ആന്ധ്രാപ്രദേശിന്‍റെ സ്വപ്‌ന തലസ്ഥാനനഗരിയായ അമരാവതിയുടെ രൂപകല്‌പനയ്ക്ക് പിന്നില്‍ ബാഹുബലി സംവിധായകന്‍ രാജമൗലിയാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ആ വാര്‍ത്തകളെ നിഷേധിച്ച് രാജമൗലി രംഗത്തെത്തി. കഴിഞ്ഞ ദിവസം ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി രാജമൗലി കൂടിക്കാഴ്ച്ച നടത്തിയതിനു പിന്നാലെയാണ് വാര്‍ത്തകള്‍ വന്നത്.
നിയമസഭയുടെയും ഹൈക്കോടതിയുടെയും ഡിസൈനുകളില്‍ അഭിപ്രായം ആരായാനാണ് മുഖ്യമന്ത്രി തന്നെ ക്ഷണിച്ചത്. അമരാവതിയുടെ ഉപദേഷ്ടാവായി തന്നെ നിയമിച്ചെന്ന വാര്‍ത്ത തെറ്റാണെന്നും രാജമൗലി ട്വിറ്ററില്‍ കുറിച്ചു. ലണ്ടന്‍ ആസ്ഥാനമായ ലോകപ്രശസ്ത ഡിസൈനിംഗ് കമ്പനിയായ ഫോസ്റ്റര്‍& പാര്‍ട്ട്ണേഴ്‌സാണ് അമരാവതി രൂപകല്‍പന ചെയ്യുന്നത്.
ഫോസ്റ്റര്‍& പാര്‍ട്ട്ണേഴ്‌സിന്‍റെ ഡിസൈനുകള്‍ മികച്ചതാണെന്ന് രാജമൗലി അഭിപ്രായപ്പെട്ടു. എന്നാല്‍ അവ കൂടുതല്‍ മെച്ചപ്പെടുത്താനാണ് തന്‍റെ സഹായം തേടിയതെന്ന് സംവിധായകന്‍ പറഞ്ഞു. രാജമൗലി സംവിധാനം ചെയ്ത ബാഹുബലി ചിത്രങ്ങളിലെ സെറ്റുകള്‍ വലിയ പ്രശംസ നേടിയിരുന്നു. ഫോസ്റ്റര്‍& പാര്‍ട്ട്ണേഴ്‌സിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ രാജമൗലി ഉടന്‍ ലണ്ടന്‍ സന്ദര്‍ശിച്ചേക്കും.
Post Your Comments