
മേവാറിലെ രാജ്ഞി റാണി പത്മിനി എന്ന പത്മാവതിയുടെയും മുസ്ലീം ഭരണാധികാരി അലാവുദ്ദീൻ ഖിൽജിയുടെയും മനോഹരമായ പ്രണയ കഥ പറയുന്ന ചിത്രമാണ് സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന പത്മാവതി. എന്നാല്‍ ചിത്രത്തിൽ ചരിത്രത്തെ വളച്ചൊടിച്ചു എന്നാരോപിച്ച് രജപുത്ര സംഘടനകൾ ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിസന്ധികൾക്കിടയില്‍ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. പത്മാവതിയുടെ റിലീസിന് യാതൊരു പ്രതിബന്ധവും ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകി കേന്ദ്ര വാർത്താവിതരണ മന്ത്രി സ്മൃതി ഇറാനി. ചിത്രത്തിന് രാഷ്ട്രീയ സമ്മർദ്ദമുണ്ടെന്ന് കഴിഞ്ഞ ദിവസം കരൺ ജോഹർ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തിന് പിന്തുണയുമായി കേന്ദ്രമന്ത്രി രംഗത്തെത്തിയത്.
രാജ്യത്തെ നിയമ സംവിധാനങ്ങൾ പത്മാവതിയുടെ റിലീസിന് യാതൊരു വിധത്തിലുമുള്ള തടസങ്ങൾ സൃഷ്ടിക്കില്ലെന്നും എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായാൽ സർക്കാർ അതിനെ നേരിടുമെന്നും സ്മൃതി ഇറാനി പറഞ്ഞു.
ജയ്പൂർ റാണിയായിരുന്ന പത്മാവതിയുടെ കഥ പറയുന്ന ചിത്രത്തിൽ റാണിയെ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ച് കർണി സേന പ്രവർത്തകർ നേരത്തെ ജയ്ഗഡ് കോട്ടയിലെ ചിത്രീകരണം തടസപ്പെടുത്തിയിരുന്നു. റാണിയെ മോശമായി ചിത്രീകരിച്ചിട്ടുള്ള രംഗങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ ചിത്രം തിയേറ്ററിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് കർണി സേന മുന്നറിയിപ്പ് നൽകി. ഈ പശ്ചാത്തലത്തിലാണ് ചിത്രത്തിന് റിലീസിന് എല്ലാവിധ പിന്തുണയും നൽകുമെന്ന് സ്മൃതി ഇറാനി അറിയിച്ചത്.
പത്മാവതിയായി ദീപിയ പദുക്കോണും ഖിൽജിയായി രൺവീർ സിംഗുമാണ് അഭിനയിക്കുന്നത്. സഞ്ജയ് ദത്ത്, അതിദി റാവു ഹെെദരി, ഡാനി, സോനു സൂദ്, ജിം സർഭ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.
Post Your Comments