CinemaLatest NewsMollywoodMovie Gossips

നെടുമുടി തന്നെ പാടണമെന്ന് യേശുദാസ് വാശിപിടിച്ചതിന്‍റെ കാരണം ഇതായിരുന്നു

വായനാശീലമുള്ള മിക്ക ചെറുപ്പക്കാരെയും പോലെ അയ്യപ്പപ്പണിക്കരുടെ കവിത ആവേശമായി മനസ്സില്‍ കൊണ്ടുനടന്നയാളാണ് സംവിധായകൻ ലെനിന്‍.സ്വന്തം തലമുറയിലെ വായനാശീലമുള്ള മിക്ക ചെറുപ്പക്കാരെയും പോലെ അയ്യപ്പപ്പണിക്കരുടെ കവിത ആവേശമായി മനസ്സില്‍ കൊണ്ടുനടന്നയാളാണ് ലെനിന്‍. കാല്‍പനികതയെ കുറിച്ചുള്ള എല്ലാ പരമ്പരാഗത സങ്കല്‍പങ്ങളും അഴിച്ചുപണിത, അസാധാരണമായ സാമൂഹ്യ രാഷ്ട്രീയധ്വനികളും പ്രതിധ്വനികളും നിറഞ്ഞ ആ കവിതകളോട് വിദ്യാര്‍ഥി ജീവിത കാലം മുതലേയുണ്ട് ലെനിന് പ്രണയം. ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ പണിക്കര്‍ സാറിന്‍റെ ഒരു കവിതയുണ്ടാവണം എന്ന് മോഹിച്ചുപോയതും അതുകൊണ്ടുതന്നെ.

ഏറെ പ്രിയപ്പെട്ട ‘പകലുകള്‍, രാത്രികള്‍’ എന്ന രചനയായിരുന്നു മനസ്സില്‍. ”നീ തന്നെ ജീവിതം സന്ധ്യേ നീ തന്നെ മരണവും സന്ധ്യേ നീ തന്നെ ഇരുളുന്നു നീ തന്നെ മറയുന്നു നീ തന്നെ നീ തന്നെ സന്ധ്യേ” എന്ന് തുടങ്ങുന്ന സാമാന്യം ദീര്‍ഘമായ ആ കവിത ”വേനല്‍” എന്ന സിനിമയ്ക്ക് ഇണങ്ങും വിധം വെട്ടിച്ചുരുക്കുക എളുപ്പമായിരുന്നില്ല. ഇഷ്ടപ്പെട്ട വരികള്‍ പലതും ഒഴിവാക്കേണ്ടി വന്നു. എന്തു ചെയ്യാം. സിനിമയാകുമ്പോള്‍ ചില്ലറ ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങിയല്ലേ പറ്റൂ.

കവിത സിനിമയില്‍ ചേര്‍ക്കാനുള്ള അനുമതി വേണം ഇനി. മടിച്ചുമടിച്ചാണ് ലെനിന്‍ അയ്യപ്പപ്പണിക്കരെ ഫോണ്‍ ചെയ്തത്. സിനിമയുടെ വഴികളോട് ബോധപൂര്‍വം അകല്‍ച്ച പാലിക്കുന്ന വ്യക്തിയല്ലേ. എങ്ങനെ പ്രതികരിക്കും എന്നറിയില്ല. ചിലപ്പോള്‍ പൊട്ടിത്തെറിച്ചാലോ? പക്ഷേ തികച്ചും ശാന്തമായിരുന്നു കവിയുടെ പ്രതികരണം. ”ഇതിനെന്തിനാണ് എന്റെ സമ്മതം? എടുത്തുപയോഗിച്ചാല്‍ പോരേ?” അത്ഭുതത്തോടെ അദ്ദേഹം ചോദിച്ചു. ശ്വാസം നേരെ വീണത് അപ്പോഴാണെന്ന് സംവിധായകന്‍. കാമ്പസ് ജീവിതകാലം മുതല്‍ ഒരുമിച്ചിരുന്നു താളമിട്ടു പാടിയിരുന്ന സിനിമയിലും അതേ ഈണം തന്നെ മതിയെന്ന് നേരത്തേ തീരുമാനിച്ചുറച്ചിരുന്നു ലെനിന്‍; രംഗത്ത് അത് പാടി അഭിനയിക്കുന്നത് നെടുമുടി വേണു ആവണമെന്നും. വേണുവിന്‍റെ ശബ്ദത്തില്‍ കേള്‍ക്കുമ്പോള്‍ ഏതു കവിതക്കും ഒരു പ്രത്യേക ആസ്വാദ്യതയുണ്ട്.

