മലയാള സിനിമയിലെ കാരണവര്‍ ഇന്നും സിനിമയില്‍ സജീവമായി നിലകൊള്ളുന്നു എന്നത് നമുക്ക് അത്ഭുതമുണ്ടാക്കുന്ന കാര്യമാണ്.സത്യന്റെ കാലം മുതല്‍ സിനിമയില്‍ അരങ്ങു തകര്‍ത്ത മധു ഇന്നത്തെ എല്ലാ യുവതാരങ്ങള്‍ക്കൊപ്പവും അഭിനയിച്ചു കഴിഞ്ഞു. ഒട്ടേറെ കഥാപാത്രങ്ങള്‍ അവിസ്മരണീയമാക്കിയും ഒരുപാട് സിനിമകള്‍ സംവിധാനം ചെയ്തും നിര്‍മ്മിച്ചും മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ പരീക്കുട്ടി മാതൃഭൂമി ഓണ്‍ലൈന്‍ അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയുണ്ടായി.
അഭിനേതാവെന്ന നിലയില്‍ അഭിനയം മടുത്തിട്ടുണ്ടോ? എന്ന ചോദ്യത്തിന് മധു മറുപടി നല്‍കിയത് ഇങ്ങനെ;
“സത്യത്തില്‍ സിനിമയിലഭിനയിക്കാനുള്ള കൊതി എന്നെ വിട്ടുപോയിരിക്കുന്നു. ഞാന്‍ പരിപൂര്‍ണ സംതൃപ്തനാണ്. പലതവണ ഇതു നിര്‍ത്തിയാലോ എന്നു ഞാന്‍ ചിന്തിച്ചതാണ്. പക്ഷെ, ഏകാന്തത ഞാനിഷ്ടപ്പെടുന്നില്ല. ക്ലബ്ബില്‍ പോയി ചീട്ടുകളിച്ച് സമയം കളയാന്‍ എനിക്കിഷ്ടമില്ല. ബാറില്‍ പോയി കള്ളുകുടിച്ച് സമയംപോക്കാനും താല്പര്യമില്ല. പിന്നെ മാസത്തില്‍ രണ്ടു ദിവസമെങ്കിലും സിനിമയില്‍ വര്‍ക്കു ചെയ്യുന്നതിന് ഒരു സുഖമുണ്ട്. അത് ഒരു കൂട്ടായ്മയുടെ ലോകമാണ്. അല്ലാതെ ഈ പടത്തില്‍ പോയി അഭിനയിച്ചു തകര്‍ത്തുകളയാമെന്ന വിശ്വാസമൊന്നും എനിക്കില്ല. മാസത്തില്‍ ഒരു തവണയെങ്കിലും ബന്ധുക്കളെയൊക്കെ കാണുന്ന ഒരു സുഖമാണ് ലൊക്കേഷനിലെത്തുമ്പോള്‍. ഇപ്പോള്‍ അഭിനയിക്കാന്‍ പോകുന്നതുപോലും അതിനുവേണ്ടിയാണ്. രാവിലെ പോയി രാത്രി പത്തുമണിവരെ കുത്തിയിരുന്ന് ഒരു ഷോട്ടില്‍ അഭിനയിച്ചുപോരേണ്ട ഗതികേട് ഇതുവരെ ഉണ്ടായിട്ടില്ല. ചെറിയ വേഷങ്ങളാണെങ്കിലും എന്തെങ്കിലും ചെയ്യാനുണ്ടെങ്കിലേ ഞാനഭിനയിക്കാറുള്ളൂ. അല്ലെങ്കില്‍ കിട്ടിയ വേഷങ്ങളെല്ലാം വാരിവലിച്ചു ചെയ്തു കാശുണ്ടാക്കാനുള്ള ആഗ്രഹം ഉണ്ടാകണം. അല്ലെങ്കില്‍ ദാരിദ്ര്യം ഉണ്ടാകണം. ഇതു രണ്ടും എനിക്കില്ല. ഒരു സീനിലാണെങ്കിലും പ്രാധന്യമുള്ള വേഷങ്ങളാണെങ്കിലേ എന്നെ വിളിക്കാന്‍ വരാറുള്ളൂ.”
Post Your Comments