ഓരോ വ്യക്തിയ്ക്കും അവന്റെ ജീവിതത്തില്‍ ഒരുപാട് പ്രതീക്ഷകള്‍, ആഗ്രഹങ്ങള്‍ ഉണ്ട്. എല്ലാവര്ക്കും അതെല്ലാം പൂര്‍ത്തിയാക്കാന്‍ കഴിയാറില്ല. മരണം രംഗ ബോധമില്ലാത്ത കോമാളിയാകുന്നത് അപ്പോഴാണ്. സിനിമയെന്ന കലയുടെ വെള്ളിവെളിച്ചത്തില്‍ സ്വപ്നപൂര്ണ്ണത നേടാന്‍ കഴിയാതെ കൊഴിഞ്ഞു പോയ അനശ്വര കലാകാരന്മാര് അനവധി.
വിധിയെ പഴിച്ചിട്ട് കാര്യമില്ല. സിനിമയും ജീവിതവും അങ്ങനെയാണ്. പ്രഖ്യാപിക്കപ്പെട്ട ചില ചിത്രങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടുന്നതും റിലീസ് ചെയ്യപ്പെടാതെ പെട്ടിയില്‍ തന്നെ ഇരിക്കേണ്ടി വരുന്നതുമെല്ലാം സിനിമയില്‍ സാധാരണമാണ്. പക്ഷെ അതിലൂടെ കൊഴിയുന്നത് ആ ചിത്രത്തിനായി പ്രവര്‍ത്തിച്ചവരുടെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ്. ഒരു പുതിയ സംവിധായകന് അല്ലെങ്കില്‍ തിരക്കഥകൃത്ത് തന്റെ ചിത്രത്തെക്കുറിച്ച് പുറത്തു വരുന്ന വാര്‍ത്തകളില്‍ അവന്റെ സ്വപ്നങ്ങള്‍ ചേര്‍ക്കുന്നു. എന്നിട്ടും അത് പൂര്ത്തിയാകാതിരുന്നാലോ…അത് പോലെ തന്നെയാണ് ആരാധകരുടെ അമിത പ്രതീക്ഷയും. അങ്ങനെ ഒരുപാട് അനശ്വര കലാകാരന്മാര് തങ്ങളുടെ സ്വപ്ന ചിത്രത്തെ ഉപേക്ഷിച്ചു യാത്രയായി. ഇവിടെ ചര്‍ച്ചചെയ്യുന്നത് നമ്മെ വിട്ടു പിരിഞ്ഞ ചില അതുല്യ പ്രതിഭകള്‍ പൂര്‍ത്തിയാക്കാതെ പോയ ചില മോഹന്‍ലാല്‍ ചിത്രങ്ങളെക്കുറിച്ചാണ്.
മലയാള സിനിമയിലെ നിത്യഹരിത നായകന് പ്രേം നസീര്‍ സംവിധായകനാകുന്നുവെന്ന വാര്‍ത്ത മലയാളികള്‍ ആഘോഷിച്ച ഒന്നാണ്. പുതു തലമുറയിലെ മോഹന്‍ലാലും മമ്മൂട്ടിയുമായിരിക്കും നായകരെന്നും അക്കാലത്ത് നടത്തിയ പത്ര സമ്മേളനത്തില്‍ നസീര്‍ പറഞ്ഞിരുന്നു. എന്നാല്‍ രണ്ടു താരങ്ങള്‍ക്കും ചേര്‍ന്ന കഥ പ്രശ്നമായപ്പോള്‍ മോഹന്‍ലാല്‍ മാത്രമായി ചിത്രത്തില്‍ നായാകാന്. ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയില്‍ നസീര്‍ ജീവിതത്തില്‍ നിന്നും വിടവാങ്ങി.
മോഹന്‍ലാലിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് കിരീടത്തിലെ സേതുമാധവന്. ഈ കഥാപാത്രം സമ്മാനിച്ച സിബി മലയില്‍ ലോഹിതദാസ് കൂട്ടുകെട്ടില്‍ ധാരാളം ചിത്രങ്ങള്‍ വീണ്ടുമുണ്ടായി. എന്നാല്‍ ലോഹിതദാസ് സംവിധായകനായതോടെ ആ കൂട്ടുകെട്ടില്‍ അകലം ഉണ്ടായി. ആ ഇടവേളയ്ക്ക് വിരാമാമിട്ടുകൊണ്ടാണ് ലോഹിതദാസ് – മോഹന്‍ലാല്‍- സിബി മലയില്‍ വീണ്ടും ഒന്നിക്കുന്ന ഭീഷ്മര്‍ പ്രഖ്യാപിച്ചത്. വര്‍ഷങ്ങള്‍ക്കു ശേഷം ഇവര്‍ വീണ്ടും ഒന്നിക്കുന്നതിലൂടെ മികച്ച മറ്റൊരു വിജയം പ്രതീക്ഷിച്ച ആരാധകരെ നിരാശരാക്കിക്കൊണ്ട് ലോഹിതദാസ് യാത്രയായി. തിരക്കഥയുടെ പാതിവഴിയില്‍ ആ ചിത്രവും അവസാനിച്ചു.
കവിയായും ഗാനരചയിതാവായും ശ്രദ്ധേയനായ ഗിരീഷ് പുത്തഞ്ചേരി മോഹന്‍ലാലിനെ നായകനാക്കി പ്രഖ്യാപിച്ച സിനിമയാണ് രാമന് പോലീസ്. വടക്കും നാഥന് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയില്‍ രാമന് പോലീസിനായി മോഹന്‍ലാല്‍ സമ്മതംമൂളി. പക്ഷെ ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നീളുന്നതിനിടെ ആ കലാകാരനും കാലത്തോട് വിടപറഞ്ഞു.
ട്രാഫിക് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള സിനിമയില്‍ സാന്നിധ്യം ഉറപ്പിച്ച സംവിധായകനാണ് രാജേഷ് പിള്ള. മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം വരുന്നുവെന്ന വാര്‍ത്തകള്‍ ശക്തമായ സമയത്താണ് രാജേഷ് പിള്ളയും യാത്രയായത്.
മലയാള സിനിമയില്‍ ഇപ്പോള്‍ താരാധിപത്യമാണ്. സൂപ്പര്‍താരങ്ങളും അവരുടെ ജനപ്രീതിയും ഓരോ ചിത്രത്തിന്റെയും വിജയത്തെയും പരാജയത്തെയും ബാധിക്കുന്ന ഘടകമായി മാറിക്കഴിഞ്ഞു.
Post Your Comments