സിനിമാ മേഖലയില്‍ നടന്‍ ദിലീപിന്റെ അറസ്റ്റോടെ ഉണ്ടായിരിക്കുന്ന പ്രശ്നങ്ങള്‍ താര സംഘടയുടെ പിളര്‍പ്പിലേക്ക് എത്തിക്കുമെന്ന് പ്രമുഖ സിനിമാ വാരികയുടെ ഫേസ് ബുക്ക് പോസ്റ്റ്. അമ്മയില്‍ ഭിന്നത രൂക്ഷമാകുന്നുവെന്നും ദിലീപിന് വേണ്ടി സംസാരിച്ച ഗണേഷ് കുമാറിന്റെ വാദങ്ങള്‍ താരങ്ങള്‍ക്കിടയിലെ അഭിപ്രായ ഭിന്നതയും പ്രീണനവുമാണ് കാണിക്കുന്നതെന്നും പോസ്റ്റില്‍ പറയുന്നു
നാനയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഗണേഷ്‌കുമാര്‍ എപ്പോഴും ഇങ്ങനെയൊക്കെ തന്നെയാണ്. തന്റെ നിലപാടുകള്‍ എന്തുതന്നെയായാലും അത് മുഖം നോക്കാതെ വെട്ടിതുറന്നുപറയും. അത് ചിലരെ തൃപ്തിപ്പെടുത്തിയേക്കുമെങ്കിലും, ബഹുഭൂരിപക്ഷവും ഇഷ്ടപ്പെട്ടുകൊള്ളണമെന്നില്ല. അദ്ദേഹമത് ആഗ്രഹിക്കുന്നുമില്ല. അതുകൊണ്ട് മിത്രങ്ങളേക്കാള്‍ ഏറെ ശത്രുക്കളാണ് ഗണേഷിന് സിനിമയിലും രാഷ്ട്രീയത്തിലും.
ഏറ്റവുമൊടുവില്‍ ഗണേഷിന്റെ വാക്ക്ശരങ്ങളുടെ മൂര്‍ച്ചയറിഞ്ഞത് മമ്മൂട്ടിയായിരുന്നു. നടി പീഡിപ്പിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപ് ജാമ്യം കിട്ടി പുറത്തുവന്നപ്പോഴാണ് മമ്മൂട്ടിക്ക് നേരെ ഗണേഷിന്റെ കടന്നാക്രമണമുണ്ടായത്. ഈ കേസ്സിന്റെ തുടക്കം മുതല്‍ കുറ്റാരോപിതനോടൊപ്പമായിരുന്നു ഗണേഷ്‌കുമാര്‍. അതിനര്‍ത്ഥം ഇരയ്ക്ക് എതിരായിരുന്നുയെന്നല്ല. ക്രൂരമായ പീഡനം നടന്ന നാളുകളില്‍, ഇരയെ നേരില്‍ കണ്ടും, പിന്നീട് പലതവണ ഫോണില്‍ ബന്ധപ്പെട്ടും അവള്‍ക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചതും ഇതേ ഗണേഷ് തന്നെയായിരുന്നു.
പക്ഷേ അതിന്റെ പേരില്‍ ദിലീപിനെ പാടെ കയ്യൊഴിയാന്‍ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുകൂടിയായ ഗണേഷിന് കഴിയുമായിരുന്നില്ല. അല്ലെങ്കില്‍ മറ്റ് ആരേക്കാളും ദിലീപ് അത് ചെയ്യില്ലെന്ന് ഗണേഷും ഉറച്ചുവിശ്വസിച്ചവരില്‍പെടുന്നു. അതിന്റെ പ്രതിഫലനമാണ് ഇക്കഴിഞ്ഞ ‘അമ്മ’യുടെ ജനറല്‍ ബോഡി മീറ്റിംഗില്‍ നാം കണ്ടത്. അന്ന് പത്രക്കാര്‍ക്കുനേരെ ഉറഞ്ഞുതുള്ളിയവരില്‍ ഗണേഷും ഉണ്ടായിരുന്നു.
ദിലീപിനെ അറസ്റ്റ് ചെയ്തതിനുശേഷവും അദ്ദേഹത്തെ ജയിലില്‍ പോയി കണ്ട്, തന്റെ നിലപാട് ഒന്നുകൂടി ഉറപ്പിക്കാനും ഗണേഷ് മറന്നില്ല.
