പറവയെന്ന സൗബിൻ ഷാഹിർ ചിത്രത്തെ നെഞ്ചിലേറ്റിയ മലയാളികൾക്ക് ഇച്ചാപ്പിയെയും ഹസീബിനെയും പരിചയപ്പെടുത്തേണ്ട ആവശ്യമില്ല .കണ്ണിൽ നിന്നും മനസ്സിൽ നിന്നും പറന്നകലാതെ നിൽക്കും ഈ കൊച്ചു പറവകൾ.
ചിത്രത്തിൽ കാണുന്ന ജീവിതത്തിൽ നിന്നും വ്യത്യസ്തമല്ല ഇവരുടെ യഥാർത്ഥ ജീവിതവും. പ്രാവു പറത്തലും മീൻ വളർത്തലും സൈക്കിളും കളിയും ഇത്താത്തമാരും കൂട്ടുകാരും എല്ലാം അതുപോലെ തന്നെയുണ്ട്.അതുകൊണ്ടാവാം ഇവരുടെ അഭിനയത്തിൽ അപാരമായ നിഷ്കളങ്കത കാണാൻ പ്രേക്ഷകർക്ക് കഴിയുന്നതും.എന്നാൽ സിനിമയുമായി ഒരു ബന്ധവുമില്ലാത്ത ഈ കുട്ടിപ്പറവകളെ കണ്ടെത്തിയ വഴി സൗബിൻ പറയുമ്പോൾ നമുക്ക് ഇവരോടുള്ള സ്നേഹം ഇരട്ടിക്കും.
ഒരു കല്യാണം കഴിഞ്ഞ് വരുന്ന വഴിയ്ക്ക് സിനിമയിൽ കാണുന്ന പോലെ സൈക്കിളിന്റെ മുൻ ചക്രം പൊന്തിച്ച് അഭ്യാസം കാണിക്കുന്നതിനിടയിലാണ് ഇച്ചാപ്പിയായി വേഷമിട്ട അമൽ ഷായെ കയ്യിൽ കിട്ടുന്നതെന്നു സൗബിൻ പറയുമ്പോൾ ആരുമൊന്ന് അമ്പരക്കും.വഴിയിൽ നിന്നപ്പോൾ സിനിമ വന്നു വിളിച്ച അനുഭവം അധികമാർക്കും ഉണ്ടാവില്ല. ഡാ നിക്കടാ…എന്നും വിളിച്ചോണ്ട് പുറകെ ഓടിച്ചെന്നു വിരട്ടുന്ന പോലെ സംസാരിച്ച് അമലിന്റെ വീട്ടിലെ നമ്പർ വാങ്ങി വിളിച്ചാണ് ഇച്ചാപ്പിയെ ചിത്രത്തിലേക്ക് സൗബിൻ കൊണ്ട് വന്നത്.
വ്യത്യസ്തതമല്ലാത്ത ഒരു സൈക്കിൾ കഥയിലൂടെയാണ് ജസീബെന്ന ഗോവിന്ദും ചിത്രത്തിലെത്തിയത്. ഗോവിന്ദിന്റെ അമ്മയുടെ കുഞ്ഞ് ചായക്കടയിൽ സ്ഥിരമായി എത്തിയിരുന്ന സൗബിൻ ഒരിക്കൽ സൈക്കിളിയിൽ നിന്നും വീഴുന്ന ഗോവിന്ദിനെ കണ്ടു തിരഞ്ഞെടുക്കുകയായിരുന്നു.ആ വീഴ്ച ഒരു നിമിഷത്തെ വേദനയോടൊപ്പം സിനിമയിലേക്കൊരു വഴിയും തുറന്നു കൊടുത്തു എന്ന് മനസ്സിലാക്കുമ്പോൾ ഇത്ര നിസ്സാരമാണോ ഭാഗ്യം വരുന്ന വഴിയെന്ന് നമ്മൾ ഓർത്തുപോയാൽ ആരും കുറ്റം പറയില്ല.സൗബിന് തെറ്റിയില്ല..ഈ പറവകൾ ഇനിയും ഒരുപാട് ദൂരം പറക്കേണ്ടവരാണെന്ന് സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും മനസ്സിൽ പറയും.
Post Your Comments