CinemaGeneralHollywoodLatest NewsNEWSWOODsWorld Cinemas

ലൈംഗികാരോപണം; നിര്‍മാതാവിനെ ഓസ്‌കര്‍ പുരസ്‌കാര സമിതിയില്‍നിന്നു പുറത്താക്കി

 

ലൈംഗികാരോപണം നേരിടുന്ന ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്‌റ്റെയ്‌നെ ഓസ്‌കര്‍ പുരസ്‌കാര സമിതിയില്‍നിന്നു പുറത്താക്കി. ബോര്‍ഡ് യോഗത്തില്‍ വെയ്ന്‍സ്‌റ്റെയ്‌നെ പുറത്താക്കാനുള്ള തീരുമാനത്തിനു മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലഭിച്ചെന്ന് അക്കാഡമി പത്രക്കുറിപ്പില്‍ അറിയിച്ചു.

ഇറ്റാലിയന്‍ മോഡല്‍ ആംബ്ര ഗുറ്റിയെറസ് 2015ല്‍ നല്‍കിയ പരാതിയില്‍ നിര്‍മാതാവിനെതിരെ അന്വേഷണം നടന്നെങ്കിലും തെളിവില്ലെന്നു ചൂണ്ടിക്കാട്ടി അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹത്തിനെതിരെ നിരവധി താരങ്ങള്‍ ആരോപണവുമായി രംഗത്തെത്തി. ലൈംഗിക പീഡനത്തിനിരയായതായി വെളിപ്പെടുത്തിയ നടി റോസ് മഗവന്‍, വെയ്ന്‍സ്‌റ്റെയ്‌നെ ട്വിറ്ററില്‍ വിമര്‍ശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ വെയ്ന്‍സ്‌റ്റെയ്‌നെ പുറത്താക്കാന്‍ തീരുമാനമെടുത്തത്.

സംവിധായകന്‍ സ്റ്റീവന്‍ സ്‍പില്‍ബര്‍ഗ്, നടന്‍ ടോം ഹാങ്ക്‌സ്, വൂപി ഗോള്‍ഡ്ബര്‍ഗ് തുടങ്ങിയവരടങ്ങുന്ന ഭരണസമിതി ശനിയാഴ്ച യോഗം ചേര്‍ന്നാണ് വെയ്ന്‍സ്‌റ്റെയ്‌നെ പുറത്താക്കാന്‍ തീരുമാനമെടുത്തത്. ബാഫ്ത്തയും കഴിഞ്ഞ ദിവസം വെയ്ന്‍സ്‌റ്റെയ്‌നെ പുറത്താക്കിയിരുന്നു. ഷേക്‍സ്‍പിയര്‍ ഇന്‍ ലവിന് മികച്ച നിര്‍മാതാവിനുള്ള ഒാസ്‍കാര്‍ വെയ്ന്‍സ്‌റ്റെയ്‌ന്‍ നേടിയിരുന്നു.

വെയ്ന്‍സ്‌റ്റെയ്‌ന്റെ നിര്‍മാണ കമ്പനിയായ മിറാമാക്‌സിലൂടെ ഇറങ്ങിയ ചിത്രങ്ങള്‍ക്കെല്ലാം കൂടി മുന്നൂറിലേറെ ഓസ്‌കര്‍ നാമനിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. 81 ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ ലഭിക്കുകയും ചെയ്തു. ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് സഹോദരന്‍ ബോബ് സ്ഥാപിച്ച സ്റ്റുഡിയോ കമ്പനിയുടെ സഹ അധ്യക്ഷ സ്ഥാനത്തുനിന്ന് ഹാര്‍വി വെയ്ന്‍സ്‌റ്റെയ്‌നെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. ഭാര്യ ജോര്‍ജിയന ചാപ്മാന്‍ വിവാഹമോചനത്തിനൊരുങ്ങുകയാണെന്നു റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments


Back to top button