ്റില്‍ ഒന്നാണിത്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ തുടങ്ങി ബോക്സോഫീസ് ഹിറ്റുകള്‍ എഴുതിയ വിഷ്ണു ഉണ്ണികൃഷ്ണന്‍-ബിബിന്‍ ടീം ജയറാമിന് ശക്തമായ ഒരു വാണിജ്യ സിനിമ നല്‍കുമെന്ന് പ്രതീക്ഷിക്കാം.

ഹിറ്റ് ചിത്രം ഭാഗ്യദേവതയ്ക്ക് ശേഷം സത്യന്‍ അന്തിക്കാട് ചിത്രത്തിലും ജയറാം നായകനായി എത്തുന്നുവെന്ന് സിനിമാ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശ്രീനിവാസന്‍ തിരക്കഥയെഴുതുന്ന ഈ ചിത്രവും നടനെന്ന നിലയില്‍ ജയറാമിന് കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കുന്നു.

shortlink

Related Articles

Post Your Comments


Back to top button