അതിന്റെ തുടര്‍ച്ചതന്നെയായിരുന്നു, ദിലീപിന് ജാമ്യം കിട്ടിയതിനുശേഷമുള്ള ഗണേഷിന്റെ പ്രതികരണവും. അത് മമ്മൂട്ടിയേയും പൃഥ്വിരാജിനേയും ഉന്നം വെച്ചുള്ളതായിരുന്നുവെന്ന് തിരിച്ചറിയാന്‍ അധികനിമിഷങ്ങള്‍ വേണ്ടിവന്നില്ല. ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കിയ വിവരം പ്രഖ്യാപിച്ചത് മമ്മൂട്ടിയാണെന്നും, അത് നടന്‍ പൃഥ്വിരാജിനെ പ്രീണിപ്പിക്കാന്‍ വേണ്ടിയായിരുന്നുവെന്നും ഗണേഷ് തുറന്നടിച്ചു. അമ്മയിലെ ഒരു ഔദ്യോഗിക ഭാരവാഹിയെ പുറത്താക്കാന്‍ എക്‌സിക്യുട്ടീവ് കമ്മിറ്റിക്ക് അധികാരമില്ലെന്നിരിക്കെ. മമ്മൂട്ടിയുടെ ഉത്തരവിന് നിയമസാധ്യത ഇല്ലെന്നും ഗണേഷ് പറഞ്ഞു.
മമ്മൂട്ടിയുടെ രക്തത്തിനായി ദാഹിക്കുന്നവരാണ് ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നിലെന്ന രീതിയില്‍ പിന്നീട് വലിയ ചര്‍ച്ചകള്‍ക്കും അത് വഴിമരുന്നിട്ടു.
അതിനുമുമ്പ് ദിലീപിനെ പുറത്താക്കാന്‍ തീരുമാനം എടുത്ത അമ്മയുടെ അന്നത്തെ എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണെന്ന് നോക്കാം. നടി പീഡിപ്പിക്കപ്പെട്ട കേസില്‍ ഗൂഢാലോചനാകുറ്റം ചുമത്തി ദിലീപിനെ അറസ്റ്റ് ചെയ്ത ‘പ്രത്യേക സാഹചര്യത്തിലാണ് ‘അമ്മ’യുടെ അവയ്‌ലബിള്‍ എക്‌സിക്യുട്ടീവ് കമ്മറ്റി, ജനറല്‍ സെക്രട്ടറി കൂടിയായ മമ്മൂട്ടിയുടെ പനമ്പിള്ളി നഗറിലുള്ള വീട്ടില്‍ ചേരുന്നത്.
അന്ന് ഏഴുപേരാണ് ആ മീറ്റിംഗില്‍ പങ്കെടുത്തത്. മമ്മൂട്ടിക്ക് പുറമെ മോഹന്‍ലാലും ഇടവേളബാബുവും, ദേവനും, പൃഥ്വിരാജും ആസിഫ് അലിയും രമ്യാനമ്പീശനും. വൈകിയെത്തിയ സിദ്ധിഖ് ആയിരുന്നു എട്ടാമന്‍.
അന്നത്തെ മീറ്റിംഗില്‍ പങ്കെടുക്കാനെത്തിയവരിലേറെയും മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ വിമുഖത കാട്ടിയപ്പോള്‍ തലയെടുപ്പോടെ തന്റെ നിലപാട് വിശദീകരിച്ചത് പൃഥ്വിരാജ് മാത്രമായിരുന്നു. ‘തനിക്ക് കൂടി ബോദ്ധ്യപ്പെടുന്ന ഒരു തീരുമാനം സംഘടനയില്‍ നിന്ന് ഉണ്ടാകുമെന്നും അല്ലാത്തപക്ഷം, മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് കാര്യങ്ങള്‍ വിശദീകരിക്കു’മെന്നുമാണ് പൃഥ്വിരാജ് അന്ന് പറഞ്ഞതിന്റെ രത്‌നചുരുക്കം. പൃഥ്വിയുടെ വാക്കുകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ചുട്ട മറുപടി എന്ന നിലയിലാണ് ആദ്യം വിലയിരുത്തലുകള്‍ ഉണ്ടായതെങ്കിലും എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ പൃഥ്വി എത്തിയത് എല്ലാ തയ്യാറെടുപ്പുകളോടും കൂടിയാണെന്ന് ബോദ്ധ്യപ്പെടാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു.
