CinemaFilm ArticlesMollywood

മഹാഭാരതമെന്ന് കേട്ടാല്‍ ‘പുലിമുരുകന്‍’ പോലെ ആളെത്തുന്ന സംസ്കാരമാണോ ഇവിടം?

ആയിരം കോടി ബജറ്റില്‍ മഹാഭാരതം ബിഗ്സ്ക്രീനില്‍ എത്തിക്കുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രഖ്യാപനം. നല്ലൊരു സിനിമ അവതരിപ്പിക്കുന്നതോടൊപ്പം വാണിജ്യ വിജയവും ചിത്രം മുന്നില്‍ കാണുന്നു. ‘മോളിവുഡ്’ എന്ന ചെറിയ ഫിലിം വ്യവസായത്തെ ഇന്ത്യന്‍ സിനിമയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാക്കി  മാറ്റാനുള്ള ദൗത്യവും എം.ടി യുടെ തൂലികയില്‍ പിറക്കുന്ന മഹാഭാരതത്തിനുണ്ട്.

 ഭീമനു പ്രാധാന്യം നല്‍കി എഴുതിയിരിക്കുന്ന എം.ടിയുടെ നോവല്‍ ‘രണ്ടാമൂഴം’ ചലച്ചിത്രമാകുമ്പോള്‍ എന്തൊക്കെ അത്ഭുതങ്ങളാകും സംഭവിക്കുക എന്നത് പ്രവചിക്കുക അസാധ്യം. എന്നിരുന്നാലും ചിത്രത്തിന് സാമ്പത്തിക മേല്‍ക്കോയ്മ നേടണമെങ്കില്‍ സാറ്റലൈറ്റ് ഉള്‍പ്പടെ ചിത്രം ആയിരം കോടിക്കും മേലെ കളക്റ്റ് ചെയ്യണമെന്നതാണ് യാഥാര്‍ത്ഥ്യം. വിവിധ ഭാഷകളില്‍ റിലീസ് ചെയ്യുന്ന മഹാഭാരതത്തിനു അങ്ങനെയൊരു വിജയം നേടാനാകുമോ.? കേരളത്തില്‍ ‘പുലിമുരുകന്‍’ കാണാനെത്തിയ  പ്രേക്ഷകര്‍ പോലും മഹാഭാരതത്തിനൊപ്പം നില്‍ക്കുമോ? പുലിമുരുകന്‍ നേടിയ നൂറുകോടിയെന്ന ചരിത്ര നേട്ടമെങ്കിലും മഹാഭാരതം മറികടക്കട്ടെ!

എം.ടി എഴുതിയ വിശാലമായ നോവലാണ്‌ ദൃശ്യവത്കരിക്കപ്പെടുന്നത്. മഹാഭാരത്തിന്റെ തിരക്കഥയിലും അതിന്റെ ആഴം ഉണ്ടാകും, ഭീമന്റെ ഗദായുദ്ധം, മാത്രമല്ല വൈകാരികമായ സന്ദര്‍ഭങ്ങളും ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കും. കഥാഖ്യാനത്തില്‍ ശ്രദ്ധ നല്‍കാതെ മേക്കിംഗ് സാധ്യതകളെ ഭംഗിയായി പ്രയോജനപ്പെടുത്തിയ ‘ബാഹുബലി’ പോലെ ‘മഹാഭാരതം’ ചെയ്തെടുക്കാനാകില്ല. പ്രേക്ഷകര്‍ അത്തരം സിനിമകളോടാണ് കൂടുതല്‍ ചേര്‍ന്നിരിക്കുക, എം.ടി തന്നെ എഴുതിയ ‘പഴശ്ശിരാജ’യില്‍ ഇഴച്ചില്‍ അനുഭവം ഉണ്ടെന്നു പറഞ്ഞ അതേ പ്രേക്ഷകര്‍ മഹാഭാരതത്തിന്‍റെ മെല്ലെപ്പോക്കിനെയും കുറ്റം പറയും.

ഭൂരിഭാഗം പ്രേക്ഷര്‍ക്കും വേണ്ടുന്നത് കെട്ടുറപ്പുള്ള നല്ല സിനിമകളല്ല, അവര്‍ക്ക് ആസ്വദിക്കാനുള്ള ആഘോഷങ്ങള്‍ സിനിമയില്‍ ഉണ്ടാകണം. ‘മഹാഭാരതം’ എന്ന് മുറവിളി കൂട്ടുന്ന പ്രേക്ഷകരില്‍ പലരും ആ സിനിമയുടെ സ്വഭാവവുമായി ഒത്തുപോകില്ല . എം.ടിയുടെ ‘രണ്ടാമൂഴം’ പോലെ മഹാഭാരതം എന്ന ചലച്ചിത്രരൂപവും ശക്തമായ സൃഷ്ടി ആകട്ടെ , പക്ഷെ പ്രേക്ഷകരെ വിശ്വസിക്കരുത് കാരണം മഹാഭാരതമെന്ന് കേട്ടാല്‍ ‘പുലിമുരുകന്‍’ പോലെ ആളെത്തുന്ന സംസ്കാരമല്ല ഇവിടുള്ളത്.

shortlink

Related Articles

Post Your Comments


Back to top button