മണിയന്‍ പിള്ള രാജുവിന്‍റെ മകനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബിലാത്തിക്കഥ. സച്ചി-സേതുവിലെ സേതു തിരക്കഥ എഴുതുന്ന ചിത്രം നിര്‍മ്മിക്കുന്നത് വര്‍ണചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ ആണ്. ഇതാദ്യമായാണ് രഞ്ജിത്ത് തന്റെ ചിത്രത്തിനായി മറ്റൊരു തിരക്കഥ സ്വീകരിക്കുന്നത്. ചിത്രത്തിന്റെ സംഭാഷണം എഴുതുന്നത് രഞ്ജിത്ത് തന്നെയാണ്.
പൂര്‍ണ്ണമായും ലണ്ടനില്‍ ചിത്രീകരിച്ചിരിക്കുന്ന സിനിമ അടുത്ത വര്‍ഷം പ്രദര്‍ശനത്തിനെത്തും.
ബോക്സോഫീസില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയ പുത്തന്‍ പണം എന്ന ചിത്രത്തിന് ശേഷമാണ് രഞ്ജിത്ത് ബിലാത്തിക്കഥ പറയാന്‍ ലണ്ടനിലേക്ക് പറക്കുന്നത്. കടല്‍ കടന്ന് മാത്തുക്കുട്ടി എന്ന ചിത്രം പ്രേക്ഷകര്‍ സ്വീകരിക്കാതിരിക്കുകയും ഒടുവില്‍ പ്രേക്ഷകരുടെ കാഴ്ചപാടിനെ വിമര്‍ശിക്കുകയും ചെയ്ത രഞ്ജിത്ത് പുത്തന്‍ പണത്തിന്റെ പതനത്തെക്കുറിച്ചു എവിടെയും സംസാരിച്ച് കേട്ടില്ല. മിനിസ്ക്രീനിലെത്തുമ്പോള്‍ കടല്‍ കടന്ന് മാത്തുക്കുട്ടി വാഴ്ത്തപ്പെടും എന്ന് പറഞ്ഞായിരുന്നു രഞ്ജിത്ത് അന്ന് തടിതപ്പിയത്.അതിനു ശേഷം ഇറങ്ങിയ ലോഹവും, ലീലയുമൊക്കെ ശ്രദ്ധിക്കപ്പെടാതെ പോയ രഞ്ജിത്ത് സിനിമകളാണ്.
കാസര്‍ഗോഡ് വാ മൊഴിയില്‍ പറഞ്ഞ പുത്തന്‍ പണം അത്രയ്ക്ക് ബോറന്‍ സൃഷ്ടിയാണെന്ന് പറയാതെ വയ്യ, മമ്മൂട്ടിയിലെ താരത്തെയോ നടനെയോ വ്യക്തമായി ഉപയോഗപ്പെടുത്താത്ത ചിത്രം മമ്മൂട്ടി ഫാന്‍സിനു പോലും തൃപ്തികരമായിരുന്നില്ല. സ്പിരിറ്റ് എന്ന ചിത്രത്തിന് ശേഷം രഞ്ജിത്ത് നാലോളം ചിത്രങ്ങള്‍ ചെയ്തു കഴിഞ്ഞു. ഈ നാല് ചിത്രങ്ങളും രഞ്ജിത്തിന്റെ കയ്യൊപ്പ് പതിയാത്ത അലങ്കോല സൃഷ്ടികളായിരുന്നു. പുത്തന്‍ പണത്തിന്റെ അതിദയനീയമായ പരാജയത്തിനു ശേഷം അധികം ഇടവേളയെടുക്കാതെയാണ് രഞ്ജിത്ത് ബിലാത്തിക്കഥയുടെ വിശേഷങ്ങള്‍ പറയാന്‍ തയ്യാറെടുക്കുന്നത്.
Post Your Comments