കുഞ്ഞാലി മരയ്ക്കാരായി മമ്മൂട്ടിയാണോ അതോ മോഹന്‍ലാല്‍ ആണോ കൂടുതല്‍ ശോഭിക്കുക എന്ന തരംതാണ ചര്‍ച്ചയിലേക്കാണ് രണ്ടു ദിവസമായി മലയാളത്തിലെ സിനിമാ മാധ്യമങ്ങള്‍ ശ്രദ്ധ തിരിച്ചിരിക്കുന്നത്. ഇതിഹാസ പുരുഷന്റെ കുപ്പായം ഏറ്റവും നന്നായി യോജിക്കുക മമ്മൂട്ടിക്കാണെന്ന് ഒരുപക്ഷം വാദിക്കുമ്പോള്‍ അഭിനയ മികവു കൊണ്ട് മോഹന്‍ലാല്‍ എല്ലാ വെല്ലുവിളികളെയും അതിസമര്‍ത്ഥമായി മറികടക്കുമെന്നായിരുന്നു മറുപക്ഷത്തിന്‍റെ വാദം. പ്രിയദര്‍ശനായിരുന്നു മോഹന്‍ലാലിന്‍റെ കുഞ്ഞാലിമരയ്ക്കാരിനെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാര്‍ വൈകാതെ എത്തുന്നതിനാല്‍ മലയാളത്തില്‍ രണ്ടു കുഞ്ഞാലി മരയ്ക്കാരെ ആവശ്യമില്ലെന്ന കാരണം പറഞ്ഞു പ്രിയദര്‍ശന്‍ തന്റെ ചിത്രത്തിന് മടക്ക ടിക്കറ്റ് നല്‍കി.
വടക്കന്‍ പാട്ടിലെ ഉണ്ണിയാര്‍ച്ചയുടെയും, ചന്തുവിന്റെയും, ചരിത്രകഥ തിരുത്തി എഴുതി കയ്യടി നേടിയത് പ്രശസ്ത തിരക്കഥാകൃത്തും സാഹിത്യകാരനുമൊക്കെയായ എം.ടി വാസുദേവന്‍ നായര്‍ ആയിരുന്നു. തിരക്കഥയില്‍ ജ്വലിച്ച ഈ ഇതിഹാസ സിനിമയ്ക്ക് സംവിധാനം ഒരുക്കിയത് ഹരിഹരനും. എഴുത്തിന്റെ ഭംഗിയായിരുന്നു വടക്കന്‍ വീരഗാഥയുടെ മേന്മ. എം.ടിയെപ്പോലെ മഹാപ്രതിഭാശാലിയായ ഒരാള്‍ അത്തരമൊരു സിനിമ എഴുതുമ്പോള്‍ അതിന്റെ ആഴം അളക്കനാകാത്തതും, നിര്‍വചിക്കനാകാത്തതുമാണ്. കഥാപാത്രങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യം, അവരുടെ സൂക്ഷ്മ ചലനങ്ങള്‍, ഭാവങ്ങള്‍, സംഭാഷണങ്ങളിലെ കൃത്യത,എല്ലാം പക്വതയാര്‍ന്ന രചനാ ശൈലിയോടെ കോറിയിടണം. മലയാളത്തില്‍ പ്രദര്‍ശന വിജയം നേടിയിട്ടുള്ള ചരിത്ര സിനിമകളുടെ എണ്ണം പരിശോധിച്ചാല്‍ തിരക്കഥയുടെ ബലമാണ് ചിത്രത്തിന്റെ അന്തസ്സ്.