അറസ്റ്റ് ചെയ്ത സ്ഥിതിക്ക് ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന ശക്തമായ നിലപാട് സ്വീകരിച്ചതും അതിനുവേണ്ടി കരുത്തോടെ വാദിച്ചതും പൃഥ്വിതന്നെയായിരുന്നുവെന്നാണ് ‘അമ്മ’യിലെ ഒരംഗം തന്നെ പിന്നീട് പറഞ്ഞത്. ആ ഉറച്ചശബ്ദത്തിനുമുന്നില്‍ ആസിഫിന്റേയും രമ്യയുടേയും വാക്കുകള്‍പോലും തീരെ ദുര്‍ബലമായിപ്പോയത്രെ. ഒരു അവയലബ്ള്‍ എക്‌സിക്യുട്ടീവ് കമ്മിറ്റിക്ക് അമ്മയിലെ ഒരു അംഗത്തെ പുറത്താക്കാന്‍ കഴിയില്ലെന്നും തല്‍ക്കാലം സസ്‌പെന്റ് ചെയ്ത്, പിന്നീട് അംഗത്തിന്റെ കൂടി മറുപടി കിട്ടിയശേഷം അടുത്ത കമ്മിറ്റിക്ക് മാത്രമേ പുറത്താക്കാനാകൂ എന്നൊരു ഭരണഘടനാസാദ്ധ്യത(ഒരു എക്‌സിക്യുട്ടീവ് കമ്മിറ്റി എടുക്കുന്ന തീരുമാനം, അടുത്ത എക്‌സിക്യുട്ടീവ് കമ്മറ്റിയെകൊണ്ട് അംഗീകരിക്കാം എന്നൊരു നിയമവശവും ‘അമ്മ’യുടെ ബൈലോയില്‍ ഉണ്ട്) മീറ്റിംഗില്‍ വായിക്കപ്പെട്ടെങ്കിലും അതിനെയും, പൃഥ്വിരാജ് എതിര്‍ത്തു. അറസ്റ്റ് രേഖപ്പെടുത്തിയിട്ടേ ഉള്ളൂ, കുറ്റപത്രം സമര്‍പ്പിക്കുന്ന മുറയ്ക്ക് തീരുമാനം എടുക്കാമെന്ന ബഹുഭൂരിപക്ഷം അംഗങ്ങളുടെ നിലപാടിനേയും യുവതലമുറ എതിര്‍ത്തു.
അപ്പോഴേക്കും ഫിയോക്കില്‍ നിന്നും(ദിലീപ് മുന്‍കെ എടുത്ത് രൂപീകരിച്ച, നിര്‍മ്മാതാക്കളുടെയും എക്‌സിബിറ്റേഴ്‌സിന്റേയും സംഘടന) ദിലീപിനെ പുറത്താക്കി കൊണ്ടുള്ള വാര്‍ത്തകള്‍ വന്നുകഴിഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ മറിച്ചൊരു നിലപാട് എടുക്കുന്നത് ഉചിതമല്ലാ എന്നൊരു പൊതുതീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ദിലീപിനെ ‘അമ്മ’യില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ഇനി ഒരുപക്ഷേ, അങ്ങനെയൊരു തീരുമാനം അന്ന് കൈക്കൊണ്ടില്ലായിരുന്നുവെങ്കില്‍ ‘അമ്മ’ രണ്ടായി പിളരുമെന്ന കാര്യത്തില്‍ ഒരു തര്‍ക്കവും വേണ്ടാ. പൃഥ്വിയെ അറിയാവുന്നവര്‍ക്കെല്ലാം അക്കാര്യത്തില്‍ നല്ല ധാരണയും ഉണ്ടായിരുന്നു.
സത്യത്തില്‍ അധികമാര്‍ക്കും അറിയാത്തൊരു കാര്യം കൂടിയുണ്ട്. അന്ന് ദിലീപിനെ പുറത്താക്കി കൊണ്ടുള്ള ‘അമ്മ’യുടെ നടപടി മമ്മൂട്ടി പത്രക്കാര്‍ക്ക് മുന്നില്‍ വിശദീകരിച്ചുവെങ്കിലും, അന്നത്തെ കമ്മിറ്റി എടുക്കുന്ന തീരുമാനം ദിലീപിനെ കത്ത് മുഖേന ഈ നിമിഷം വരേയും അറിയിച്ചിട്ടില്ല. ഇത് ഞങ്ങളോട് പറഞ്ഞതും ‘അമ്മ’യിലെ ഒരംഗംതന്നെയാണ്.
