ചലച്ചിത്ര ലോകത്ത് അഭിനയിത്തിൽ മാത്രമല്ല , മറ്റു മേഖലകളിലും കഴിവ് തെളിയിക്കാൻ ധാരാളം അവസരങ്ങളുണ്ട്.അനീഷ് അൻവർ സംവിധാനം ചെയ്ത ‘ബഷീറിന്റെ പ്രേമലേഖനം’ എന്ന ചിത്രം കുറേയധികം പുതുമുഖങ്ങൾക്ക് അവരുടെ കഴിവ് തെളിയിക്കാനുള്ള വേദിയായിരുന്നു.നവീന ആശയങ്ങളും മേയ്ക്കിംഗ് സ്റ്റൈലുകളുമായാണ് ഇവർ എത്തിയത്. ഇവരിൽ ഏറ്റവും ശ്രദ്ധേയനായത് ഛായാഗ്രാഹകനായ സഞ്ജയ് ഹാരിസ് ആണ്. ഇരുപതു വയസുമാത്രം പ്രായമുള്ള സഞ്ജയ് ഈ ചിത്രത്തിലൂടെ മലയാളസിനിമയിൽ അവതരിക്കപ്പെട്ട ഏറ്റവും പ്രായംകുറഞ്ഞ കാമറാമാൻമാരിൽ ഒരാളായി മാറുകയും ചെയ്തു.
കുട്ടിക്കാലം മുതൽ സഞ്ജയ്ക്ക് സിനിമ സ്വപനമായിരുന്നു. ഏതെങ്കിലും മേഖലയിലിലൂടെ സിനിമ രംഗത്തെത്താനായിരുന്നു സഞ്ജുവിന്റെ ആഗ്രഹം. സ്റ്റിൽ ഫോട്ടോഗ്രഫിയിൽ സഞ്ജയിനുള്ള വൈദഗ്ധ്യം തിരിച്ചറിഞ്ഞ അധ്യാപകരാണ് സിനിമാട്ടോഗ്രഫിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഉപദേശിച്ചത്. മുംബൈയിലെ ബാലാജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് എക്സലൻസ് എന്ന സ്ഥാപനത്തിൽചേർന്ന് ഛായാഗ്രഹണം പഠിച്ചു.
ഒരു മികച്ച ക്യാമറാമാനോടൊപ്പം ചേർന്ന് ഛായാഗ്രഹണം പഠിക്കാൻ തീരുമാനിച്ച ഇദ്ദേഹത്തിന് അധികനാൾ കാത്തിരിക്കേണ്ടിവന്നില്ല. മലയാള സിനിമയിലെ യുവ ഛായാഗ്രാഹകരിൽ ശ്രദ്ധേയനായ അഭിനന്ദൻ രാമാനുജത്തിന്റെ കീഴിൽ രണ്ടര വർഷത്തോളം അസിസ്റ്റന്റായി പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചതോടെയാണ് സഞ്ജയിന്റെ സ്വപ്നങ്ങൾ യാഥാർഥ്യമാകാനുള്ള വഴി തെളിഞ്ഞത്.
മോസയിലെ കുതിരമീനുകൾ ആയിരുന്നു അസിസ്റ്റന്റായി ആദ്യം പ്രവർത്തിച്ച ചിത്രം. ലക്ഷദ്വീപിലും ആൻഡമാനിലുമായി ഏറിയ പങ്കും ചിത്രീകരിച്ച ഈ ചിത്രം ദൃശ്യമനോഹരമാക്കാൻ ഛായാഗ്രാഹകന്‍ അനുകൂലമായ ഘടകങ്ങളായിരുന്നു ഏറെയും. അഭിനന്ദനൊപ്പം ചേർന്ന് ഛായാഗ്രഹണത്തിന്റെ ബാലപാഠങ്ങൾ സ്വായത്തമാക്കാൻ ഇദ്ദേഹത്തിനു സാധിച്ചു. തുടർന്ന് ഡബിൾ ബാരൽ എന്ന ചിത്രത്തിലും അഭിനന്ദിനൊപ്പം പ്രവർത്തിച്ചു.
റാണി പത്മിനി ,ഇടി തുടങ്ങിയ ചിത്രങ്ങളിലും സഞ്ജയ്ക്ക് അസിസ്റ്റന്റായി പ്രവർത്തിക്കാൻ കഴിഞ്ഞു.ആ സമയത്താണ് ബഷീറിന്റെ പ്രേമലേഖനത്തിൽ അവസരം ലഭിക്കുന്നത്.റെഡ് വെപ്പണ്‍ കാമറയാണ് ബഷീറിന്റെ പ്രേമലേഖനത്തിന്റെ ചിത്രീകരണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യൻ സിനിമയിൽ ആദ്യമായാണ് ഈ കാമറ ഉപയോഗിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
എണ്‍പതുകളുടെ പശ്ചാത്തലത്തിൽ അവതരിപ്പിച്ച ഈ ചിത്രം അക്കാലത്തെ ആചാര രീതികളോടു പൊരുത്തപ്പെട്ടും അന്നത്തെ രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലത്തിലൂടെയുമാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ ചിത്രത്തിൽ സഞ്ജയ് ക്യാമറ കൈകാര്യം ചെയ്തത് അതീവ ശ്രദ്ധയോടെയായിരുന്നു.അങ്ങനെ മലയാള സിനിമാലോകത്തിന് പ്രതിഭാശാലിയായ ഒരു ഛായാഗ്രാഹകനെക്കൂടി ലഭ്യമായിരിക്കുകയാണ്.
Post Your Comments