മറ്റാര് പാടിയാലും ആ എഫക്‌ട് കിട്ടില്ല. വേണു സ്റ്റേജില്‍ പാടിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ ലൈവ് ആയി റെക്കോര്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത് അതുകൊണ്ടാണ്. പശ്ചാത്തല സംഗീതത്തിന്‍റെ അകമ്പടിയില്ലാത്ത അത്തരമൊരു കവിതാലാപനം അന്നത്തെ മലയാള സിനിമാന്തരീക്ഷത്തില്‍ ഒരു പുതുമയാണ്. ആളുകള്‍ അതെങ്ങനെ സ്വീകരിക്കും എന്ന കാര്യത്തിലേ ഉണ്ടായിരുന്നുള്ളൂ ആശങ്ക. യേശുദാസോ ജയചന്ദ്രനോ ഒഴിച്ചുള്ള ഗായകശബ്ദങ്ങളെ മലയാളികള്‍ ഉള്‍ക്കൊള്ളാന്‍ മടിച്ചിരുന്ന കാലം. പടം പൂര്‍ത്തിയായശേഷം ഡബിള്‍ പോസിറ്റീവുമായി വിതരണക്കാരെ കാണാന്‍ പോയപ്പോഴാണ് പ്രശ്നത്തിന്‍റെ ഗൗരവം ലെനിനും കൂട്ടര്‍ക്കും പിടികിട്ടിയത്.

പടം കണ്ട പ്രമുഖ വിതരണക്കാരില്‍ പകുതി പേരും പിന്മാറി. ബാക്കിയുള്ളവര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു: അയ്യപ്പപ്പണിക്കരുടെ കവിത യേശുദാസിന്റെ സ്വരത്തില്‍ വീണ്ടും റെക്കോര്‍ഡ് ചെയ്ത് ഉള്‍പ്പെടുത്തിയാല്‍ പടം വിതരണത്തിനെടുക്കുന്നത് പരിഗണിക്കാം. ഗത്യന്തരമില്ലാതെ ആ ആവശ്യം അംഗീകരിക്കേണ്ടി വരുന്നു ”വേനലി”ന്റെ ശില്‍പികള്‍ക്ക്. പടം പുറത്തിറങ്ങുകയാണല്ലോ പ്രധാനം.

അടുത്ത ദിവസം തന്നെ കവിത യേശുദാസിന്‍റെ ശബ്ദത്തില്‍ റെക്കോര്‍ഡ് ചെയ്യാന്‍ തരംഗിണിയില്‍ എത്തുന്നു ലെനിനും പടത്തിന്‍റെ സംഗീതസംവിധായകന്‍ എം ബി ശ്രീനിവാസനും. യേശുദാസ് സ്റ്റുഡിയോകള്‍ തോറും പറന്നു നടന്നു പാടുന്ന കാലമാണ്. തിരക്കിനിടെ സമയമുണ്ടാക്കി ഒരു വൈകുന്നേരം ദാസ് വന്നു. സ്‌ക്രീനില്‍ രംഗം പ്രോജക്ട് ചെയ്ത്.ചെയ്ത് രണ്ടുമൂന്നു വട്ടം കണ്ടു. പിന്നെ സംവിധായകനെ അടുത്തു വിളിച്ചു പറഞ്ഞു: ”ഇത് വേണുവിനുള്ള പാട്ടാണ്; ഞാന്‍ പാടിയാല്‍ ശരിയാവില്ല. ദയവായി എന്നെ ഒഴിവാക്കിത്തരണം.” കേട്ടുനിന്നവര്‍ക്കെല്ലാം ആശ്ചര്യം. ലെനിന് ആശ്വാസവും.

”ദാസ് എന്തുകൊണ്ടാണ് അന്നങ്ങനെ പറഞ്ഞത് എന്നറിയില്ല. വേണുവിന്‍റെ ആലാപന ശൈലി അദ്ദേഹത്തിന് ഇഷ്ടപ്പെട്ടിരിക്കാം. അല്ലെങ്കില്‍ സ്‌ക്രീനിലെ വേണുവിന്‍റെ ചുണ്ടനക്കത്തിനൊത്ത് പാടാനുള്ള പ്രയാസവുമാകാം. എന്തായാലും സിനിമക്ക് അത് ഗുണം ചെയ്തു എന്നു തന്നെയാണ് എന്‍റെ വിശ്വാസം.” കാവാലം എംബിഎസ് ടീമിന്‍റെ മികച്ച മികച്ച ഗാനങ്ങള്‍ ഉണ്ടായിട്ടുപോലും ”വേനല്‍” പുറത്തിറങ്ങിയ ഉടന്‍ ജനം പ്രത്യേകിച്ച് യുവാക്കള്‍ ഏറ്റെടുത്തത് നെടുമുടി വേണു പാടിയ കവിതയാണ്. കേരളത്തിലെ കാമ്പസുകളില്‍ അന്ന് നിലനിന്നിരുന്ന ബൗദ്ധികാന്തരീക്ഷമാകാം ഒരു കാരണം. കവികള്‍ക്കും നോവലിസ്റ്റുകള്‍ക്കും പ്രാസംഗികര്‍ക്കുമൊക്കെ സിനിമാതാരങ്ങളേക്കാള്‍ ഗ്ലാമറുണ്ടായിരുന്ന കാലമല്ലേ? യാത്രക്കിടയിലും മറ്റും പരിചയപ്പെടുന്ന അജ്ഞാതരായ ആളുകള്‍ ആ വരികള്‍ ആവേശപൂര്‍വം മൂളിക്കേള്‍പ്പിക്കുമ്പോള്‍ ആഹ്ലാദം തോന്നും ലെനിന്.

കടപ്പാട് : രവി മേനോൻ ( മാതൃഭൂമി ആഴ്ചപ്പതിപ്പ് )

shortlink

Related Articles

Post Your Comments


Back to top button