വിജയ്‌യുടെ ദീപാവലി ചിത്രമായ മെർസൽ തിയറ്ററുകൾ നിറഞ്ഞോടുമ്പോൾ കയ്യടി നേടുന്ന മറ്റൊരാൾ മലയാളികളുടെ സ്വന്തം ഹരീഷ് പേരടിയാണ്.മലയാളത്തിൽ നിന്ന് തമിഴിലെത്തി സ്വന്തമായി ഒരു ഇരിപ്പിടം കണ്ടെത്തിയ നടനാണു ഹരീഷ് പേരടി.മെർസലിന് പുറമെ വിക്രം വേദയിലും നല്ല കഥപാത്രമാണ് ഹരീഷിന് ലഭിച്ചത്.
വിജയ്‌ക്കൊപ്പം അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ഹരീഷ്.ഒരു വർഷം കൊണ്ടാണു മെർസൽ പൂർത്തിയാക്കിയത്. പോളണ്ട്, ഓസ്ട്രിയ, മാസിഡോണിയ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. സൈലന്റ് ആയ പ്രകൃതമാണു വിജയ്‌യുടേത്. കാര്യമാത്രപ്രസക്തമായി മാത്രമേ സംസാരിക്കൂ. നല്ല വിവരമുള്ള ആളാണ്. എല്ലാ കാര്യങ്ങളെക്കുറിച്ചും അറിവുണ്ട്. പുറമേ കാണിക്കില്ലെന്നു മാത്രം.
പോളണ്ടിൽ ഷൂട്ടിങ് കഴിഞ്ഞു ഹോട്ടലിൽ എത്തിയാൽ ഭക്ഷണം കഴിഞ്ഞു പുള്ളി നടക്കാനിറങ്ങും. നമ്മളെയും വിളിക്കും. ഇത്രയും വിലപിടിപ്പുള്ള താരത്തിനൊപ്പമാണല്ലോ നടക്കുന്നതെന്ന ചിന്ത നമ്മൾക്കുണ്ടാകുമെങ്കിലും അദ്ദേഹം സിംപിളായാണു നമ്മളോട് ഇടപെടുക. വീട്ടു വിശേഷം പറയും. മലയാള സിനിമയെക്കുറിച്ചു സംസാരിക്കും. ലാലേട്ടനൊപ്പം അഭിനയിച്ച കാര്യങ്ങളൊക്കെ അദ്ദേഹം സംസാരിക്കും. ഒരു സുഹൃത്തിനൊപ്പം നടക്കുകയാണെന്നേ തോന്നൂ. നമ്മൾ മലയാളം ഇൻഡസ്ട്രിയെ വളരെ ചെറുതായി കാണുമ്പോൾ വളരെ മൂല്യമുള്ള സിനിമകളുണ്ടാകുന്ന ഇൻഡസ്ട്രിയായാണ് അവർ കാണുന്നത്. ആണ്ടവൻ കട്ടളൈയും അദ്ദേഹം കണ്ടിട്ടുണ്ടെന്നു പറഞ്ഞപ്പോൾ ശരിക്കും അദ്ഭുതമായിരുന്നെന്ന് ഹരീഷ് പറഞ്ഞു.
Post Your Comments