ഫിയോക്കയിലും ഇതിന് സമാനമായ ഒരു നടപടിയാണ് ഉണ്ടായത്. മാധ്യമപ്രവര്‍ത്തകരോട്, ദിലീപിനെ പുറത്താക്കിയ വിവരം ഔദ്യോഗികമായി അറിയിച്ചെങ്കിലും അങ്ങനെയൊരു തീരുമാനം സംഘടനയ്ക്കുള്ളില്‍ ഉണ്ടായിട്ടില്ലെന്നാണ് അതിലെ ഉയര്‍ന്ന പദവി വഹിക്കുന്ന ഒരാള്‍ പിന്നീട് വെളിപ്പെടുത്തിയത്. ഈ ഇരട്ടത്താപ്പില്‍ നിന്നുകൊണ്ടാണ് ദിലീപിന് ജാമ്യം അനുവദിച്ചപ്പോള്‍, അദ്ദേഹത്തെ തിരിച്ചെടുത്തുകൊണ്ടുള്ള പ്രഖ്യാപനം സംഘടന തന്നെ നടപ്പിലാക്കിയതും. അത് നിരസിച്ചുകൊണ്ട് ദിലീപ് പകരം വീട്ടിയെന്നത് മറ്റൊരു കാര്യം.
മമ്മൂട്ടിക്ക് എതിരായ കടന്നാക്രമങ്ങളെ പ്രതിരോധിക്കാന്‍ അധികസ്വരങ്ങളൊന്നും ‘അമ്മ’യിലെ പ്രധാന അംഗങ്ങളില്‍ നിന്നുപോലും ഉയര്‍ന്നില്ലെന്നത് ശ്രദ്ധേയമാണ്. ‘അമ്മ’യ്ക്കുള്ളില്‍ അസ്വസ്ഥത പുകഞ്ഞുകൂടുന്നതിന്റെ തെളിഞ്ഞ ഉദാഹരണമാണിത്. അല്ലെങ്കിലും ‘അമ്മ’യ്ക്ക് ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന വലിയ ദുരന്തം, അതിലെ അംഗങ്ങള്‍ രാഷ്ട്രീയക്കാരായി തീര്‍ന്നുവെന്നതാണ്. മുമ്പ് ‘അമ്മ’യിലെ അംഗങ്ങള്‍ക്ക് രാഷ്ട്രീയം(രാഷ്ട്രീയം വിശ്വാസം വേറെ) ഉണ്ടായിരുന്നില്ല. ഇന്നതല്ല സ്ഥിതി. അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് തന്നെ ഇടതുപക്ഷത്തിന്റെ പ്രബലനായ ഒരു എം.പികൂടിയാണ്. മുകേഷും ഗണേഷ്‌കുമാറും അതേ രാഷ്ട്രീയപക്ഷത്തിലെ എം.എല്‍.എമാരാണ്. മമ്മൂട്ടിയാകട്ടെ ഇടതുപക്ഷത്തിന്റെ ജിഹ്വ എന്ന വിശേഷിപ്പിക്കാവുന്ന കൈരളി ചാനലിന്റെ ചെയര്‍മാനും. ‘അമ്മ’യിലേക്ക് ഇപ്പോള്‍ എത്തിനോക്കാറില്ലെങ്കിലും പഴയ പടക്കുതിര സുരേഷ് ഗോപി എം.പി, ബി.ജെ.പി പക്ഷത്താണ്. അങ്ങനെ പലരും…
ഇവര്‍ക്കാര്‍ക്കും സ്വതന്ത്രമായൊരു അഭിപ്രായം പറയാനാകുന്നില്ല. എന്തെങ്കിലും പറഞ്ഞുപോയാല്‍ അത് സ്വന്തം പ്രസ്ഥാനത്തിനുനേരെയുള്ള വിരല്‍ചൂണ്ടലാകും. അതുകൊണ്ട് ആരും ഒന്നും മിണ്ടുന്നില്ല. അഥവാ അവരുടെ വായ്മൂടി കെട്ടപ്പെട്ടിരിക്കുന്നു. അത് ‘അമ്മ’ ഇന്ന് അനുഭവിക്കുന്ന വലിയ ദുര്യോഗമാണ്. ഈ അവസ്ഥ തുടര്‍ന്നാല്‍ സമീപഭാവിയില്‍ തന്നെ ‘അമ്മ’പിളര്‍ന്നേക്കും? ആ ദുരന്തം ‘അമ്മ’യ്ക്ക് ഉണ്ടാകരുത്. കാരണം ആ പ്രസ്ഥാനം ചെയ്തുകൊണ്ടിരിക്കുന്ന ഒരുപാട് നല്ല കാര്യങ്ങളുണ്ട്. ആ നന്മയ്ക്ക് ഒപ്പമാണ് ഞങ്ങള്‍ എന്നും.
Post Your Comments