എം.പത്മകുമാറും സമുദ്രക്കനിയും ചേര്‍ന്ന് ഒരുക്കിയ ‘ആകാശ മിഠായി’ എന്ന ചിത്രം സമൂഹ മനസാക്ഷിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മക്കളോടുള്ള മാതാപിതാക്കളുടെ കരുതലും സ്നേഹവും എങ്ങനെയാകണം? എന്ന് കാട്ടിത്തരുന്ന കുഞ്ഞു ചിത്രമാണ് ജയറാം നായകനായി വേഷമിട്ട ‘ആകാശ മിഠായി’. മക്കളുടെ ഇഷ്ടങ്ങളെക്കുറിച്ചോ, അവരുടെ സ്വപ്നങ്ങളെക്കുറിച്ചോ അന്വേഷിക്കാതെ സ്വന്തം ഇഷ്ടങ്ങള്‍ അവരിലേക്ക് അടിച്ചേല്‍പ്പിക്കുന്ന അച്ഛനമ്മമാര്‍ക്കുള്ള പാഠമാണ് എം.പത്മകുമാറും സമുദ്രക്കനിയും ചേര്‍ന്ന് പ്രേക്ഷകര്‍ക്ക് പകര്‍ന്നു നല്‍കിയത്. എന്നാല്‍ എത്ര തവണകണ്ടാലും ഈ നല്ല സന്ദേശം ഒരു മാതാപിതാക്കളും ഹൃദ്യസ്ഥമാക്കില്ല എന്നത് ഉറപ്പാണ്. ഈ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ പോലും തങ്ങളുടെ ഇഷ്ടാനുസരണം അവരുടെ കുട്ടികളെ പൊരുത്തപ്പെടാനാകാത്ത വിദ്യാഭാസ രീതിയിലേക്ക് തള്ളിവിട്ടിട്ടുണ്ടാകാം.
വിദ്യാഭ്യാസത്തിന്റെ പേരില്‍ മകനെ മാനസികമായി പീഡിപ്പിക്കുന്ന അച്ഛനും, മണ്ണിന്റെ മനസ്സും, മണമവുമറിഞ്ഞു മകനെ വളര്‍ത്താന്‍ ശ്രമിക്കുന്ന മറ്റൊരു അച്ഛനുമാണ് സിനിമയിലെ കേന്ദ്രകഥാപാത്രങ്ങള്‍. കുട്ടികളുടെ ആത്മഹത്യ പ്രവണതകള്‍ക്ക് തെറ്റുകാര്‍ ആരെന്ന ചോദ്യത്തിന്റെ ഉത്തരം അടയാളപ്പെടുത്തിയാണ് ‘ആകാശ മിഠായി’ എന്ന ചിത്രം പൂര്‍ണ്ണമാകുന്നത്.
വര്‍ണ ചിത്രയുടെ ബാനറില്‍ സുബൈര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജയറാമിന്റെ പഴയ നാടന്‍ കഥാപാത്രം തിരിച്ചെത്തിയെന്ന നിലയിലാണ് ഈ ചിത്രം കൂടുതലായും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. പീതാംബരന്‍ എന്ന കാര്‍ക്കശ്യക്കാരനായ പിതാവായി കലാഭവന്‍ ഷാജോണ്‍ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ചിത്രത്തിലുടനീളം നടത്തിയിരിക്കുന്നത്. ഇനിയയാണ് ചിത്രത്തിലെ നായിക. നടി സരയുവും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. കെ ഗിരീഷ് കുമാറാണ് ‘ആകാശ മിഠായി’യുടെ തിരക്കഥ രചിച്ചിരിക്കുന്നത്.
ഒക്ടോബര്‍ 21-നു റിലീസിന് എത്തിയ ഈ നല്ല ചിത്രത്തിന് തിയേറ്ററില്‍ പ്രേക്ഷകര്‍ കുറയുന്നത് നിര്‍ഭാഗ്യകരമാണ്. ‘മെര്‍സല്‍’,വില്ലന്‍ തുടങ്ങിയ വലിയ സിനിമകള്‍ക്കിടയില്‍ മുങ്ങിപോകേണ്ട ചിത്രമല്ല ‘ആകാശ മിഠായി’, ഓരോ കുടുംബങ്ങളും ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തേണ്ട സിനിമയാണ്.
Post Your Comments