വടക്കന്‍ വീരഗാഥയില്‍ നിന്ന് എം.ടി പഴശ്ശിരാജയുടെ ചരിത്രം വിവരിച്ചപ്പോഴും എം.ടിയുടെ തിരക്കഥയ്ക്ക് കോട്ടം വന്നിരുന്നില്ല. പുത്തന്‍ സാങ്കേതികവിദ്യ സാധ്യമാകുന്ന അവസരത്തിലും പഴശ്ശിയുടെ പ്രസക്തി കെട്ടുറപ്പുള്ള തിരക്കഥയിലാണ് തൂങ്ങിയാടിയത്. ഇതിഹാസ നായകന്മാരുടെയും, ചരിത്ര സിനിമകളുടെയും വീരോചിത കഥകള്‍ വെള്ളിത്തിരയില്‍ എത്തിയപ്പോഴൊക്കെ നല്ല സിനിമകളെന്ന പേര് നേടിയെടുത്തത് കാമ്പുള്ള തിരക്കഥയില്‍ എഴുതിയെടുത്തവയായിരുന്നു. ടി.ദാമോദരന്‍ എഴുതിയ ‘1921’ എന്ന ചിത്രവും തൂലികയുടെ മിടുക്കിനാല്‍ വാഴ്ത്തപ്പെട്ടവയാണ്.
കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചരിത്രപുരുഷനായി മമ്മൂട്ടി ബിഗ്‌സ്ക്രീനില്‍ അവതരിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ചിത്രത്തിന്‍റെ രചന നിര്‍വഹിക്കുന്നത് ശങ്കര്‍ രാമകൃഷ്ണനാണ്. വാസ്കോഡഗാമയുടെ കേരളത്തിലെ ആഗമനത്തെക്കുറിച്ച് പ്രതിപാദിച്ച ഉറുമി എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിയ അതെ അനുഭവസമ്പത്തുമായിട്ടാണ് ശങ്കര്‍ രാമകൃഷ്ണന്റെ വരവ്. ടെക്നിക്കല്‍ മികവു കൊണ്ട് മാത്രമാണ് ഉറുമി കണ്ടിരിക്കാന്‍ ഭേദപ്പെട്ട സിനിമയാകുന്നത്. രചനാരീതിയുടെ അകംപുറം നിരീക്ഷിച്ചാല്‍ പാകതയുള്ള എഴുത്ത് അല്ല ഉറുമിയിലേത്. ബോക്സോഫീസിലെ ഉറുമിയുടെ യഥാര്‍ത്ഥ പരാജയ കാരണത്തിന് പിന്നില്‍ തിരക്കഥയുടെ ശേഷികുറവ് തന്നെയായിരുന്നു. അതേ തിരക്കഥാകൃത്ത് തന്നെ കുഞ്ഞാലി മരയ്ക്കാരുടെ ജീവിതം പറയാന്‍ പേന എടുക്കുമ്പോള്‍ അമിതാ പ്രതീക്ഷകളാല്‍ ആ ചിത്രം കാണാന്‍ കയറാത്തതാകും കൂടുതല്‍ നല്ലത്.
മികച്ച ടെക്നിക്കല്‍ ടീമിനെ നിര്‍മ്മാതാവിന് പണം കൊണ്ട് വാങ്ങാം, സന്തോഷ് ശിവനെപ്പോലെ നല്ലൊരു സംവിധായകന്‍ ഉണ്ടെങ്കില്‍ അതൊക്കെ സിനിമയില്‍ നന്നായി പ്രയോജനപ്പെടുത്തുകയും ചെയ്യാം. പക്ഷെ തിരക്കഥ അങ്ങനെയല്ല, അതാണ് പ്രേക്ഷകന് അനുഭവമാകേണ്ടത്. ടെക്നിക്കല്‍ പെര്‍ഫക്ഷനില്‍ സൂപ്പര്‍ ആയ പുലിമുരുകന്‍ പോലെയുള്ള സിനിമകളില്‍ തിരക്കഥ അല്‍പം നിറം മങ്ങിയാലും പ്രേക്ഷകര്‍ക്ക് അതൊരു വിഷയമല്ല, പക്ഷെ ചരിത്ര സിനിമകളുടെ ചരിത്രം പറയുന്നത് അതില്‍ നിന്നൊക്കെ വിഭിന്നമായ വസ്തുതയാണ്. പോരാളിയുടെ വാളിനേക്കാള്‍ മൂര്‍ച്ചയേറിയ ആയുധം രചയിതാവിന്റെ കയ്യിലിരിക്കുന്ന തിരക്കഥയാണ്.
Post Your Comments