മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളായി മമ്മൂട്ടിയും മോഹന്‍ലാലും വളര്‍ന്നുവരുന്ന കാലം. അക്കാലത്ത് അതിഥി വേഷങ്ങളില്‍ ഇരുവരും അഭിനയിച്ചിരുന്നു. മമ്മൂട്ടിയെ നായകനാക്കി സംവിധായകന് സാജന് ഒരുക്കിയ ചിത്രമാണ് ഗീതം. യതീന്ദ്രന് എന്ന നാടക സംവിധായകനായി മമ്മൂട്ടി അഭിനയിച്ച ഈ ചിത്രത്തില്‍ ഗീതയായിരുന്നു നായിക. ചിത്രത്തില്‍ അതിഥി വേഷത്തില്‍ മോഹന്‍ലാലും എത്തിയിരുന്നു.
സ്വന്തം മകനെ പോലെ മമ്മൂട്ടി എടുത്തുവളര്‍ത്തുന്ന കുഞ്ഞിന്റെ പിതൃത്വം അവകാശപ്പെട്ടുകൊണ്ട് അമേരിക്കയില്‍ നിന്നുമെത്തുന്ന യുവാവിന്റെ വേഷമായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ചത്. സ്വന്തം ജീവനായി കരുതിയ മകനെ നഷ്ടമാകുന്ന അച്ഛന്റെ വേദന മനോഹരമായി ആവിഷ്കരിച്ച ഈ ചിത്രത്തിലെ ഒരു സീനിന്റെ പേരില്‍ സംവിധായകനോട് മോഹന്‍ലാലിനു ദേഷ്യമുണ്ടായി. അതിനെ തുടര്‍ന്ന് സംവിധായകന് സാജന് മോഹന്‍ലാല്‍ പിന്നീട് ഡേറ്റ് നല്‍കിയില്ല.
സംഭവമിങ്ങനെ… ചിത്രത്തില്‍ വളര്‍ത്തുമകനെ യഥാര്‍ത്ഥ അച്ഛന് കൊണ്ട് പോകാന്‍ വരുന്ന സീനില്‍ മോഹന്‍ലാല്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന് ഒരു ബോട്ടില്‍ ഷാംപെയിന് സമ്മാനമായി നല്കുന്നു. ആ ബോട്ടില്‍ ദേഷ്യത്തോടെ മമ്മൂട്ടി വലിച്ചെറിഞ്ഞു പൊട്ടിക്കുന്നു. അപ്പോള്‍ no its too bad എന്ന് മോഹന്‍ലാല്‍ പറയുന്നു.
നിരവധി ചിത്രങ്ങളുടെ തിരക്കുകളില്‍ ആയിരുന്നതിനാല്‍ ഇരുവരും ഒരുമിച്ചുള്ള സീനില്‍ മോഹന്‍ലാലിന്റെ ഭാഗം ആദ്യം ഷൂട്ട് ചെയ്തു. എന്നാല്‍ ഈ ഷോട്ടില്‍ അഭിനയിക്കാന്‍ മമ്മൂട്ടി വിസമ്മതിച്ചു. താന്‍ ഇത്രയും കഷ്ടപ്പെട്ട് അഭിനയിച്ച ആ കഥാപാത്രത്തിന്റെ കരുത്ത് മോഹന്‍ലാലിന്റെ ആ സംഭാഷണത്തിലൂടെ കുറയുമെന്നും പറഞ്ഞാണ് മമ്മൂട്ടി ആ സീന്‍ ഒഴിവാക്കിയത്. എന്നാല്‍ ആ ഷോട്ട് ഒഴിവാക്കിയത് ഡബ്ബിംഗിന് വന്ന മോഹന്‍ലാല്‍ മനസിലാക്കി. നല്ലൊരു സംഭവമായിരുന്നു ഒഴിവാക്കേണ്ടിയിരുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു കൊണ്ട് ഡബ്ബിംഗ് പൂര്‍ത്തിയാക്കി.
അതിനു ശേഷം തിരക്കഥാകൃത്ത് എസ് എന്‍ സ്വാമിയുടെ അടുത്ത് ചെന്ന് ഈ സംവിധായകനുമായുള്ള അവസാന ചിത്രമായിരിക്കും ഇതെന്നു മോഹന്‍ലാല്‍ പറഞ്ഞു. മുപ്പതോളം ചിത്രങ്ങള്‍ ഒരുക്കിയ സാജന്റെ മറ്റൊരു സിനിമയിലും മോഹന്‍ലാല്‍ പിന്നീട് അഭിനയിച്ചിട്ടില്ല.
Post Your Comments